ശബരിമല വഴിപാട് കൌണ്ടറുകള്‍ കംപ്യൂട്ടര്‍വത്കരിച്ചു

November 26, 2012 മറ്റുവാര്‍ത്തകള്‍

ശബരിമല: സന്നിധാനത്തെ വഴിപാടു കൌണ്ടറുകള്‍ കംപ്യൂട്ടര്‍വത്കരിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ വഴിപാട് കൌണ്ടറുകള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായാണിത്.

നാല് കൌണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്.  ഒന്നാം നമ്പര്‍ കൌണ്ടറില്‍ പടിപൂജ, ഉദയാസ്തമന പൂജ തുടങ്ങിയ പ്രധാന പൂജകളുടെയും രണ്ടു മുതല്‍ നാലു വരെയുള്ള കൌണ്ടറുകളില്‍ അര്‍ച്ചന, അഭിഷേകം, ആടിയ ശിഷ്ടം നെയ്യ് തുടങ്ങിയവയുടെ രസീതുകളും ലഭിക്കും. ക്രമേണ ഓണ്‍ലൈന്‍ പൂജാ ബുക്കിംഗ് സംവിധാനവും ബോര്‍ഡ് ഏര്‍പ്പെടുത്തും. ശബരിമലയിലെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന വഴിപാടിന്റെ വിവരങ്ങള്‍ തിരുവനന്തപുരത്തെ ബോര്‍ഡ് ആസ്ഥാനത്തെ ഇഡിപി വിഭാഗത്തിന്റെ സര്‍വറില്‍ ശേഖരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.  2075 വരെയുള്ള മലയാളം പഞ്ചാംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ക്ഷേത്രസുവിധം’ എന്ന സോഫ്റ്റ്വെയറാണ് കംപ്യൂട്ടര്‍വത്കരണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

ബോര്‍ഡംഗം സുഭാഷ് വാസു, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ദേവസ്വം വിജിലന്‍സ് എസ്പി സി.പി.ഗോപകുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ശങ്കരനാരായണന്‍ പിള്ള, സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍