3,000 വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തി

November 27, 2012 കേരളം

നെടുമ്പാശേരി: ചാര്‍ട്ടര്‍ ഫ്ളൈറ്റുകളിലും ആഡംബര കപ്പലുകളിലുമായി ടേണ്‍ എറൌണ്ട് സമ്പ്രദായത്തില്‍ 3,000 വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തി. രണ്ട് ആഡംബര കപ്പലുകളും നാലു ഫ്ളൈറ്റുകളുമാണു വന്നുപോയത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, ഡസല്‍ഡോര്‍ഫ് എന്നിവിടങ്ങളില്‍ നിന്നാണു വിനോദ സഞ്ചാരികളുമായി വിമാനങ്ങളെത്തിയത്. എയര്‍ ബര്‍ലിന്‍, കൊണ്േടാര്‍ എയര്‍ലൈന്‍സ്, ട്വിഫ്ളൈ എന്നിവയുടെ ഡിഇ 7494, ഡിഇ 7258, എക്സ്3 6876, എബി 7466 എന്നീ ഫ്ളൈറ്റുകളിലായി 1,400ല്‍പരം വിനോദസഞ്ചാരികള്‍ വന്നു. ഐഡാ ദിവയുടെ രണ്ട് ആഡംബര കപ്പലുകളിലായി 1,500ല്‍പരം വിനോദസഞ്ചാരികളെത്തി. വിമാനത്തില്‍ വന്നവര്‍ കപ്പലിലും കപ്പലില്‍ വന്നവര്‍ വിമാനത്തിലുമാണു തിരിച്ചുപോയത്.

വിനോദസഞ്ചാരികള്‍ക്കു ബുദ്ധിമുട്ട് കൂടാതെ വിമാനത്താവളത്തില്‍ വന്നുപോകുന്നതിനു പ്രത്യേക ക്രമീകരണം ചെയ്തിരുന്നു. പരിശോധനാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ നടപടികള്‍ മുന്‍കൂട്ടി ക്രമീകരിച്ചു. കൊച്ചി വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ 9.58നാണ് ആദ്യത്തെ ഫ്ളൈറ്റ് ഇറങ്ങിയത്. ഉച്ചകഴിഞ്ഞ് ഒന്നോടെ മറ്റു വിമാനങ്ങളും ഇവിടെ ഇറങ്ങി. പരിശോധന പൂര്‍ത്തിയാക്കി ഇവരെയെല്ലാം നിശ്ചിത സമയത്തു തന്നെ പ്രത്യേക വാഹനങ്ങളില്‍ കൊച്ചി തുറമുഖത്തേക്കു കൊണ്ടുപോയി.

കൊച്ചി തുറമുഖത്ത് ഞായറാഴ്ച കപ്പലുകളില്‍ വന്നിറങ്ങിയ വരെ തിങ്കളാഴ്ച രാവിലെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. വിനോദസഞ്ചാരികളെ കൊണ്ടിറക്കിയ വിമാനങ്ങളില്‍ തന്നെ ഇവരെ കയറ്റിവിട്ടു. 622 പേര്‍ പ്രത്യേക ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളിലാണു കയറിപ്പോയത്. ആഡംബര കപ്പല്‍ മംഗലാപുരം തുറമുഖം വഴിയായിരിക്കും പോകുന്നത്. ഈ സീസണില്‍ വിദേശത്തുനിന്നു കേരളത്തിലേക്കു വരുന്ന വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ സംഘമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം