3,000 പാക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യ വീസ നല്‍കും

November 29, 2012 കായികം

ന്യൂഡല്‍ഹി: ഡിസംബറില്‍ തുടങ്ങുന്ന പര്യടനത്തോടനുബന്ധിച്ച് 3,000 പാക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വീസ നല്‍കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 3,000 പാക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യ ഒരുമിച്ച് വീസ നല്‍കുന്നത് ഇത് ആദ്യമായാണ്. ഡല്‍ഹിയിലെ മത്സരത്തിന് 1,000 പാക്ക് ആരാധകര്‍ക്ക് പ്രവേശനം നല്‍കും. എന്നാല്‍ മറ്റ് വേദികളിലെ മത്സരത്തിന് 500 പാക്ക് പൌരന്മാരെ വീതമേ പ്രവേശിപ്പിക്കൂ. വീസ നടപടികള്‍ വേഗത്തിലാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വഴി നേരിട്ട് പാക്ക് പൌരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. വിമാന മാര്‍ഗമോ ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തീവണ്ടി മാര്‍ഗമോ മാത്രമേ പാക്ക് പൌരന്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രവേശനമുള്ളൂ. അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി-20 മത്സരങ്ങളുമാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുന്നത്. ഡിസംബര്‍ 25-ന് ബാംഗളൂരിലാണ് പരമ്പരയിലെ ആദ്യ മത്സരം. 2007-ലാണ് പാക്കിസ്ഥാന്‍ ഒടുവില്‍ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് 2008-ലുണ്ടായ മുംബൈ ഭീകരാക്രമണത്തെ മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം നിലച്ചിരുന്നു. എന്നാല്‍ ഏഷ്യന്‍ ഭൂഖണ്ഡം ആതിഥേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. മൊഹാലിയാണ് മത്സരത്തിന് വേദിയായത്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ മത്സരം കാണാന്‍ എത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം