വിലവര്‍ധന: സിപിഎം സംസ്ഥാനവ്യാപകമായി അടുപ്പുകൂട്ടി പ്രതിഷേധിച്ചു

December 1, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പാചകവാതക വിലവര്‍ധനയിലും സിലിണ്ടറുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് അടുക്കളയിലെ അടുപ്പുകള്‍ അണയാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം മഞ്ചേശ്വരം മുതല്‍ പാറശാല വരെ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. വൈകിട്ട് നാല് മുതല്‍ അഞ്ചു വരെ ഒരു മണിക്കൂറായിരുന്നു സമരം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ കുടുംബസമേതം തിരുവനന്തപുരത്തെ സമരത്തില്‍ പങ്കെടുത്തു. ചായയും കപ്പയും കഞ്ഞിയും ഓംലെറ്റും മുതല്‍ ബിരിയാണി വരെ അടുപ്പുകളില്‍ വിഭവങ്ങളായി. എറണാകുളത്ത് അങ്കമാലി മുതല്‍ അരൂര്‍ പാലം വരെയായിരുന്നു അടുപ്പുകള്‍ കൂട്ടിയത്. ജനത്തിരക്കേറിയ വൈറ്റിലയില്‍ ഉള്‍പ്പെടെ അടുപ്പുകള്‍ കൂട്ടിയിരുന്നു. വാഹനഗതാഗതം തടസപ്പെടാത്ത വിധത്തില്‍ റോഡരികിലായിരുന്നു അടുപ്പുകൂട്ടല്‍ സമരം. കോട്ടയത്ത് വൈക്കം മുതല്‍ ചങ്ങനാശേരി വരെയാണ് അടുപ്പുകൂട്ടി സമരം നടന്നത്. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പി.സി തോമസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്ത് പ്രകടനം നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ജില്ലയിലെ സമരത്തില്‍ പങ്കെടുത്തു. ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസക്കും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പാലക്കാട് 18 ഇടങ്ങളിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലനും ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും സമരത്തിന് നേതൃത്വം നല്‍കി. കോഴിക്കോട് എളമരം കരീമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വടകര പുഴിത്തല മുതല്‍ രാമനാട്ടുകര വരെ 80 കിലോമീറ്റര്‍ ദൂരത്താണ് പ്രതിഷേധ സൂചകമായി ജില്ലയില്‍ അടുപ്പുകള്‍ നിരന്നത്. മലപ്പുറത്ത് ദേശീയപാതയോരത്ത് ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ വരെ 72 കിലോമീറ്റര്‍ ദൂരത്തായിരുന്നു പ്രതിഷേധം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍