വയനാട്ടില്‍ ഭീതി പരത്തിയ കടുവയെ വെടിവെച്ച് കൊന്നു

December 2, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഭീതി പരത്തിയ കടുവയെ വെടിവെച്ച് കൊന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള നൂല്‍പ്പുഴ പഞ്ചായത്തിലെ മൂലങ്കാവിന് സമീപമുള്ള തേലമ്പറ്റയില്‍ വെച്ചാണ് കടുവയെ വെടിവെച്ച് കൊന്നത്. തേലമ്പറ്റയിലെ കാപ്പിത്തോട്ടത്തില്‍ കടുവയുണ്ടെന്ന് ശ്രുതി പരന്നതോടെ 100ല്‍ അധികം വരുന്ന ദൗത്യസേനാംഗങ്ങളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്. രാവിലെ 8.20ഓടെ മയക്കുവെടി വെച്ചെങ്കിലും കടുവയുടെ ബോധം മറഞ്ഞില്ല.

അക്രമസ്വഭാവം കാണിക്കുമെന്ന് ഉറപ്പായതിനാല്‍ 9.20 ഓടെ വീണ്ടും വെടിവയ്ക്കുകയായിരുന്നു. ഇതോടെയാണ് കടുവയ്ക്ക് അന്ത്യം സംഭവിച്ചത്. വന്‍ ജനക്കൂട്ടം കടുവയെ കാണാന്‍ തടിച്ച് കൂടിയതിനാല്‍ നായ്ക്കട്ടിയിലെ പൊതു മൈതാനത്ത് കടുവയുടെ ജഡം നാട്ടുകാരെ കാണിക്കാനായി വെച്ചു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. 5 അംഗ സംഘമാണ് പോസ്റ്റ് മോര്‍ട്ട സംഘത്തിലുള്ളത്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കടുവയുടെ ജഡം നിയമപ്രകാരം കത്തിച്ച് കളയും. കടുവയെ കൊന്നതോടെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഗ്രാമവാസികള്‍ ആശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം കടുവ പ്രദേശത്തെ രണ്ട് ആടുകളെ കടിച്ചുകൊല്ലുകയും രണ്ട് പശുക്കളെ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കോഴിക്കോട് ബംഗളൂരു ദേശീയപാത മൂലങ്കാവിന് സമീപം അഞ്ച് മണിക്കൂറോളം ഉപരോധിച്ചു. വളര്‍ത്തുമൃഗങ്ങളുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.

ജില്ലാ കളക്ടര്‍ ഇടപെട്ട് നാട്ടുകാരുമായി ചര്‍ച്ച നടത്തിയിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ കടുവയെ വെടിവെച്ചുകൊല്ലാന്‍ തീരുമാനമെടുത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം