ലോകാവസാനം ഉടനെയെങ്ങുമില്ലെന്ന് നാസ

December 2, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ഈ വര്‍ഷം ഡിസംബര്‍ 21ന് ലോകാവസാനം ഉണ്ടാകുമെന്ന തരത്തില്‍ ചില വെബ്സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് നാസ അറിയിച്ചു. ലോകാവസാനം സംബന്ധിച്ച പ്രചാരണങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമിയ്ക്കു ഭീഷണിയായി ഒരു ഗ്രഹവും ചുറ്റിക്കറങ്ങുന്നില്ലെന്നും ഭൂമി ഇതുപോലെ തന്നെ കോടാനുകോടി വര്‍ഷം ഇനിയും നിലനില്‍ക്കുമെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

മായന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 21ന് ലോകാവസാനം ഉണ്ടാകുമെന്നും തൊട്ടടുത്ത ദിവസം അടുത്ത യുഗം ആരംഭിക്കുമെന്നുമുള്ള സൂചനകള്‍ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിബിറു എന്നു പറയപ്പെടുന്ന ഒരു ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുകയാണെന്നും 21ന് ഭൂമിയുമായി കൂട്ടിയിടിക്കുകയോ അല്ലെങ്കില്‍ അഗ്നിപര്‍വത സ്ഫോടന പരമ്പരകളും ഭൂമികുലുക്കവും എല്ലാം ലോകാവസാനത്തിനു കാരണമാകുമെന്നുമാണ് പ്രചാരണങ്ങള്‍. 2012 എന്ന ഹോളിവുഡ് സിനിമയിലെ ലോകാവസാന രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള വിവരണങ്ങളാണ് സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ നടക്കുന്നത്. 2003ലും സമാനമായ ലോകാവസാന പ്രചാരണങ്ങള്‍ ശക്തമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം