ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ട സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

December 2, 2012 കേരളം

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടുപോയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്  ഉടന്‍ ഡിവിഷണല്‍ മാനേജര്‍ക്കു സമര്‍പ്പിക്കും. സംഭവം അന്വേഷിക്കുന്നതിനായി റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ ആലപ്പുഴയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എറണാകുളത്തുനിന്നും അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ ഷമീം, തിരുവനന്തപുരത്തുനിന്നും അസി. ഓപ്പറേഷണല്‍ മാനേജര്‍ എന്നിവരാണെത്തിയത്.വ്യാഴാഴ്ച രാവിലെ 11.15 ഓടെ കായംകുളം- എറണാകുളം പാസഞ്ചര്‍ ആലപ്പുഴ റെയില്‍വേ സ്റേഷനിലെത്തിയപ്പോഴായിരുന്നു ട്രെയിനിന്റെ എന്‍ജിന്‍ റൂമില്‍ നിന്നുള്ള രണ്ടാമത്തെ ബോഗി വേര്‍പ്പെട്ടുപോയത്. ട്രെയിന് വേഗം കുറവായതിനാലും ബോഗിയിലുണ്ടായിരുന്ന യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്.

കാലപ്പഴക്കത്താല്‍ ദ്രവിച്ച ബോഗി ട്രോളിയില്‍ നിന്നും വേര്‍പ്പെട്ട് തെന്നിമാറുകയായിരുന്നു. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുള്ള സ്റേഷനുകളില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ പരിശോധിച്ചതിനുശേഷമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ അപകടമുണ്ടായ ട്രെയിന്‍ ഗുരുവായൂരില്‍ നിന്നും രാവിലെ ഒമ്പതോടെ എറണാകുളത്തെത്തിയശേഷം പിന്നീട് എറണാകുളം- കായംകുളം പാസഞ്ചറായി ഓടുകയായിരുന്നു. ഇതിനിടയില്‍ മെക്കാനിക്കല്‍ വിഭാഗമുള്ള ഒന്നിലധികം സ്റേഷനുകള്‍ കടന്നാണ് ട്രെയിന്‍ ആലപ്പുഴയിലെത്തിയത്. ഇത്തരത്തില്‍ അപകടമുണ്ടായതിന്റെ കാരണം മെക്കാനിക്കല്‍ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന ആക്ഷേപം ശക്തമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം