കൊല്ലം-നാഗര്‍കോവില്‍ മെമു സര്‍വീസ് തുടങ്ങി

December 2, 2012 മറ്റുവാര്‍ത്തകള്‍

കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം-നാഗര്‍കോവില്‍ മെമു ട്രെയിന്‍ സര്‍വീസിന് തുടക്കം. മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി കേന്ദ്രമന്ത്രി ശശി തരൂര്‍ ട്രെയിന്‍ ഫ്ളാഗ്ഓഫ് ചെയ്തു.

കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എംപിമാരായ എന്‍.പീതാംബരക്കുറുപ്പ്, കെ.എന്‍.ബാലഗോപാല്‍, എ.സമ്പത്ത്, പി.കെ.ഗുരുദാസന്‍ എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്, ഡിആര്‍എം രാജേഷ് അഗര്‍വാള്‍ എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഇല്ലായിരുന്നെങ്കിലും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും ഹ്രസ്വപ്രസംഗം നടത്തി. ഇതുകാരണം രാവിലെ 11ന് പുറപ്പെടേണ്ട ട്രെയിന്‍ അരമണിക്കൂര്‍ വൈകി.

കൊല്ലം-തിരുവനന്തപുരം റൂട്ടിലാണ് മെമു ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും തന്റെ ശ്രമഫലമായാണ് അത് തിരുവനന്തപുരം വരെ നീട്ടിയതെന്ന് മന്ത്രി ശശി തരൂര്‍ പറഞ്ഞു. കൊല്ലത്തുനിന്ന് ആരംഭിക്കുന്ന മൂന്നാമത്തെ മെമു ട്രെയിനാണ് ഇതെന്ന് മന്ത്രി കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. കൊല്ലം റെയില്‍വേ സ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനലൂരില്‍ നിന്ന് കൊല്ലത്ത് എത്തുന്നവര്‍ക്ക് കണക്ഷന്‍ ട്രെയിനുകളുടെ സൌകര്യം ലഭ്യമാക്കണമെന്നും മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെ നീട്ടണമെന്നും കൊടിക്കുന്നില്‍ ആവശ്യമുന്നയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍