യോഗാഭ്യാസപാഠങ്ങള്‍ ഭാഗം-1

December 2, 2012 സനാതനം

യോഗാചാര്യ എന്‍. വിജയരാഘവന്‍

1. യോഗ എന്നാലെന്ത്?

മാനവരാശിയുടെ ശാരീരികവും മാനസികവും അതിലുപരി ആത്മീയവുമായ സുസ്തുതിക്കുവേണ്ടി ഭാരതീയ ഋഷിവര്യന്മാര്‍ കനിഞ്ഞേകിയ ശാസ്ത്രമാണ് യോഗശാസ്ത്രം. മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അപരിമേയമായ ചൈതന്യശക്തിയെ ഉണര്‍ത്തി ഉല്‍കൃഷ്ടവും, ഉദാത്തവുമായ മാര്‍ഗ്ഗങ്ങളിലൂടെ പൂര്‍ണ്ണതയിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന ജീവിതചര്യകൂടിയാണ് യോഗവിദ്യ.

യോഗവിദ്യയെ സംബന്ധിച്ച പ്രധാന പ്രമാണഗ്രന്ഥമായി പരിഗണിച്ചുവരുന്നത് പതഞ്ജലിമഹര്‍ഷിയുടെ യോഗസൂത്രമാണ്. പതഞ്ജലിയെ ആദിശേഷന്റെ അവതാരമായാണ് കരുതുന്നത്. ശരീരം, വാക്ക്, മനസ്സ്, എന്നീ ത്രികരണങ്ങളേയും ശുദ്ധമാക്കിവയ്ക്കാന്‍ എന്താണ് വഴിയെന്ന് മുനിമാര്‍ രണ്ടുകൈകളും നീട്ടി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു. അഞ്ജലി (കൂപ്പുകൈ)യോടെ നില്‍ക്കുന്ന മുനിയുടെ കൈയ്യില്‍തട്ടി എന്തോ ഒന്ന് ഭൂമിയില്‍ പതിച്ചു. മനുഷ്യന്റെ ഉടലും പാമ്പിന്റെ തലയുമുള്ള ഒരു രൂപമാണ് അവര്‍ കണ്ടത്. അഞ്ജലിയില്‍ പതിച്ചതിനാല്‍ അതിന് പതഞ്ജലി എന്നുപേരിട്ടു. അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ കെട്ടുകഥ എന്നു ഒറ്റനോട്ടത്തില്‍ നോക്കുന്ന ഈ കഥയ്ക്ക് പല സൂക്ഷ്മാര്‍ത്ഥങ്ങളും ഉണ്ട്. പതഞ്ജലിയുടെ യോഗസൂത്രം കൂടാതെ സ്വാത്മാരാമന്റെ ഹഠയോഗപ്രതീപിക, ഘോരണ്ഡന്റെ ഘോരണ്ഡസംഹിത, യോഗതത്ത്വോപനിഷത്ത് എന്നിവയും പ്രാമാണിക യോഗശാസ്ത്രഗ്രന്ഥങ്ങളാണ്.

ജീവാത്മാവ് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയെ സമാധി എന്നു പറയുന്നു. ഇതാണ് യോഗത്തിന്റെ പരമവും ആദ്ധ്യാത്മികവുമായ ഭാവം. എന്നാല്‍ ആന്തരികലോകത്തിലെ സാമാന്യമനുഷ്യനെ മാനസികവും ശാരീരികവുമായ സൗഖ്യം നല്‍കാനും യോഗപരിശീലനത്തിനു കഴിയും. ഭൗതിക ഭോഗത്തിന്റെ ഉച്ചകോടിയില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍ മാനസികവും ശാരീരികവുമായ രോഗങ്ങളാല്‍ ആസ്വസ്തരും അസംതൃപ്തരുമാണ്. അവന് ശാശ്വതമായ ആശ്വാസമേകാന്‍ യോഗയ്ക്കുമാത്രമേ കഴിയൂ. എന്ന് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ രാജയോഗത്തിലാണ് മുഖ്യസ്ഥാനം നല്‍കിയിരിക്കുന്നത്. എട്ട് അംഗങ്ങള്‍ ഉള്ളതിനാല്‍ അഷ്ടാംഗയോഗം എന്നും ഇതിനുപേരുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഘാതം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍. ഇവയില്‍ ആദ്യത്തെ നാലംഗങ്ങള്‍കൊണ്ടുതന്നെ മനുഷ്യന്‍ ആയുരാരോഗ്യ സൗഖ്യത്തോടെ  ഈ ലോകത്തില്‍ ജീവിക്കാം. ആദ്ധ്യാത്മിക ലക്ഷ്യത്തോടെ യോഗപരിശീലനം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട സദാചാരപദ്ധതികളാണ് യമനിയമങ്ങള്‍. മനസ്സിനേയും ശരീരത്തേയും ഒരേ സമയത്ത് ശുദ്ധീകരിക്കുന്ന യമനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ ആധുനിക മനുഷ്യന് സുസാദ്ധ്യമാണെങ്കിലും അവയെ കഴിവതും ജീവിതത്തില്‍ പകര്‍ത്തുക എന്നത് മഹത്തായ ഒരു നേട്ടം തന്നെയാണ്.

അഷ്ടാംഗയോഗത്തിലെ ആദ്യത്തെ രണ്ടംഗങ്ങളായ യമനിയമങ്ങളെക്കുറിച്ച് അടുത്തപാഠത്തില്‍ പറയാം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം