വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ കെ.എസ്.എഫ്.ഇ. എഡ്യൂകെയര്‍ ചിട്ടി : മാണി

December 3, 2012 കേരളം

തിരുവനന്തപുരം:  അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍പഠിക്കുന്ന വിദ്യാര്‍ത്ഥകള്‍ക്ക് മിതവ്യയത്തിലൂടെയും ലഘുസമ്പാദ്യത്തിലൂടെയും ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ തുക സംഭരിക്കാന്‍ കഴിയുന്ന എഡ്യൂകെയര്‍ ചിട്ടി കെ.എസ്.എഫ്.ഇ ഉടന്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പന്ത്രണ്ടാം ക്ലാസിനുശേഷം ചിട്ടിത്തുക ലഭിക്കുന്നവിധത്തിലാണ് എഡ്യുകെയര്‍ ആസൂത്രണം ചെയ്തിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസത്തിനുശേഷം അതിനനുസൃതമായ തൊഴില്‍ നേടാന്‍ ആവശ്യമായ അംഗീകൃത പരിശീലനകോഴ്‌സുകളില്‍ ചേരുന്നതിന് സാമ്പത്തികസഹായം അനുവദിക്കുന്ന നൈപുണ്യവികസന വായ്പാപദ്ധതിയും ഉടന്‍ ആരംഭിക്കും.

കെ.എസ്.എഫ്.ഇയുടെ ബിസിനസ് ടേണോവര്‍ ഇപ്പോള്‍ 16,507 കോടിയായി ഉയര്‍ന്നു. 37%വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇക്കൊല്ലം 18,000 കോടിയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 2011-2012 ലെ ലാഭം 60.41കോടിയും ആസ്തി 218.41കോടിയുമായി ഉയര്‍ന്നു. 2011 മാര്‍ച്ച് 31വരെ 1711കോടി രൂപ വായ്പ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2181കോടിരൂപയായി വര്‍ദ്ധിച്ചു. വിദ്യാഭ്യാസ വായ്പാ പദ്ധതിയില്‍ ഒരുകോടിയോളം രൂപയുടെ വായ്പ അനുവദിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എട്ടുശതമാനം പലിശയ്ക്കാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിവിധ വായ്പാപദ്ധതികളില്‍ നല്‍കാവുന്ന പരമാവധിതുക വര്‍ദ്ധിപ്പിച്ചു. ആള്‍ജാമ്യ പരിധി 5 ലക്ഷത്തില്‍നിന്ന് 10 ലക്ഷമാക്കി. 207 കോടി ലക്ഷ്യമിട്ട ഭാഗ്യവര്‍ഷചിട്ടിയില്‍ 246 കോടി രൂപ സമാഹരിച്ചു. മൂന്നുവര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും കെ.എസ്.എഫ്.ഇ ശാഖ ആരംഭിക്കുമെന്ന ബഡ്ജറ്റ് വാഗ്ദാനം നടപ്പാക്കും. ഇതുവരെ 100പഞ്ചായത്തുകളില്‍ ശാഖ ആരംഭിച്ചു. ബാങ്കുകളുമായി സഹകരിച്ച് എറ്റി.എമ്മുകളില്‍നിന്ന് കെ.എസ്.എഫ്.ഇ ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ അവസരമൊരുക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

ലാഭവിഹിതം, ഗ്യാരന്റി കമ്മീഷന്‍, സര്‍വ്വീസ്ചാര്‍ജ്ജ് ഇനങ്ങളിലായി സര്‍ക്കാരിന് കെ.എസ്.എഫ്.ഇ 454 കോടി രൂപ നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് ആദായനികുതി ഇനത്തില്‍ 273 കോടി രൂപ നല്‍കിയതായി മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം