സിബിഐ മേധാവിയായി രഞ്ജിത് സിന്‍ഹ ചുമതലയേറ്റു

December 3, 2012 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സിബിഐ മേധാവിയായി രഞ്ജിത് സിന്‍ഹ ചുമതലയേറ്റു. അമര്‍പ്രതാപ് സിംഗ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രഞ്ജിത് സിന്‍ഹ സിബിഐ മേധാവിയായി നിയമിതനായത്. ബിഹാര്‍ കേഡറിലെ 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് 59 കാരനായ രഞ്ജിത് സിന്‍ഹ. നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. നിയമനത്തില്‍ വിവാദങ്ങള്‍ ഇല്ലെന്നായിരുന്നു പ്രതികരണം. സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു രഞ്ജിത് സിന്‍ഹ. രണ്ടു വര്‍ഷക്കാലത്തേക്കാണ് രഞ്ജിത് സിന്‍ഹയുടെ നിയമനം. നേരത്തെ സിബിഐ ഡിഐജി, ജോയിന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിബിഐ നേരിടുന്ന ആള്‍ക്ഷാമമുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രഞ്ജിത് സിന്‍ഹ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം