56 -ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

December 4, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: 56 -ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.പാലക്കാട് ആദ്യ മൂന്ന് സ്വര്‍ണവും നേടി. 95 ഇനങ്ങളിലായി 2,700 ഓളം കായിക പ്രതിഭകള്‍ നാല് ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ മാറ്റുരയ്ക്കും. വിദ്യാഭ്യാസ മന്ത്രി അബ്ദിറബ്ബ് മേള ഔപചാരികമായി വൈകിട്ട് ഉദ്ഘാടനം ചെയ്യും. ദീപശിഖ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ കോമണ്‍വെല്‍ത്ത് താരം ശര്‍മി ഉലഹന്നാന്‍ ഏറ്റുവാങ്ങി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് മീറ്റിന് തുടക്കമായത്. ഇതിനുശേഷം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ എന്നിങ്ങനെയാണ് മത്സരക്രമം. 16 ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ 28 ഇനങ്ങളാണ് ആദ്യദിനം നടക്കുന്നത്. പല ടീമുകളും നേരത്തെ തന്നെ തലസ്ഥാനത്തെത്തി പരിശീലനം ആരംഭിച്ചിരുന്നു.

95 ഇനങ്ങളിലായി 1355 ആണ്‍കുട്ടികളും 1272 പെണ്‍കുട്ടികളും ഉള്‍പ്പെടെ 2700 ഓളം കായിക താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. അത്‌ലറ്റിക് രംഗത്തിന് എക്കാലവും പേരുദോഷം ഉണ്ടാക്കുന്ന മരുന്നടിയും പോയന്റ് തട്ടിപ്പും തടയാന്‍ കര്‍ശന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉത്തേജക പരിശോധയ്ക്ക ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പ്രത്യേക സംഘമെത്തിയിട്ടുണ്ട്. പ്രായത്തിന്‍രെ കാര്യത്തില്‍ സംശയം തോന്നുന്ന താരങ്ങളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയമാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം