പാന്‍മസാല നിരോധനം രാജ്യവ്യാപകമാക്കണം: മുഖ്യമന്ത്രി

December 4, 2012 കേരളം

തിരുവനന്തപുരം: പാന്‍മസാല നിരോധനം രാജ്യ വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുഡ്കാ ഉല്‍പന്നങ്ങള്‍ നിരോധിക്കണന്നൊണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇതിലൂടെ ലക്ഷകണക്കിന് കുട്ടികളേയും യുവജനങ്ങളേയും രക്ഷിക്കാനാകുമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ വ്യക്തമാക്കി. പുകയില അടങ്ങിയ ഗുഡ്കയും പാന്‍ മസാലയും ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ചു 2011-ല്‍ കേരളാ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചണ്ഢീഗഢ് ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ ഗുഡ്കാ നിരോധനം വിജയകരമായി നടപ്പലാക്കിയിട്ടുണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനിയും 14 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലും നിരോധനം നടപ്പിലാക്കാനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ടു നിരോധനം നടപ്പിലാക്കണമെന്നാണ് അദ്ദേഹം കത്തിലൂടെ മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 12 റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മാര്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രി അധികൃതരും ഗുഡ്കാ നിരോധനം ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനും കത്തയച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം