സന്നിധാനത്ത് സുരക്ഷ ശക്തമാക്കി

December 4, 2012 കേരളം

ശബരിമല: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ത്തോടനുബന്ധിച്ച് സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ഭക്തര്‍ക്ക് ബുദ്ധി മുട്ടില്ലാതെയും സുരക്ഷയില്‍ പഴുതുകളില്ലാത്ത രീതിയിലുമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ.ചെല്ലപ്പന്‍ അറിയിച്ചു. ഹോട്ടലുകള്‍ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തും. വിജിലന്‍സ്, എസ്പിസിഡി ബോംബ് സ്ക്വാഡ്, ഷാഡോ പോലീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. വനത്തിനുള്ളിലും പരിശോധന നടത്തും. ആറിന് സുരക്ഷ കൂടുതല്‍ ശക്തമാക്കി പരിശോധന ഊര്‍ജിതമാക്കും. സന്നിധാനത്തേക്ക് പതിനെട്ടാംപടി വഴി ഒരു ക്യൂ മാത്രമാക്കും. ദര്‍ശനത്തിന് എത്തുന്നവര്‍ ബാഗുകളും കെട്ടുകളും മറ്റും കൊണ്ടുവരുന്നത് അതേ ദിവസം ഒഴിവാക്കുന്നത് ഉത്തമമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ സന്നിധാനത്ത് കൃത്യ നിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, വ്യാപാരസ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൃത്യമായി ധരിക്കണം. അയ്യപ്പന്‍മാര്‍‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ നടക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷയൊരുക്കുന്നതില്‍ പോലീസുമായി സഹകരിക്കണമെന്നും സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം