മകനെ ശാസിച്ചതിന് ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തടവുശിക്ഷ

December 4, 2012 പ്രധാന വാര്‍ത്തകള്‍

ഓസ്‌ലോ: മകനെ ശാസിച്ചതിന് ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തടവു ശിക്ഷ വിധിച്ചു.  സ്‌കൂള്‍ബസ്സില്‍ വെച്ച് നിക്കറില്‍ മൂത്രമൊഴിച്ച മകനെ ശാസിച്ചതിനാണ്  നോര്‍വേയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തടവുശിക്ഷ.  ആന്ധ്രപ്രദേശ് സ്വദേശികളായ ചന്ദ്രശേഖര്‍ വല്ലഭനേനിയെയും ഭാര്യ അനുപമയേയുമാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.  അനുപമയ്ക്ക്  15 മാസവും  ചന്ദ്രശേഖര്‍ വല്ലഭനേനിക്ക് 18 മാസവുമാണ് ശിക്ഷ ലഭിച്ചത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ശിക്ഷ തന്നെ കോടതി വിധിക്കുകയായിരുന്നു.

ഏഴുവയസ്സുള്ള മകന്‍ സായ് ശ്രീറാം നിക്കറില്‍ മൂത്രമൊഴിച്ച കാര്യം സ്‌കൂള്‍ അധികൃതരാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമെന്ന് പറഞ്ഞ് ശാസിച്ചതായി കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെടുകയായിരുന്നു. അധ്യാപകര്‍ ശിശുക്ഷേമ അധികൃതരെ ഇക്കാര്യം അറിയിച്ചു. സംഭവം നടന്ന് ഒന്‍പതു മാസത്തിനു ശേഷമാണ് പോലീസ് ചന്ദ്രശേഖറിനെയും അനുപമയെയും അറസ്റ്റ് ചെയ്തത്.

കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ഗൗരവമാര്‍ന്ന വിഷയമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കുട്ടിയോട് തുടര്‍ച്ചയായി മോശമായി പെരുമാറിയെന്നതാണ് ദമ്പതിമാരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകള്‍ ഉണ്ട്. കുട്ടിയെ മാതാപിതാക്കള്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കാറുണ്ടെന്നും പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. കുട്ടികളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ വിദേശികള്‍ക്കെതിരെ മാത്രമല്ലെ നോര്‍വേക്കാര്‍ക്കെതിരെയും എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അനുപമയുടെ അഭിഭാഷകന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍