കൊച്ചി മെട്രോ: കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്‍റെ മികച്ച‌ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി

December 5, 2012 കേരളം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ നിന്നും അവിടത്തെ ഉദ്യോഗസ്ഥരില്‍ നിന്നും മികച്ച പിന്തുണയാണു ലഭിക്കുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജോസ് സിറിയക്. കേന്ദ്രത്തില്‍ ഏറ്റവും തിരക്കുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ. അദ്ദേഹം രണ്ടു ദിവസമായി കൊച്ചിയില്‍ താമസിച്ച് ഇവിടത്തെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നുവെന്നതുതന്നെ അദ്ദേഹത്തിനു പദ്ധതിയിലുള്ള താത്പര്യമാണു കാണിക്കുന്നത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളിലൊക്കെ അദ്ദേഹത്തിന്റെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥരുടെയും മികച്ച പങ്കാളിത്തമാണ് ഉണ്ടായതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഡിഎംആര്‍സിയുടെ പങ്കാളിത്തത്തിനു താത്പര്യം കാണിക്കുന്നില്ലെന്ന ഇ. ശ്രീധരന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന്‍ എന്താണു പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് സുധീര്‍ കൃഷ്ണ പ്രതികരിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം