ഗര്‍ഗ്ഗഭാഗവതസുധ – ശകടാസുരമോക്ഷം

December 5, 2012 സനാതനം

ചെങ്കല്‍ സുധാകരന്‍

7.ശകടാസുരമോക്ഷം

ഗര്‍ഗ്ഗഭാഗവതത്തിലെ ശ്രദ്ധാര്‍ഹമായ ഒരു കഥയാണ് ശകടാസുരമോക്ഷം. ‘വിനാശായ ച ദുഷ്‌കൃതാം’ എന്ന അവതാരതത്ത്വം ഈ കഥയിലും പ്രപഞ്ചനം ചെയ്യപ്പെട്ടിരിക്കുന്നു. കംസനിര്‍ദ്ദേശമനുസരിച്ച് ശ്രീകൃഷ്ണനെ വധിക്കാനെത്തിയ ശകടാസുരന്റെ പൂര്‍വ്വജന്മവൃത്താന്തമുള്‍പ്പെടുന്ന ഗര്‍ഗ്ഗഭാഗവതകഥ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭമാണ്.

ശ്രീ ഗര്‍ഗ്ഗന്‍ ശൗനകാദികളോട് നാരദബഹുലാശ്വ സംവാദരൂപേണ കഥാവിവരണം തുടര്‍ന്നു. നാരദസംഗമം തന്നെ ധന്യനാക്കിയെന്നും സാധുസംഗമം പൂര്‍വ്വജന്മസുകൃതം കൊണ്ടേ ഉണ്ടാവുകയുള്ളു എന്നും ഗുരുദേവനെ മുന്നില്‍ക്കിട്ടിയ ചാരിതാര്‍ഥ്യമാണദ്ദേഹത്തിന്. കൃഷ്ണകഥയില്‍ ജിജ്ഞാസുവായ ബഹുലാശ്വന്‍ ഭഗവത്കഥാകോവിദനായ നാരദനോട് ശ്രീകൃഷ്ണഭഗവാന്റെ ബാലലീലകളെപ്പറ്റി ചോദിച്ചു.

‘ശ്രീകൃഷ്ണസ്ത്വദ്ഭുത സാക്ഷാ-
ദദ്ഭുതോ ഭക്തവത്സലഃ
അഗ്രേചകാര കിം ചിത്രം
ചരിത്രം വദ മേ മുനേ!’

(ഭക്തവത്സലനായ ഭഗവാന്‍ അദ്ഭുതബാലരൂപം പൂണ്ട് ഏതേതു വിചിത്ര ലീലകളാണാടിയത്? മാമുനീന്ദ്രാ! അങ്ങ് എനിക്കതു പറഞ്ഞു തന്നാലും.) അതുകേട്ട് നാരദര്‍ സന്തുഷ്ടചിത്തനായി. അദ്ദേഹം ഇപ്രകാരം ദേവര്‍ഷി കഥാവിവരണം ആരംഭിച്ചു.

‘ഏകദാ കൃഷ്ണ ജന്മര്‍ക്ഷേ
യശോദാ നന്ദഗേഹിനീ
ഗോപീ ഗോപാന്‍ സമാഹുയ
മംഗലം ചാകരോദ് ദ്വിജൈഃ’

(അന്നൊരു ശ്രീകൃഷ്ണാനുജന്മദിനത്തില്‍ യശോദാദേവി ഗോപന്മാരെയും ഗോപികമാരെയും ക്ഷണിച്ചുവരുത്തി മംഗളകര്‍മ്മങ്ങളാചരിച്ചു. ബ്രാഹ്മണര്‍ക്ക് ദക്ഷിണയും നല്‍കി.)

യശോദ കുഞ്ഞിനെ വിശേഷപ്പെട്ട പട്ടുവസ്ത്രം ധരിപ്പിച്ചു. വിശിഷ്ട മാലകളണിയിച്ചു. ദേവന്മാരെ വണങ്ങി. ബ്രാഹ്മണര്‍ക്ക് ധനം ദാനംചെയ്തു. തുടര്‍ന്ന്, കുട്ടിയെ തൊട്ടിലില്‍ കിടത്തി. അതീവ സന്തുഷ്ടയായ യശോദ ഗോപീജനങ്ങളെ സത്കരിക്കുന്നതില്‍ വ്യാപൃതയായി.

‘നൈവാശൃണോത് സ രുദിതസ്യ സുതസ്യശബ്ദം
ഗോപേഷു മംഗളഗൃഹേഷു ഗതാഗതേഷു.’

(ഗോപീ-ഗോപന്മാര്‍ വന്നും പോയുമിരുന്ന ബഹളത്തിനിടയില്‍ യശോദ തന്റെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടില്ല.)

അപ്പോള്‍ ഒരു സംഭവമുണ്ടായി. കംസപ്രേരിതനായ ഒരസുരന്‍ അവിടെയെത്തി. കാറ്റിന്റെ രൂപത്തിലെത്തിയ ആ അസുരന് ഉത്കചന്‍ എന്നായിരുന്നു നാമം. കുഞ്ഞ് കിടന്നതിന്നടുത്തുണ്ടായിരുന്ന ഒരു വണ്ടിയെ ബാലന്റെ തലയിലേക്കു മറിച്ചിടുവാന്‍ അയാള്‍ ശ്രമിച്ചു. കൃഷ്ണനാകട്ടെ, ഉറക്കെ കരഞ്ഞുകൊണ്ടുതന്നെ കുഞ്ഞിക്കാലുകളാല്‍ ഉത്കചനെ താഡനം ചെയ്തു. ശിശുവായ ഭഗവാന്‍ ആ വണ്ടിയെ മറിച്ചിട്ടു. അത് തവിടുപൊടിയായി. ഉത്കചനും ചേതനയറ്റ് നിലംപതിച്ചു.

‘ചൂര്‍ണ്ണം ഗതേfഥശകടേ പതിതേ ച ദൈത്യേ
തൃക്ത്വാ പ്രഭഞ്ജന തനും വിമലോ ബഭുവ
നത്വാ ഹരിം ശതഹയേന രഥേന യുക്തോ
ഗോലോകധാമ നിജലോകമലം ജഗാമ.’

(ശകടം പൊടിയുകയും അസുരന്‍ ചേതനാരഹിതനായി വീഴുകയും ചെയ്തു. ഉടന്‍ ആ ദൈത്യന്‍ വായുരൂപം വെടിഞ്ഞ് ദിവ്യരൂപം കൈക്കൊണ്ടു. അയാള്‍ ശ്രീഹരിയെ വണങ്ങി. അപ്പോള്‍ അവിടെ ആവിര്‍ഭവിച്ചു. നൂറു കുതിരകളെപ്പൂട്ടിയ ദിവ്യരഥത്തിലേറി, അവന്‍ ശ്രീഗോവിന്ദഗേഹമായ ഗോലോകധാമത്തിലേക്കു പോയി.)

കുട്ടികള്‍ നിലവിളിച്ചു. കോലാഹലം കേട്ട് നന്ദാദി ഗോപന്മാരും ഗോപികമാരും അവിടേക്കോടിയെത്തി. എന്താണു സംഭവിച്ചതെന്നവര്‍ കുട്ടികളോട് അന്വേഷിച്ചു. വണ്ടി തനിയെ മറിഞ്ഞുവീണതെങ്ങനെയെന്നാരാഞ്ഞു. ബാലന്മാര്‍ പറഞ്ഞു:

‘പ്രേംഖസ്ഥേയം ക്ഷിപന്‍ പാദൈ
രദന്‍ ദുഗ്ധാര്‍ഥമേവ ഹി
താഡ പാദം ശകടേ
തേനേദം ശകടം ത്വനു.’

(കാല്‍വിരലുണ്ട് തൊട്ടിലില്‍ കിടന്ന കൃഷ്ണന്‍ പാലിനായി ഉച്ചത്തില്‍ കരഞ്ഞു. കാല്‍കുടഞ്ഞു കരഞ്ഞ കൃഷ്ണന്റെ പിഞ്ചുപാദങ്ങള്‍ തട്ടിയാണ് വണ്ടി മറിഞ്ഞ് പൊടിഞ്ഞു വീണത്) എന്ന് പക്ഷേ,

‘ശ്രദ്ധാം ന ചക്രുര്‍ ബാലോക്തം
ഗോപാ ഗോപ്യാശ്ച വിസ്മിതാഃ
ത്രൈമാസികഃ ബാലോfയം
ക്വാചൈതദ്ഭാരഭൃത്ത്വതഃ’

(അദ്ഭുതപരതന്ത്രരായ ഗോപീഗോപാലന്മാരാരും കുട്ടികള്‍ പറഞ്ഞ കാര്യം ശ്രദ്ധിച്ചില്ല. മൂന്നുമാസംമാത്രം പ്രായമുള്ള  ഈ കൂട്ടിയെവിടെ? ഭാരവത്തായ ഈ വണ്ടെയെവിടെ?) കുട്ടികള്‍ പറഞ്ഞതില്‍ കഴമ്പില്ലെന്ന് അവര്‍ കരുതി. വിവരമറിഞ്ഞ് ഭയചകിതയായ യശോദ ഓടിവന്ന് കുഞ്ഞിനെ മടിയില്‍വച്ച് ശുശ്രൂഷകളാരംഭിച്ചു. ഗ്രഹപ്പിഴ ഒഴിയാനായി വിപ്രന്മാരെക്കൊണ്ട് മംഗളയജ്ഞങ്ങള്‍ ചെയ്യിച്ചു. അവര്‍ക്ക് ധാരാളം ധനം ദാനം ചെയ്തു. ദക്ഷിണയും നല്‍കി.

ശകടാസുരകഥ കേട്ട് ബഹുലാശ്വമഹാരാജാവ് അതിശയിച്ചു. ബാലരൂപിയായ ഭഗവാന്റെ ലീലയില്‍ ആദരാന്വിതം അദ്ഭുതപരതന്ത്രനായി. വെറുതേ കഥകേട്ടു രസിക്കുന്നയാളല്ല, അദ്ദേഹം. നീചാഗ്രണിയായിരുന്നിട്ടും ഉത്കചന് സദ്ഗതിവരാനുള്ള കാരണമറിയാന്‍ താത്പര്യമുണ്ടായി. സര്‍വജ്ഞനായ നാരദനോട് രാജാവ് ചോദിച്ചു:

‘കോയം പൂര്‍വ്വം തു കുശലീ
ദൈത്യുഉത്കചനാമഭാക്
അഹോ കൃഷ്ണസ്പര്‍ശാത് ഗതോ
സദ്യോ മോക്ഷം മഹാമുനേ.’

(ഹേ മഹര്‍ഷീശ്വരാ, ഭാഗ്യവാനായ ഉത്കചന്‍ പൂര്‍വജന്മത്തില്‍, ആരായിരുന്നു? ശ്രീകൃഷ്ണസ്പര്‍ശത്താല്‍, അവന്‍, ഉടന്‍ മുക്തനായല്ലോ?) ഇങ്ങനെ സംഭവിച്ചതില്‍ ഏതോ കാരണമുണ്ടായിരിക്കുമെന്ന് ബഹുലാശ്വന്‍ കരുതി. കാര്യകാരണയുക്തിയാണല്ലോ കഥയെ സത്യാധിഷ്ഠിതമാക്കുന്നത്? ജിജ്ഞാസുവിന് അതറിയാന്‍ തിടുക്കമാകും. അതുകൊണ്ടാണ് ബഹുലാശ്വനില്‍നിന്ന് ഇങ്ങനെ ചോദ്യമുണ്ടായത്. ശിഷ്യസ്ഥാനത്തു നില്ക്കുന്ന രാജാവിന്റെ ചോദ്യം ഗുരുവായ നാരദന് സന്തോഷമുണ്ടാക്കി. അദ്ദേഹം രാജാവിനെ അനുമോദിച്ചുകൊണ്ട് പറഞ്ഞു:

‘ഹിരണ്യക്ഷ സുതോ ദൈത്യ
ഉത്കചോ നാമ മൈഥില!
ലോമസ്യാശ്രമേഗച്ഛന്‍
വൃക്ഷാംശ്ചൂര്‍ണീചകാര ഹ’

(ഒരിക്കല്‍, ഹിരണ്യാക്ഷപുത്രനായ ഉത്കചന്‍ ലോമശമുനിയുടെ ആശ്രമത്തില്‍ ചെന്നു. ആശ്രമപരിസരത്തില്‍ കണ്ട വൃക്ഷങ്ങളെയെല്ലാം അടിച്ചുപൊടിക്കാന്‍ തുടങ്ങി.) അതുകണ്ട് മഹര്‍ഷി കോപാകുലനായി. അദ്ദേഹം-

‘തംദൃഷ്ട്വാ സ്ഥൂല ദേഹാഢ്യ-
മുല്‍ക്കചാഖ്യം മഹാബലം
ശശാപ രോഷയുക് വിപ്രോ
വിദേഹോ ഭവ ദുര്‍മതേ!’

(സ്ഥൂലദേഹനും മഹാബലവാനുമായ അസുരനെക്കണ്ട് രോഷാകുലനായ വിപ്രന്‍, നീ ദേഹമില്ലാത്തവനായിപ്പോകട്ടെ എന്നു ശപിച്ചു.)
അദ്ഭുതം! സര്‍പ്പച്ചട്ട അഴിഞ്ഞു വീഴുന്നതപോലെ ഉത്കചന്റെ ദേഹം ഭൂമിയില്‍ പതിച്ചു. ദൈത്യന്‍ അത്യുത്കടം വ്യസനിച്ചു. തന്റെ ഹീനകൃത്യത്തില്‍ പശ്ചാത്തപിച്ചു. ശരീരരഹിതനാണെങ്കിലും ശബ്ദശക്തനായ ആ അസുരന്‍ മഹര്‍ഷിയോട് നമസ്‌കാരം പറഞ്ഞ് മാപ്പപേക്ഷിച്ചു. ശാപമോക്ഷം യാചിച്ചു.

‘ഹേ മുനേ! ഹേ കൃപാസിന്ധോ!
കൃപാം കുരു മമോപരി
തേ പ്രഭാവം ന ജാനാമി
ദേഹം മേ ദേഹി ഹേ പ്രഭോ!’

(കൃപാനിധിയായ മഹര്‍ഷേ, എന്നില്‍ കാരുണ്യം കാട്ടണേ! അങ്ങയുടെ പ്രഭാവം ഞാന്‍ അറിഞ്ഞിരുന്നില്ല. കുറ്റങ്ങള്‍ പൊറുത്ത് എനിക്ക് ദേഹം തിരിച്ചു തന്നാലും) എന്നിങ്ങനെ ദൈത്യന്‍ കേണപേക്ഷിച്ചു.

അധര്‍മ്മം കണ്ട് കോപിഷ്ടരാകുന്ന മഹര്‍ഷിമാര്‍ . പശ്ചാത്താപപൂര്‍വ്വം കേണപേക്ഷിക്കുന്നവരില്‍ ഹൃദയാലുക്കളാകും. അവര്‍ക്കാരോടും വൈരമില്ലാത്തതാണ് അതിനു കാരണം. അതിനാല്‍ , വേഗം പ്രസാദിക്കുകയും ചെയ്യുന്നു. മഹര്‍ഷിശാപം അനുഗ്രഹമാണെന്നു പറയാറുണ്ടല്ലോ? കാര്യകാരണങ്ങള്‍ ഒന്നിക്കുവാന്‍ അനിവാര്യമായ ഇടപെടലുകളാണ് പുരാണമഹര്‍ഷിമാരുടെ ശാപാനുഗ്രഹങ്ങള്‍ !

ഉത്കചന്റെ പ്രാര്‍ത്ഥനയാല്‍ പ്രസന്നചിത്തനായ ലോമശമഹര്‍ഷി, അവന് ശാപമോക്ഷം നല്‍കി. ‘സദാം രോഷോപി വരദോ വരോ മോക്ഷാര്‍ഥദഃ കിമു?’ (സജ്ജനങ്ങളുടെ രോഷംപോലും വരമാണ്. എന്നാല്‍ പിന്നെ വരം മോഷദമാണെന്ന് പറയേണ്ടതില്ലല്ലോ?) മഹര്‍ഷി പറഞ്ഞു:

‘വാത ദേഹസ്തുതോ ഭൂയാദ്
വ്യതീതേ ചാക്ഷുഷാന്തരേ
വൈവസ്വതാന്തരേ മുക്തിര്‍
ഭവിതാ ച പദാ ഹരേഃ’

(നിന്റെ വായുരൂപം കുറച്ചുകാലം നിലനില്‍ക്കും. ചാക്ഷുഷമന്വന്തരം കഴിഞ്ഞ് വൈവസ്വതമന്വന്തരാന്തത്തില്‍ ശ്രീഹരിയുടെ പാദസ്പര്‍ശത്താല്‍ നീ മുക്തനായിത്തീരും.)

അങ്ങനെ, ലോമശ മഹര്‍ഷിയുടെ മാഹാത്മ്യത്തില്‍ ആ അസുരപ്രമാണി മോക്ഷം പ്രാപിച്ചു. ദ്വാപരയുഗത്തില്‍ ബാലരൂപിയായ ശ്രീകൃഷ്ണന്റെ പാദസ്പര്‍ശമേറ്റ് ദിവ്യരൂപം ധരിച്ച് ഗോലോകധാമം പൂകാന്‍ ഉത്കചന് ഭാഗ്യമുണ്ടായി.

ഭഗവന്മാഹാത്മ്യം തെളിഞ്ഞുകാണുന്ന ഒരു കഥകൂടി നമ്മുടെ മനസ്സിനെ സ്വാധീനിക്കുകയാണ്. സോദ്ദേശ്യരചനകളായ പുരാണങ്ങള്‍ മനുഷ്യമനസ്സിന്റെ വിമലനമാണുദ്ദേശിക്കുന്നത്. അതിന്നനുഗുണങ്ങളായ പാത്രങ്ങളെയും സംഭവങ്ങളെയും ഉചിതോചിതം സന്നിവേശിപ്പിക്കുന്നു.

ശകടാസുരകഥയിലെ അന്തര്‍ഭാവമെന്താണെന്ന് പരിചിന്തനം ചെയ്യാം. ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ശകടന്റെ പൂര്‍വ്വകഥ നമുക്ക് അജ്ഞാതമായിപ്പോകുമായിരുന്നു. പൂര്‍വ്വകഥയെന്ന കാരണം ഭഗവത്‌സ്പര്‍ശത്താല്‍ മോക്ഷമെന്ന കാര്യത്തിനെ സാധൂകരിക്കുന്നു. ഉത്കചവൃത്താന്തം കൂടാതെ, വെറും ശകടാസുരകഥ വായിച്ചാല്‍, ഒരു സാധാരണ ഗുണപാഠകഥ മാത്രമായേ മനസ്സിലാക്കാന്‍ കഴിയൂ!

ഹിരണ്യാക്ഷപുത്രനായ ദൈത്യനാണ് ഉത്കചന്‍! ഇയാള്‍ ദേഹഭാവത്തിന്റെ പ്രതീകമാണ്. അഹംഭാവം മൂര്‍ത്തീകരിച്ചയാള്‍! ഹിരണ്യാക്ഷപുത്രന്‍ എന്നതുപോലും ശ്രദ്ധിക്കേണ്ടതാണ്. ഹിരണ്യത്തില്‍-ധനത്തില്‍-അക്ഷം-കണ്ണ്-ഉറപ്പിച്ചവനാണ് ഹിരണ്യാക്ഷന്‍! ധനദുര്‍മ്മദന്‍ എന്നുസാരം! അതാകട്ടെ ലൗകികതയുടെ അന്തഃസത്തയും. ആ ലൗകികതയുടെ ഉല്പന്നം അഹങ്കാരമാണ്. അജ്ഞാതജന്യമായ അഹന്ത! ദേഹഭാവത്തിന്റെ അടിസ്ഥാനം തന്നെ അജ്ഞാതമാകുന്നു. ഇത്തരക്കാര്‍ അസുരന്മാരാണ്. അസുക്കളില്‍-ഇന്ദ്രിയങ്ങളില്‍-രമിക്കുന്നവര്‍! ഈ വക ചിന്ത നമ്മെ എത്തിക്കുന്നത്, ഉത്കചന്‍, ദേഹാഭിമാനിയായ ലൗകികാസക്തന്‍ എന്ന പ്രതീകാര്‍ത്ഥത്തിലാണ്.

ദേഹാഭിമാനിക്ക് താമസഗുണവുംകൂടി ചേര്‍ന്നാല്‍, ‘മര്‍ക്കടസ്യസുരാപാനം’ എന്നമട്ടില്‍ മദമത്തതവരും! മത്തനായാല്‍ വിവേകം നഷ്ടമാകും! താനെന്ന അത്ഭുതത്തില്‍ കവിഞ്ഞൊന്നും അയാള്‍ കാണുകയില്ല. താന്‍ നില്‍ക്കുന്നതെവിടെയെന്ന് ശ്രദ്ധിക്കുകയുമില്ല. കടിഞ്ഞാണറ്റ മനസ്സോടുകൂടി സാഹസിക്യങ്ങളില്‍ വ്യാപരിക്കുക പതിവാകും. ഉത്കചന്റെ ലോമശാശ്രമപ്രവേശവും വൃത്തിയും ഇതിനുത്തമോദാഹരണമാണ്. ആശ്രമാന്തവൃക്ഷങ്ങളെയാണ് അയാള്‍ അടിച്ചുതകര്‍ത്തത്. നന്മയുടെ പൂക്കളും ധര്‍മ്മത്തിന്റെ ഫലങ്ങളുമുള്‍ക്കാമ്പിലേന്തി നില്‍ക്കുന്ന സജ്ജനങ്ങളാണ് അവ! അവരെയാണ് അധര്‍മ്മിയായ അസുരന്‍ നശിപ്പിച്ചത്.

‘ഇരുളില്‍, കുഴിയുണ്ടെന്നറിയാത്ത’ യാത്രയാണ് അഹംഭാവികളുടേത്. തങ്ങള്‍ വീശുന്ന വാള്‍ ചുഴന്ന് തങ്ങള്‍ക്കുനേരെ വരുമെന്നറിയാനവര്‍ക്കാവുകയില്ല. സ്വകൃതങ്ങളാണല്ലോ ഫലങ്ങളായി നമുക്കനുഭവിക്കാന്‍ കിട്ടുന്നത്? ഉത്കചന്റെ കൈയൂക്കിനേറ്റ വജ്രപാതമായിരുന്നു മുനിശാപം! ആകസ്മികമായി അനുഭവിക്കുന്ന പരാജയം ശരീരാഭിമാനികളെ, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കായബലത്തിന് എന്നും വിജയിക്കാനാവില്ലെന്ന അറിവ് സ്വയം ചിന്തയ്ക്ക് വിധേയമാക്കുന്നു. ചെയ്തുപോന്ന കൃത്യങ്ങളെ അപഗ്രഥിച്ചു പഠിക്കുവാന്‍ അതവസരം നല്‍കുന്നു. ഭാഗ്യവശാല്‍ ഉത്കചനും അതിനു സാധിച്ചു. ചിലര്‍ ഇത്തരം സങ്കീര്‍ണ്ണസന്ദര്‍ഭങ്ങളില്‍പ്പോലും അജ്ഞാനാവരണത്തില്‍ നിന്നു പുറത്തേക്കു വരുകയില്ല. ആ കരിംപുതപ്പിന്റെ സംരക്ഷയില്‍ ആഞ്ഞിറങ്ങി ആശ്വസിക്കാന്‍ ശ്രമിക്കും.

‘പശ്ചാത്താപമേ പ്രായശ്ചിത്തം’ എന്ന വിധത്തില്‍, ഉത്കചന്‍, മുനിയോടു മാപ്പിരന്നു. മാപ്പുചോദിക്കുന്നയാള്‍ വിനീതനാണ്. താനെന്ന ഭാവമകന്നാലെ മാപ്പുചോദിക്കാന്‍, ആര്‍ക്കും കഴിയൂ. അപരാധബോധം നീറ്റിയ മനസ്സ് ഉരുകിത്തെളിഞ്ഞ സ്വര്‍ണ്ണംപോലെ ശുദ്ധമായിത്തീരുന്നു. അതില്‍, അഴുക്കുമാറി ശുദ്ധതേജസ്സ് കാണപ്പെടുന്നതുപോലെ അകളങ്കമായ മാനസം വിശുദ്ധിയുടെ ശോഭയാല്‍ പ്രകാശിക്കുന്നു. മുന്നില്‍ നില്‍ക്കുന്ന വിജ്ഞാനദീപത്തെ സാഷ്ടാംഗം പ്രണമിക്കുവാന്‍ അവന്‍ മടിക്കുകയില്ല. സത്യദര്‍ശിയായ ഗുരു ശിഷ്യനെ മനംനിറഞ്ഞ ആനന്ദത്തോടെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ അനുഗ്രഹം വരമാണ്. വിദ്യാദാനം എന്ന വരം! മദം മുറ്റിയിരുന്ന മനസ്സിനെ വിജ്ഞാനം സ്പര്‍ശത്താല്‍ ശോഭാമയമാക്കുന്നു! പൊരുളാര്‍ന്ന മനസ്സാകട്ടെ സത്യദര്‍ശനത്താല്‍ പാകവിജ്ഞാനം നേടി ആനന്ദമനുഭവിക്കുന്നു! വിദ്യകൊണ്ടറിയേണ്ടതറിയുന്നു.

‘സര്‍വ്വം സര്‍വഗതം ശാന്തം
ബ്രഹ്മ സമ്പാദ്യതേ തദാ
അസങ്കല്പ ശസ്‌ത്രേണ
ഛിന്നം ചിത്തം ശതംയദാ’

(സങ്കല്പത്യാഗമെന്ന ആയുധത്താല്‍ ചിത്തം ഛിന്നഭിന്നമാകുമ്പോള്‍ സര്‍വത്ര നിറഞ്ഞുനില്ക്കുന്നതും ശാന്തവുമായ ബ്രഹ്മം തെളിഞ്ഞു കിട്ടും.) എന്നാണ് യോഗവസിഷ്ഠം ഘോഷിക്കുന്നത്. ഉത്കചന്റെ അവസ്ഥയും ഈ വിധംതന്നെ. തന്നെപ്പറ്റിയുണ്ടായിരുന്ന സങ്കല്പങ്ങള്‍ നശിച്ച് മനസ്സ് ശുദ്ധമായി. വേദാന്തികള്‍ പറുന്ന മനോനാശമാണിവിടെ സംഭവിച്ചത് തെളിഞ്ഞുനിന്ന ബ്രഹ്മജ്ഞാനത്തിന്റെ ഉത്കചന്‍ സദ്ഗതി നേടി.

ഗര്‍ഗ്ഗാചാര്യര്‍, മനുഷ്യമനസ്സിനെ പരിണമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കഥ യഥാസ്ഥാനം വിനിവേശിപ്പിച്ചിരിക്കുന്നത്. ഭാഗവതനാകുന്ന ആര്‍ക്കും-അവനെത്ര പാപഭാക്കായാലും-ഗോലോകം പൂകാമെന്ന സത്യം വെളിവാക്കുന്നു. ഭാഗവതീഭക്തി മൂര്‍ഖന്മാരേയും മോക്ഷാര്‍ഹരാക്കുമെന്ന സത്യം സ്ഥാപിക്കുന്നു! ഗര്‍ഗ്ഗഭാഗവതത്തിലെ ഈ കഥാമൃതം അനുവാചകഹൃദയം കുളിര്‍പ്പിക്കാന്‍ സമര്‍ത്ഥമാണ്!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം