സംസ്ഥാന സ്‌കൂള്‍ കായികമേള: ഷെര്‍ഷാദും ഷില്‍ഡയും വേഗമേറിയ താരങ്ങള്‍

December 5, 2012 കായികം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ 100 മീറ്റര്‍ മത്സരത്തില്‍ ഷെര്‍ഷാദിനും ഷില്‍ഡയ്ക്കും സ്വര്‍ണം. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ എ.പി. മുഹമ്മദ് ഷെര്‍ഷാദ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇതോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ താരം എന്ന റെക്കോര്‍ഡ് ഇനി ഷെര്‍ഷാദിനു സ്വന്തം. 11.11 സെക്കന്‍ഡാണ് ഷെര്‍ഷാദിന്റെ സമയം.

ആലപ്പുഴയുടെ എ.പി. ഷില്‍ഡ 12.53 സെക്കന്‍ഡ് സമയമെടുത്ത് പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ ജേതാവായി. ഇതേ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ഷില്‍ഡയുടെ സഹോദരി ഷില്‍ബിക്കാണ്. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ ഏറ്റവും വേഗമേറിയ വിദ്യാര്‍ഥിനി എന്ന റെക്കോര്‍ഡിനു ഷില്‍ഡ ഉടമയായി.

ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ വിദ്യാര്‍ഥി ആനന്ദ് രാജിനാണ് സ്വര്‍ണം. ഷഹര്‍ബാന സിദ്ദിക്കിനാണ് ഇതേ ഇനത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം ലഭിച്ചത്. സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് എഎംഎച്ച്എസ് പൂവമ്പായിയുടെ കെ. സ്‌നേഹ സ്വര്‍ണം നേടി. മീറ്റില്‍ സ്‌നേഹയുടെ രണ്ടാമത്തെ സ്വര്‍ണമായിരുന്നു ഇത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം