ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവായി

December 5, 2012 ദേശീയം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാലു രോഗികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ ശുശ്രുത് ട്രോമ സെന്ററിലാണ് സംഭവം നടന്നത്.

രാജ്കുമാരി(35), ജാവേദ്(20), റിഹാന(36) എന്നിവരും 25 വയസ്സുള്ള അജ്ഞാതനുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചു. കഴിയുന്നതും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംഘത്തോട് ഡല്‍ഹി ആരോഗ്യമന്ത്രി എ കെ വാലിയ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് കമ്മറ്റിയും വിളിച്ചു.

ഓക്‌സിജന്‍ വിതരണം ചെയ്യുന്ന മെഷീനും അതുമായി ബന്ധപ്പെട്ട ശൃംഖലയും തകരാറിലായതാണ് സംഭവകാരണമെന്ന് കരുതുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ സംഭവത്തിന് ഉത്തരവാദികള്‍ ഓക്‌സിജന്‍ വിതരണ ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നടത്തുന്ന പിഇഎസ് ഇന്‍സ്റ്റാള്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം