കെ.ടി.ജയകൃഷ്ണന്‍വധം: സി.ബി.ഐ അന്വേഷണത്തിനു മടിക്കുന്നതെന്തിന്?

December 6, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

യുവമോര്‍ച്ചാനേതാവ് കെ.ടി.ജയകൃഷ്ണനെ വധിച്ച കേസില്‍ രണ്ടാമതും ക്രൈബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പതിമൂന്ന് വര്‍ഷംമുമ്പാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 1999 ഫെബ്രുവരി ഒന്നിന് ക്ലാസ്മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടികളുടെ മുന്നില്‍വച്ച് സി.പി.എംകാരാല്‍ അദ്ദേഹം നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ.രജീഷിന്റെ മൊഴിയാണ് ഈ കേസിന്റെ പുനരന്വേഷണത്തിന് നിമിത്തമായത്. ചോദ്യചെയ്യലില്‍ രജീഷ് നല്‍കിയ മൊഴിയില്‍ അയാള്‍ ഉള്‍പ്പെട്ട സംഘമാണ് ജയകൃഷ്ണനെ വധിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥപ്രതികളെ ഒഴിവാക്കിയാണ് പ്രതിപട്ടികതയ്യാറാക്കിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. വധസംഘത്തിലുണ്ടായിരുന്ന പതിനാറുപേരുടെ പേരുവിവരവും രജീഷ് പോലീസുദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

രജീഷിന്റെ മൊഴിയുടെവെളിച്ചത്തില്‍ ജയകൃഷ്ണന്‍ വധത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് ബി.ജെ.പിയും യുവമോര്‍ച്ചയും മറ്റു പരിവാര്‍സംഘടനകളും ആവശ്യപ്പെട്ടത്. വധസംഘത്തില്‍ തന്നോടൊപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് രജീഷ് വെളിപ്പെടുത്തിയത്. അതീവ ഗൗരവമായികാണേണ്ടതാണ് ഈ വിഷയം.

ക്രൈംബ്രാഞ്ച്തന്നെയാണ് ഈ കേസ് ആദ്യം അന്വേഷിച്ചതും കോടതിയില്‍ കേസ് ഷീറ്റ് സമര്‍പ്പിച്ചതും. യഥാര്‍ത്ഥപ്രതികളെ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിയാഞ്ഞിട്ടല്ല ഇത്തരത്തില്‍ ഒരു കപടനാടകം കളിച്ചതെന്നുവേണം കരുതാന്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാവും അങ്ങനെ സംഭവിച്ചത്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ടുതന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്.? അതുകൊണ്ടാണ് രജീഷിന്റെ വിവാദമൊഴി വെളിപ്പെട്ട ഉടനെതന്നെ ജയകൃഷ്ണന്‍വധം ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നത്. പക്ഷെ അതിനോടു പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് വീണ്ടും കേസന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചതിലൂടെ വ്യക്തമാകുന്നത്. ഇതിലൂടെ യു.ഡി.എഫ്.സര്‍ക്കാരും പ്രതിക്കൂട്ടിലാവുകയാണ്. സി.ബി.ഐ കേസന്വേഷിച്ച് യഥാര്‍ത്ഥപ്രതികളെ കണ്ടെത്തിയാല്‍ ഒരുപക്ഷേ അത് യു.ഡി.എഫിനും പ്രധാനകക്ഷിയായ കോണ്‍ഗ്രസിനുമൊക്കെ എന്തെങ്കിലും രാഷ്ട്രീയകോട്ടം ഉണ്ടാകുമെന്ന് ധരിച്ചുകൊണ്ടാണോ ഇത്തരത്തിലൊരു നിലപാടു സ്വീകരിച്ചതെന്ന് അറിയില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും കോണുകളില്‍നിന്നുള്ള രാഷ്ട്രീയസമ്മര്‍ദ്ദമാകാം ഇതിനുകാരണം.

കേരളത്തിന്റെ ചരിത്രത്തില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് ഒരദ്ധ്യാപകനെ തുണ്ടംതുണ്ടമാക്കിയ സംഭവം അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സി.ബി.ഐ ഈ കേസന്വേഷിച്ച് യഥാര്‍ത്ഥപ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അതിലൂടെ മാത്രമേ കാലം എത്രകഴിഞ്ഞാലും സത്യം വെളിപ്പെടുമെന്നും നീതിന്യായവ്യവസ്ഥ ശക്തമായി നിലനില്‍ക്കുകയാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയൂ.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍