കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് അനന്തപുരിയില്‍ ഇന്നു തിരിതെളിയും

December 7, 2012 കേരളം

തിരുവനന്തപുരം: അനന്തപുരിയില്‍ പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും. നിശാഗന്ധിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയ്ക്ക് തിരിതെളിക്കും. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് വൈകുന്നേരം 7ന് വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശബ്ദ ചിത്രം ‘ദ റിങ്’ പ്രദര്‍ശിപ്പിക്കും. ലണ്ടനില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ നിശബ്ദസിനിമാ കാലഘട്ടത്തിലേക്കെത്തിക്കുന്ന പശ്ചാത്തല സംഗീതം അവതരിപ്പിക്കും. വിവിധ വിഭാഗങ്ങളിലായി 54 രാജ്യങ്ങളില്‍ നിന്ന് 198 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളുള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍  ചിത്രങ്ങളോടൊപ്പം മെക്‌സിക്കോ, സെനഗല്‍, ചിലി, ഫിലിപ്പൈന്‍സ്, ജപ്പാന്‍, തുര്‍ക്കി, അല്‍ജീരിയ, ഇറാന്‍ ചിത്രങ്ങളും മത്സരത്തിനുണ്ട്. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ‘ഫിലിമിസ്ഥാനും’ കമലിന്റെ ഹിന്ദി ചിത്രം ‘ഐ.ഡി.’ യും ടി.വി. ചന്ദ്രന്റെ ‘ഭൂമിയുടെ അവകാശികളും’ ജോയി മാത്യുവിന്റെ ‘ഷട്ടറും’ സുവര്‍ണ ചകോരത്തിനായി മത്സരിക്കുന്നുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ ‘മിഡ്‌നൈറ്റ് ചില്‍ഡ്രനെ’ അധികരിച്ച് ദീപാ മേത്ത ഇതേ പേരിലെടുത്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനവും ഈ മേളയിലാണ്. ശ്രദ്ധേയരായ 24 വനിതാസംവിധായകരുടെ 25 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഹെലേന ഇഗ്‌നസ്, ബെല്‍മിന്‍ സോയല്‍യമസ്, സുമിത്രാ ഭാവേ, അജിത് സുചിത്ര വീര, മരിയാം അബൗ അൗഫ്, റേച്ചല്‍ പെര്‍ക്കിന്‍സ്, ദീപ മേത്ത തുടങ്ങിവരുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.

മലയാളത്തിന്റെ പ്രിയനടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹം അഭിനയിച്ച ആറു ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തെക്കുറിച്ചുള്ള പ്രദര്‍ശനവും പുസ്തക പ്രകാശനവും ഉണ്ടാകും. മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളെ സ്മരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ക്രിസ് മാര്‍ക്കര്‍, ജാപ്പനീസ് സംവിധായകന്‍ കനേറ്റോ ഷിന്റോ, തിലകന്‍, സി.പി. പദ്മകുമാര്‍, ജോസ് പ്രകാശ്, നവോദയാ അപ്പച്ചന്‍, ടി.ദാമോദരന്‍, അശോക് മേത്ത, വിന്ധ്യന്‍, ബോംബെ രവി, ടി.എ. ഷാഹിദ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. റൗണ്ട് ടേബിള്‍, ട്രിഗര്‍ പിച്ച്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ടുവേര്‍ഡ്‌സ് കോ-ഓപ്പറേഷന്‍, ദ വൈറല്‍ വൈറസ്, മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍ എന്നീ എട്ട് വ്യത്യസ്ത പരിപാടികളാണ് ഇക്കുറി മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം