അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 7, 2012 ദേശീയം

മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം രാജിവച്ച എന്‍സിപി നേതാവ് അജിത് പവാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാനടക്കം ഭരണകക്ഷിയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷികളായ ശിവസേനയും ബിജെപിയും വിട്ടുനിന്നു. മുന്‍പ് ജലസേചന മന്ത്രിയായിരിക്കെ ജലസേചന പദ്ധതിയില്‍ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബര്‍ 25-നാണ് അജിത് പവാര്‍ രാജിവച്ചത്.

ജലസേചന അഴിമതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവള പത്രത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് അജിത് പവാറിന്റെ മന്ത്രിസഭയിലേക്കുള്ള മടക്കം. കേന്ദ്രമന്ത്രിയും എന്‍സിപിയുടെ സ്ഥാപകനേതാവുമായ ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറിന്റെ രാജിയെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് – എന്‍സിപി സഖ്യ സര്‍ക്കാരിനു തന്നെ ഭീഷണിയുയര്‍ന്നിരുന്നു. അജിത് പവാറിനൊപ്പം എന്‍സിപി മന്ത്രിമാരും രാജിവയ്ക്കുകയും അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി എംഎല്‍എമാര്‍ രാജിഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം