ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ ഭാഗം – 3

December 7, 2012 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

പരം ബ്രഹ്മഭവേത് നിത്യം മൃദാദിവത
(സര്‍വ്വവേദാന്ത സിദ്ധന്ത സാര സംഗ്രഹം)

കുടത്തിലെ കളിമണ്ണ്‌പോലെ ബ്രഹ്മം നിത്യമാണ്.  പരമാത്മതത്ത്വം നിത്യമാണ് എന്ന വസ്തുതയാണ് ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത്.

നാം കാണുന്ന നമ്മുടെ മുന്നിലുള്ള ഈ ദൃശ്യപ്രപഞ്ചം ഉണ്ടായ ഒന്നാണ്. ഉല്‍പ്പന്നമായതെല്ലാം മാറ്റങ്ങള്‍ക്കതീതമാകുന്നതും ഒടുവില്‍ നശിച്ചുപോകുന്നവയുമാണ്. എന്നാല്‍ ഇവയുടെ കാരണരൂപമായത് നാശത്തിന് വിധേയമല്ല. അതിന് കാലദേശാദിതത്ത്വവും സര്‍വ്വവ്യാപകത്വവും ഉണ്ട്. ഇത് പരമാത്മ തത്ത്വം തന്നെയാണ്. ഇത് പരമാത്മതത്ത്വത്തിന്റെ നിത്യത്തെയാണ് കുടത്തിലെ മണ്ണിലെ ദൃഷ്ടാന്തമാക്കി കാണിച്ച് സമര്‍ത്ഥിച്ച് തരുന്നത്.

കളിമണ്ണ് ഉപയോഗിച്ച് കലം, മരവി, കൂജ, ഭരണി തുടങ്ങിയവ നിര്‍മ്മിക്കാം. ആ നിലയില്‍ കളിമണ്ണ്, കുടം തുടങ്ങിയവയ്ക്ക് കാരണമാണ്. കളിമണ്ണിനെ മാത്രം നിരത്തി കുടം എന്ന ഒന്നിനെ കാണാന്‍ സാധ്യമല്ല. ഇത്തരത്തിലുള്ള ഒരു കാരണത്തെ ഉപാദാന കാരണം എന്നാണ് പറയുന്നത്. കുടം തുടങ്ങിയവയെ സംബന്ധിച്ചിടത്തോളം മണ്ണ് നിത്യമാണ്. കുടം ഉണ്ടാക്കുന്നതിന് മുമ്പ് മണ്ണ് ഉണ്ടായിരുന്നു. കുടമുള്ള കാലത്തും മണ്ണ് ഉണ്ട്. ആ കുടം നശിച്ചാലും മണ്ണ് ഉണ്ടായിരിക്കും. ഇപ്രകാരം കുടത്തെ സംബന്ധിച്ചിടത്തോളം വര്‍ത്തമാന ഭൂത ഭവിഷത് കാലങ്ങളില്‍ മണ്ണ് ഉണ്ട്. മണ്ണിന്റെ ഈ വര്‍ത്തമാന ഭൂത ഭാവികാലങ്ങളിലും മണ്ണ് ഉള്ളതുകൊണ്ട് അതിലെ നിത്യത്തിന്റെ ഒരു പ്രതീകമായി ഇവിടെ സ്വീകരിച്ചിരിക്കുന്നു. കലം, ഭരണി തുടങ്ങിയവയ്ക്ക് കളിമണ്ണ് നിത്യമായ ഉപാദാന കാരണമായ ഉപാദാനമായതുപോലെ ഈ ദൃശ്യപ്രപഞ്ചത്തിന്റെ ഉപാദാന കാരണമാണ് പരബ്രഹ്മം.

ഇവിടെ ദൃഷ്ടാന്തം മണ്ണും ദ്രാഷ്ടാന്തികം ബ്രഹമഹത്വവുമാണ്. ഈ ദൃഷ്ടാന്ത ദ്രാഷ്ടാന്ത്യകത്തിനുള്ള സമാധാന ധര്‍മ്മമാകട്ടെ ഇവ രണ്ടും ഉപാദാന കാരണമെന്നുള്ളതാണ്. തികച്ചും താത്ത്വികമായ കാര്യം കണക്കിലെടുത്താണെങ്കില്‍ മണ്ണ് ഒരിക്കലും നിത്യമല്ല. വേദാന്ത ദര്‍ശനമനുസരിച്ച് ഇന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കാവുന്നവ ഒരിക്കലും നിത്യമല്ല. മണ്ണ് നാം ചക്ഷുരിന്ദ്രിയം കൊണ്ട് കാണുന്നതാണ്. അതുകൊണ്ട് നിത്യമായ ഒന്നിന്റെ പ്രതീകമായി മണ്ണിനെ ദൃഷ്ടാന്തമാക്കിയത് ശരിയാണോ? ആത്യന്തികമായി മണ്ണ് നിത്യമതല്ലെന്നത് ശരി. അത്യന്തികമായി നിത്യം ആത്മാവ് മാത്രമാണ്. കുടം, കലം, കൂജ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ഒരു ആനുപാതിക നിത്യത്വം മണ്ണിനുണ്ട്. ആ നിലയില്‍ നിത്യത്വത്തിന്റെ ദൃഷ്ടാന്തമായി മണ്ണിനെ എടുത്തു എന്നുമാത്രം. കുടം ഉണ്ടായതായ തുടങ്ങിയവ നശിച്ചാലും നിത്യമായ മണ്ണ് നശിക്കാതിരിക്കുന്നത് കാരണമായതുപോലെ ഉണ്ടായതുപോലെ ഉണ്ടായതായ ഈ ദൃശ്യപ്രപഞ്ചം നശിച്ചാലും കാരണമായ ബ്രഹ്മം അവിനാശിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം