വിശിഷ്ടസേവന പുരസ്കാരം: ആനുകൂല്യങ്ങള്‍ മുന്‍കാലപ്രാബല്യത്തോടെ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

December 8, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെ വര്‍ദ്ധന ലഭിക്കത്തവിധത്തില്‍ മുന്‍കാലപ്രാബല്യത്തോടെ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സായുധസേനാപതാകദിനാഘോഷവും വിമുക്തഭടസംഗമവും ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തിലെ ഒളിമ്പിയ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവയവമാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്കും പ്രായം ചെന്ന സ്ഥിരം ചികിത്സ ആവശ്യമായവര്‍ക്കും സാമ്പത്തിക സഹായം നല്‍കും.

ബ്രൈറ്റ് സ്റുഡന്റ് സ്കോളര്‍ഷിപ്പിനുള്ള പരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രാജ്യസൈനിക ബോര്‍ഡ് തീരുമാനിച്ചിരുന്നു. മുന്‍സൈനികരുടെയും ആശ്രിതരുടെയും പരാതിപരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിക്ക് മിനി വാന്‍ വാങ്ങുന്നതിന് 13 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമുക്തഭടന്‍മാരായ മൂവായിരം പേര്‍ ഹോം ഗാര്‍ഡായി ജോലി നോക്കുന്നുണ്ട്. ഇവരുടെ സേവനവേതനവ്യവസ്ഥ മെച്ചപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. സൈനികക്ഷേമവകുപ്പിനു കീഴില്‍ 46 ക്ഷേമപദ്ധതികള്‍ നടക്കുന്നുണ്ട്. വിവിധ പദ്ധതികളിലായി ഒന്‍പതരക്കോടി രൂപ 12640 ഗുണഭോക്താക്കള്‍ക്ക് ഈ വര്‍ഷം നല്‍കി. സൈനികര്‍ക്കുവേണ്ടി ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയുടെ ലാഭം ചെലവഴിക്കും. എറണാകുളത്ത് സൈനിക റസ്റ് ഹൌസിന്റെ പണി പൂര്‍ത്തിയായി ഇതോടെ സൈനിക റസ്റ് ഹൌസുകളുടെ എണ്ണം അഞ്ചാകും. മലപ്പുറത്ത് പണി ആരംഭിച്ചു കഴിഞ്ഞു. കോട്ടയത്ത് അനുമതി നല്‍കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വാതന്ത്ര്യസമരം മുതല്‍ കാര്‍ഗില്‍ യുദ്ധം വരെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി അഹോരാത്രം പോരാടുന്ന സൈനികരോടുള്ള പ്രതിബദ്ധത എല്ലാ ഭാരതീയര്‍ക്കുമുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ധീരയോദ്ധാക്കളെ ആദരിച്ചു. ആരോഗ്യദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഗുഡ്വില്‍ അംബാസഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍, സൈനികക്ഷേമഡയറക്ടര്‍ കെ.കെ.ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍