ശബരിമലയില്‍ വന്‍ തിരക്ക്

December 8, 2012 കേരളം

ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. സന്നിധാനവും കാനനപാതയും അയ്യപ്പന്മാര്‍ നിറഞ്ഞു. ആറും ഏഴും മണിക്കൂര്‍ കാത്തുനിന്നാണ് സ്വാമിമാര്‍ അയ്യപ്പദര്‍ശനം നടത്തിയത്. തിരക്കുമൂലം വെള്ളിയാഴ്ച രാത്രി 11.30നാണ്  നടയടച്ചത്.

വെള്ളിയാഴ്ച നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള തീര്‍ഥാടകരുടെ നിര മരക്കൂട്ടം  കഴിഞ്ഞിരുന്നു. പമ്പയില്‍ രാത്രി ഒന്‍പതുമണിയോടെ വടംകെട്ടി തീര്‍ഥാടകരെ നിയന്ത്രിച്ച് ഘട്ടം ഘട്ടമായാണ്  കടത്തിവിട്ടത്. വെര്‍ച്വല്‍ക്യൂ വഴി വെള്ളിയാഴ്ച 41,230 പേര്‍ ദര്‍ശനം നടത്തി. വെര്‍ച്വല്‍ ക്യൂ നടപ്പന്തലിന് പുറത്ത് ബെയ്‌ലി പാലം വരെ നീണ്ടു.  പ്രസാദത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.  ഉണ്ണിയപ്പം ഒരാള്‍ക്ക് രണ്ട് കവര്‍ വീതമേ നല്‍കിയുള്ളൂ. അപ്പം-അരവണ കൗണ്ടറുകളില്‍ വലിയ ക്യൂ രൂപപ്പെട്ടു.

തിരക്ക് കൂടിയതോടെ കെ.എസ്.ആര്‍.ടി.സി. പമ്പ-നിലയ്ക്കല്‍ സര്‍വീസിന് 15 ബസ്സുകള്‍കൂടി ഓടിച്ചു. ഇതോടെ പമ്പ-നിലയ്ക്കല്‍ സര്‍വീസിന് 105 ബസ്സുകളായി.

അതിനിടെ എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.രാഗേഷിന്റെ നേതൃത്വത്തില്‍ സന്നിധാനം, മരക്കൂട്ടം, മാളികപ്പുറം പരിസരം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍  നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ബീഡി,  സിഗരറ്റ്, പുകയില എന്നിവ പിടികൂടി.എകൈ്‌സസ് പരിശോധനയ്ക്കിടെ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ 25 ലിറ്റര്‍ ഡീസല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം