അമേരിക്കന്‍ വിമാനങ്ങളില്‍ സ്‌ഫോടകവസ്തു കണ്ടെത്തി

October 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള ചരക്കു വിമാനങ്ങളില്‍ കണ്ടെത്തിയ ബോംബെന്നു സംശയിച്ച വസ്തു യെമനില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തു തന്നെയാണെന്ന് തെളിഞ്ഞു. ഷിക്കാഗോയിലെ ജൂത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്കാണ് പാഴ്‌സല്‍ അയച്ചത്. കൃത്രിമം വരുത്തിയ പ്രിന്‍റര്‍ ടോണറിലാണ് സ്‌ഫോടക വസ്തു ഒളിപ്പിച്ചിരുന്നത്. വെളുത്ത പൊടി നിറച്ച ടോണറിനുള്ളില്‍ നിരവധി വയറുകളും സര്‍ക്യൂട്ട് ബോര്‍ഡുമുണ്ടായിരുന്നു.
പെന്റാഎരിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (പി.ഇ.റ്റി.എന്‍) എന്ന സ്‌ഫോടകവസ്തുവാണ് ടോണറുകള്‍ക്കുള്ളിലെന്നായിരുന്നു റിപ്പോര്‍ട്ട്. നൈട്രോ ഗ്ലിസറിന്‍ വിഭാഗത്തില്‍പ്പെടുന്ന ഇത് വലിയ സ്‌ഫോടക ശേഷിയുള്ളതാണ്. ഒരു സെല്‍ഫോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താവുന്ന രീതിയിലാണ് ഇവ സജ്ജീകരിച്ചിരുന്നത്.
കഴിഞ്ഞ ഡിസംബര്‍ 25 ന് ആംസ്റ്റര്‍ഡാമില്‍ നിന്നും ഡെട്രോയിറ്റിലേയ്ക്കുള്ള നോര്‍ത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ക്കാന്‍ ശ്രമിച്ച നൈജീരിയന്‍ വംശജന്‍ ഉമര്‍ ഫാറൂഖ് അബ്ദുള്‍മുത്തലബ് ഉപയോഗിച്ചതും പി.ഇ.റ്റി.എന്നാണ്.  രണ്ടു പാഴ്‌സലുകളും യെമനില്‍ നിന്നാണ് കയറ്റിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സ്ഥിരീകരിച്ചു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വെയ്ദ അമേരിക്കയേയും സുഹൃത് രാജ്യങ്ങളേയും ലക്ഷ്യം വെച്ചിരിക്കുകയാണന്നും ഒബാമ പറഞ്ഞു.
യെമനില്‍ നിന്ന് ഷിക്കാഗോയിലേക്കു പോവുകയായിരുന്ന വിമാനം ബ്രിട്ടനിലെ വെസ്റ്റ് മിഡ് ലാന്‍ഡ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംശയാസ്​പദമായ വസ്തു കണ്ടത്. ഷിക്കാഗോയിലേക്കുള്ള മറ്റൊരു വിമാനം ദുബായില്‍ ഇറങ്ങിയപ്പോഴും ഇതേ തരത്തിലുള്ള വസ്തു കണ്ടെത്തിയിരുന്നു.  സംശയാസ്​പദമായ സാഹചര്യത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും വിമാനത്താവളങ്ങളില്‍ വെള്ളിയാഴ്ച രാത്രി അടിയന്തരപരിശോധനകള്‍ തുടങ്ങി. ചില വിമാനത്താവളങ്ങള്‍ അടച്ചിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം