സൈനികരുടെയും വിമുക്ത ഭടന്‍മാരുടെയും പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും : എ.കെ. ആന്റണി

December 8, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സായുധസേനാംഗങ്ങളുടെയും, വിമുക്തഭടന്‍മാരുടെയും പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര രാജ്യരക്ഷാ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ ആര്‍മി മേള 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനികരുടെ പരിശീലനത്തിലും, ആയുധ ശേഖരത്തിലും മാത്രമല്ല അവരുടെ ക്ഷേമപ്രവര്‍ത്തനത്തിലും ഗവണ്‍മെന്റ് ശുഷ്കാന്തി പുലര്‍ത്തുന്നുണ്ട്. രാജ്യത്തിനുവേണ്ടി അതിര്‍ത്തി കാക്കുന്ന പാട്ടാളക്കാരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സായുധസേനാംഗങ്ങളില്‍ പലരും നാല്പത് വയസിനുള്ളില്‍ വിരമിക്കുന്നത് അവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിരമിച്ച സൈനികര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റൊരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടാകാത്ത ശ്രമങ്ങളാണ് ഇപ്പോഴുള്ളതെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് വിമുക്ത ഭടന്‍മാര്‍ക്ക് 4500 കോടി രൂപയുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുണ്ട്.

വിമുക്ത ഭടന്‍മാരുടെ പെന്‍ഷന്‍ സംബന്ധിച്ച് അനുഭാവപൂര്‍വമായ പരിഗണന ഇനിയും ഉണ്ടാകുമെന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍, കരസേന സതേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാണ്ടിങ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ എ.കെ. സിംഗ്, ആന്ധ്ര, തമിഴ്നാട്, കേരള, കര്‍ണാടക ജനറല്‍ ഓഫീസര്‍ കമാണ്ടിങ് ലഫ്റ്റനന്റ് ജനറല്‍ വി.കെ. പിള്ള, ദക്ഷിണ വായുസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.ആര്‍. ജോളി, മേജര്‍ ജനറല്‍ വേണുഗോപാല്‍, ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സൈനിക പ്രവര്‍ത്തനത്തിനിടെ വൈകല്യം സംഭവിച്ചവര്‍ക്കുള്ള വാഹനങ്ങളുടെ വിതരണവും, പട്ടാളക്കാരുടെ വിധവകള്‍ക്കുള്ള സഹായധന വിതരണവും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.കെ. ആന്റണി നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൈനികരുടെ അശ്വാഭ്യാസ പ്രകടനം, കളരിപ്പയറ്റ്, സ്കൈ ഡൈവിങ് തുടങ്ങിയ അഭ്യാസ പ്രകടനങ്ങളും അവതരിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍