വിദ്യാഭ്യാസ വായ്പ; ബി.പി.എല്‍ വിഭാഗത്തിന്‍റെ പലിശബാധ്യത സര്‍ക്കാര്‍ വഹിക്കും: കെ.എം. മാണി

December 8, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2004 – 2009 കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസകാലത്തെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇതോടുകൂടി 2012-13 ലെ ഒരു ബജറ്റ് വാഗ്ദാനം കൂടി സര്‍ക്കാര്‍ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.

ഇതു സംബന്ധിച്ച് ഒക്ടോബര്‍ 18-ന് സരക്കാര്‍ ഉത്തരവ് പുറത്തിറിക്കിയതായി അദ്ദേഹം പറഞ്ഞു. അര്‍ഹരായവര്‍ ഡിസംബര്‍ 31-ന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്‍ ബി.പി.എല്‍. വിഭാഗത്തിലാണോ എന്ന് ജില്ലാ കളക്ടര്‍ 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. 2013 മാര്‍ച്ചിന് മുമ്പായി പലിശബാധ്യത എഴുതിത്തള്ളും. 2004-09 കാലഘട്ടത്തിലെടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിലവിലെ ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും. ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ കോഴ്സുകള്‍ പഠിക്കുന്നതിന് വായ്പ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പലിശയിളവിന് അര്‍ഹതയുള്ളത്. പ്രവേശന തീയതി മുതല്‍ അവസാന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി വരെയുള്ള പഠനകാലയളവിലാണ് പലിശ ഇളവ് അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യരായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പലിശയിളവ് കണക്കാക്കി അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്വം അതത് ജില്ലാ കളക്ടര്‍ക്കായിരിക്കും. പലിശയിളവിനാവശ്യമായ തുക ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കും. നിര്‍ദ്ദിഷ്ട ഫോറത്തിലാണ് പലിശയിളവിനുള്ള അപേക്ഷ നല്‍കേണ്ടത്. അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് ബാധ്യപ്പെട്ടാല്‍ ഒരു പകര്‍പ്പ് ബന്ധപ്പെട്ട ബാങ്കിന് ജില്ലാ കളക്ടര്‍ അയച്ചുകൊടുക്കണം. ബാങ്ക് പലിശ തിട്ടപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കണം. അനുവദനീയമായ തുക സര്‍ക്കാരിനെ അറിയിക്കണം. വായ്പക്കാരന്റെ ലോണ്‍ അക്കൌണ്ടില്‍ കളക്ടര്‍ തുക അടയ്ക്കണം. ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സാധാരണ പലിശ നിരക്കിലാണോ ബാങ്കുകള്‍ പലിശ കണക്കാക്കിയിട്ടുള്ളതെന്ന് കളക്ടര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍