യോഗാഭ്യാസപാഠങ്ങള്‍ – 3

December 9, 2012 സനാതനം

യോഗാചാര്യ എന്‍.വിജയരാഘവന്‍

അഷ്ടാംഗയോഗത്തിലെ രണ്ടാമത്തെ അംഗമാണ് നിയമം. ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളുള്ള നിയമത്തില്‍ വ്യക്തികള്‍ അനുഷ്ഠിക്കേണ്ടുന്ന ദിനചര്യകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ശൗചം
ശരീരത്തിന്റെ ശുദ്ധിയാണ് ആരോഗ്യകരമായ ജീവിതത്തിനാധാരം. കുളിക്കുന്നതിലൂടെ ശരീരത്തിന്റെ ബാഹ്യഭാഗം ശുദ്ധീകരിക്കപ്പെടുമ്പോള്‍ ആസനങ്ങളും പ്രാണായാമങ്ങളും ഷട്ക്രിയകളും ആന്തരീകാവയവങ്ങളെ ശുദ്ധിചെയ്യുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷവസ്തുക്കളെ പുറംന്തള്ളാന്‍ യോഗപരിശീലനംകൊണ്ട് സാധിക്കും.

ശരീരശുദ്ധി, സത്ചിന്ത എന്നിവയോടൊപ്പം ശുദ്ധമായ ഭക്ഷണവും ആവശ്യമാണ്. വസ്ത്രം, വായു, വപുസ്സ്, വിദ്യ, വിനയം, വാക്ക് എന്നിവയില്‍ ശുചിത്വം പാലിക്കുന്നവര്‍ സംസ്‌കാരസമ്പന്നന്മാരായിരിക്കും.

സന്തോഷം
സന്തോഷവാന് എത് പ്രശ്‌നത്തേയും എളുപ്പം നേരിടാന്‍ സാധിക്കും. ദുഃഖം മനസ്സിനെയും ശരീരത്തെയും ഒരുപോലെ ക്ഷീണിപ്പിക്കുന്നതില്‍ യാതൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ മനുഷ്യന് സാധിക്കാതെ വരുന്നു.

തപസ്സ്
നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള കരുത്ത് ആര്‍ജ്ജിക്കാന്‍ തപസ്സുചെയ്യണം. ആത്മവിശ്വാസം സത്പ്രവൃത്തി, കഠിനനിഷ്ഠ എന്നിവ ജീവിതവിജയത്തിന് അത്യാവശ്യമാണ്.

തപസ്സ് മൂന്നുവിധമുണ്ട്. കായികം, വാചികം, മാനസികം, ബ്രഹ്മചര്യം, അഹിംസ എന്നിവ ശരീരത്തിന്റെ തപസ്സാണ്. നല്ലവാക്ക് പറയുക സത്യം പറയുക എന്നിവ വാചിക തപസ്സും, സന്തോഷത്തെയും സന്താപത്തെയും സമരസപ്പെടുത്തി ജീവിതത്തെ മുന്നേറാനുള്ള ശക്തി സംഭരിക്കുന്നത് മാനസികതപസ്സാണ്.

സ്വാദ്ധ്യായം
സ്വാദ്ധ്യായം എന്നാല്‍ സ്വയം പഠിക്കുക എന്നര്‍ത്ഥം. കഴിഞ്ഞകാലത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ പോകുന്നവന്‍ കര്‍മ്മരംഗത്ത് വിജയിക്കും. തെറ്റാണെന്നുതോന്നിയാല്‍ അവ തിരുത്തണം. ജ്ഞാനമാണ് ശക്തി. അജ്ഞത ശത്രുവും. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവാര്‍ജ്ജിക്കാന്‍ വിദ്യവേണം. ശരിയല്ലാത്ത കാര്യങ്ങള്‍ ശരിയാണെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ ജീവിതം ക്ലേശപൂര്‍ണ്ണമാകുന്നു. ഇതിനുള്ള പരിഹാരം ഈശ്വരവിശ്വാസവും ഈശ്വരനാമജപവും സദ്ഗ്രന്ഥപാരായണവുമാണ്.

ഈശ്വരപ്രണിധാനം
മനുഷ്യന്‍ എന്ന നിലയ്ക്ക് നമ്മുടെ എല്ലാ കര്‍മ്മങ്ങളും പരാശക്തിയില്‍ അര്‍പ്പണമനോഭാവത്തോടും ഏകാഗ്രതയോടുംകൂടി സമര്‍പ്പിക്കുന്നതാണ് ഈശ്വര പ്രണിധാനം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം