വിളപ്പില്‍ശാല മാലിന്യപ്രശ്നം: ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി രണ്ടിലേക്ക് മാറ്റി

December 10, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: വിളപ്പില്‍ശാല മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി രണ്ടിലേക്ക് മാറ്റി. മാലിന്യപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ധസമിതി പരിഹരിക്കേണ്ട പ്രശ്നങ്ങളും മേഖലകളും സംബന്ധിച്ച് റിപ്പോര്‍ട്ടു നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം കോര്‍പറേഷനും വിളപ്പില്‍ശാല പഞ്ചായത്തും സംയുക്ത സമരസമിയും ഉള്‍പ്പെട്ട കക്ഷികള്‍ റഫറന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ചീഫ് ജസ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. അതിനിടെ മാലിന്യ പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ സമരസമിതി കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥലത്തെ സ്ഥിതി വിലയിരുത്താന്‍ പര്യാപ്തമാണ്. നഗരസഭ എങ്ങനെ മാലിന്യം നിര്‍മ്മാര്‍ജനം നടത്തുമെന്ന കാര്യമാണ് പഠിക്കേണ്ടതെന്നും സമരസമിതിക്ക് വേണ്ടി ഹാജരായ അഡ്വ.കാളീശ്വരം രാജ് ഹൈക്കോടതിയില്‍ വാദിച്ചു.

മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിക്കവേ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാനായി വിദഗ്ദ സമിതിയെ നിര്‍ദേശിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കക്ഷികള്‍ വിദഗ്ധസമിതി അംഗങ്ങളുടെ പേരുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ നിന്നും വിദഗ്ധ സമിതിയെ ഹൈക്കോടതി തെരഞ്ഞെടുത്ത് നിയോഗിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം