ക്ഷേത്രങ്ങളും കലാപോഷണവും

December 10, 2012 ലേഖനങ്ങള്‍

പണ്ഡിതരത്‌നം പ്രൊഫ: കെ.പി.നാരായണ പിഷാരോടി

എല്ലാ കലകള്‍ക്കും പരിപൂര്‍ണ്ണമായ സ്വാഗതം ലഭിച്ചിരുന്ന സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങള്‍ മാത്രമാണ്. കലകളെയാകെ ക്ഷേത്രങ്ങളില്‍നിന്നു ഒഴിച്ചുനിര്‍ത്തുന്നതാകയാല്‍ പിന്നെ ഒന്നും അവിടെ അവശേഷിക്കുന്നില്ല. അവിടെ വെറും ശൂന്യമണ്ഡലമാകും. പ്രധാന പ്രതിഷ്ഠാബിംബം മുതല്‍ പുറംമതിലും ഗോപുരവും വരെയുള്ള വാസ്തുശില്പങ്ങളും, പുലരാതനകാലത്ത് പള്ളിയുണര്‍ത്തുന്നതുമുതല്‍ രാത്രി ത്രിപ്പൂകവരെയുള്ള നിത്യനിദാനങ്ങളും, വിഷ്ണുകണിതൊട്ട് ഉത്സവാഘോഷമടക്കമുള്ള ആണ്ടുവിശേഷങ്ങളും എന്നുവേണ്ട, ക്ഷേത്രത്തിലുള്ള എന്തും കലമയമാണെന്ന് അല്പമൊന്നു ശ്രദ്ധിച്ചുനോക്കിയാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. ക്ഷേത്രപ്രതിഷ്ഠാപകന്മാര്‍ കലാപോഷണത്തെ മറ്റേതിലുമധികം പ്രധാനമായികരുതിയിരുന്നെന്ന് അപ്പോള്‍ ബോദ്ധ്യമാകുകയും ചെയ്യും.

നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് സഹസ്രാംബ്ദങ്ങളുടെ പഴക്കമുണ്ട്. ചിത്രശില്പാദികള്‍ക്ക് ഒത്തുചേരാനുള്ള ക്ഷേത്രങ്ങളായിട്ടാണ് പണ്ടുള്ളവര്‍ ക്ഷേത്രങ്ങളെ കരുതിപ്പോന്നിരുന്നത്. പണ്ടത്തെ കലാഭിവൃത്തിയുടെ വല്ല അവശിഷ്ടങ്ങളും ഇന്നും നശിക്കാതെ കിടപ്പുണ്ടെങ്കില്‍ അതും ക്ഷേത്രങ്ങളില്‍മാത്രമാണ്. അവിടെകാണുന്ന വാസ്തുശില്പത്തെക്കുറിച്ച് നമുക്ക് ആദ്യം ഒരു പരിവേഷണം നടത്താം. ക്ഷേത്രത്തിന്റെ ഹൃദയമാണ് ശ്രീകോവില്‍. ശില്പവൈചിത്ര്യത്തിന്റെ പ്രധാനാസ്പദവും ആ ശ്രീകോവില്‍തന്നെ. പല പൂക്കളിലൂറുന്ന തേന്‍തുള്ളികള്‍ ഒരു തേന്‍കൂട്ടില്‍ വന്നുചേരുന്നതുപോലെ വാസനാശാലികളായ അസംഖ്യം ശില്പികളുടെ ഭാവനാവിലാസങ്ങളും കരകൗശലങ്ങളും ഒരേ ഒരു ശ്രീകോവിലില്‍ പതിയുന്നു. ശില്പകലാരസികന്മാര്‍ക്ക് ഒരു മഹോത്സവം തന്നെയാണ് മഹാക്ഷേത്രങ്ങളിലെ ശ്രീകോവിലുകള്‍.

ക്ഷേത്രങ്ങളിലെ ആത്മാവ് പ്രതിഷ്ഠാവിഗ്രഹമാണല്ലോ. ആ വിഗ്രഹത്തിന്റെ മഹിമയാണ് ക്ഷേത്രമാഹാത്മ്യത്തിന്റെ മൂലകാരണം. പ്രതിമാനിര്‍മ്മാണ കലയുടെ പരമസീമ പ്രതിഷ്ഠാവിഗ്രഹമാണ്. മിക്കക്ഷേത്രങ്ങളിലും പ്രതിഷ്ഠാബിംബങ്ങള്‍ കരിങ്കല്ലുകൊണ്ടാണ്. ദാരുബിംബങ്ങള്‍ ഓടുകൊണ്ടോ ഐമ്പൊന്നുകൊണ്ടോ വാര്‍ത്തുണ്ടാക്കിയ ബിംബങ്ങളും ദുര്‍ബലമായിക്കാണാം. വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ്ഗ, ശാസ്താവ്, ഗണപതി, ഭദ്രകാളി, ദുര്‍ഗ്ഗ എന്നീമൂര്‍ത്തികളാണ് കേരളക്ഷേത്രങ്ങളില്‍ അധികവുംകാണുക. പലരൂപത്തിലും ഭാവത്തിലുമുളള ആ പ്രതിഷ്ഠാബിംബങ്ങളില്‍ ശില്പികള്‍ വരുത്തുന്ന തന്മയത്വമാണ് ദിവ്യചൈതന്യത്തിന്റെ ഉത്ഭവസ്ഥാനം.

ഇനി നമുക്ക് ബിംബം പ്രതിഷ്ഠിക്കുന്ന ശ്രീകോവിലിന്റെ നിര്‍മ്മാണകലയെപ്പറ്റി ഒരു പര്യവലോകനം നടത്താം.

സര്‍വ്വവ്യാപിയും സര്‍വാധാരഭൂതരും ഹിരണ്യഗര്‍ഭരുമായ മഹാവിഷ്ണുവിന്റെ നാഭിയില്‍നിന്ന് ഒരു താമര മുളച്ചു. അതിന്‍മേല്‍ വിരിഞ്ഞ ചെന്താമരപൂവില്‍ നമ്മുടെ പിതാമഹനായ ആദിമകലാകാരന്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവന്‍ തന്റെ ജന്മസ്ഥാനപത്മംകൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂര്‍മ്മം. അതിന്റെ തണ്ടാണ് അനന്തന്‍. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിര്‍മ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാല്‍ ഈ പരമാര്‍ത്ഥം വ്യക്തമാകുന്നതാണ്.

ഭൂഗര്‍ഭത്തില്‍ അടിയില്‍ ഒരു നിധികുംഭം, അതിന്മേല്‍ ശിലാപത്മം, അതിന്മേല്‍ ശിലാകൂര്‍മ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേല്‍ വിടര്‍ന്നു നില്‍ക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉള്‍ഭാഗമായ ഗര്‍ഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കര്‍ണ്ണികയാണ് പീഠം. പീഠമദ്ധ്യത്തില്‍ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോള്‍ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗര്‍ഭഗൃഹമെന്ന് വ്യക്തമാണല്ലോ.

പീഠപൂജ ചെയ്താണ് മൂര്‍ത്തിയെ ആവാഹിക്കുന്നത്. അധര്‍മ്മം, അജ്ഞാനം, വൈരാഗ്യം, അനൈശ്വര്യം ഇവകൊണ്ടാണ് പീഠത്തിന്റെ ചട്ടം കൂട്ടിയിട്ടുള്ളത്. സത്വരജസ്തമസുകളാകുന്ന ഗുണത്രയം ആ ചട്ടത്തിന് നടുവില്‍ മേലെ വലിച്ചുകെട്ടി അതിനുമീതെ മായയെന്ന മെത്തവിരിച്ച് വിദ്യകൊണ്ട് മേല്‍വിരിപ്പിട്ട് അതിനുമുകളില്‍ വികസിച്ചൊരു അഷ്ടദളപദ്മം വച്ചതായി സങ്കല്പിച്ചു പൂജിക്കുന്നു.

ഈ പത്മമത്രേ സര്‍വ്വശക്തിയുക്തനായ ആത്മാവിന്റെയും അന്തരാത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനാത്മാവിന്റെയും അധിഷ്ഠാനം. വിമല, ഉല്‍ക്കര്‍ഷിണി, ജ്ഞാനി, ക്രിയ, യോഗ, പ്രഹ്വി, സത്വ, ഈശ, അനുഗ്രഹ ഇങ്ങനെ ഒമ്പത് ശക്തികളാണ് ആത്മാവിന് ഉള്ളത്. ഇതൊക്കെയാണ് പീഠപൂജാ സങ്കല്പത്തിലെ ക്രമം. മൂര്‍ത്തിഭേദമനുസരിച്ച് പീഠസങ്കല്പത്തില്‍ അല്പാല്പം ഭേദംകാണാം. ഏതുവിധത്തിലായാലും ലോകപത്മത്തിന്റെ ഭാവനാ കല്പിതമായ ഒരു പ്രതിരൂപമാണ് പൂജാപീഠമെന്ന് സംശയമില്ല.

ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും അതായതു ശരീരത്തിലും ഉണ്ടെന്ന് തത്ത്വജ്ഞാനികള്‍ പറയാറുണ്ട്. ആ വഴി നോക്കുമ്പോള്‍ ലോകപത്മത്തിന്റെ സ്ഥാനം വഹിക്കുന്നത് നമ്മുടെ ഹൃദയ കമലമാണ്. ആ ഹൃദയ കമലത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നുണ്ട് ശ്രീകോവിലും പൂജാപീഠവും. വിശ്വദേവിയായ ഈശ്വരനെ ആദ്യം ഹൃദയകമലത്തില്‍ സാക്ഷാത്കരിക്കുന്നു. പിന്നെ ആ ഈശ്വരനെ ശ്രീകോവിലില്‍ പ്രതിഷ്ഠാവിഗ്രഹത്തില്‍ ആവാഹിക്കുന്നു. അങ്ങനെ വിശ്വാത്മാവും, ജീവാത്മാവും വിഗ്രഹചൈതന്യവും മൂന്നും ഒന്നൊന്നുള്ള ആദൈ്വതബോധത്തില്‍ ജനങ്ങളെ എത്തിക്കുവാന്‍ പണ്ടുള്ളവര്‍ കലാപരമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളുടെ പരിണിതഫലങ്ങളാണ് നമ്മുടെ ക്ഷേത്രങ്ങളെല്ലാം. എത്ര വിശാലവും ഉദാത്തവുമായ ഭാവനാ വിശേഷം.

ഉറപ്പും വൃത്തിയും ഭംഗിയും വരുത്തുന്നതില്‍ എത്രയായാലും തൃപ്തി വരാത്തവരായിരുന്നു പണ്ടത്തെ ക്ഷേത്രപ്രതിഷ്ഠാപകന്‍മാര്‍. പ്രളയംതന്നെ വന്നാലും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് നാശം സംഭവിക്കരുതെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ശ്രീകോവില്‍തറയും മറ്റും അവര്‍ കരിങ്കല്ലുകൊണ്ടേ പണിയാറുള്ളൂ. കരിങ്കല്‍ കഴിഞ്ഞാല്‍പിന്നെ ഇഷ്ടിക, വെട്ടുകല്ല്, കുമ്മായം, മരം എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് ശില്പ സാമഗ്രികള്‍. കടുക്ക കഷായവും കരിമ്പിന്‍നീരും കൂട്ടി ആട്ടി പാകപ്പെടുത്തിയിട്ടുള്ള കുമ്മായക്കൂട്ടിനെ ഇന്നത്തെ കോണ്‍ക്രീറ്റിനെക്കാള്‍ ഉറപ്പുകൂടും. ബിംബപ്രതിഷ്ഠയില്‍ ബിംബത്തിന്റെയും പീഠത്തിന്റെയും ഇടപഴുതടയ്ക്കുവാന്‍ ഉപയോഗിക്കുന്ന അഷ്ടബന്ധക്കൂട്ടിന്റെ കടുപ്പം അദ്ഭുതാവഹമെന്നേ പറയാനാവൂ. ശംഖിന്‍പൊടി, ചെഞ്ചല്യം, കടുക്കത്തോട്, പരുത്തിപ്പഞ്ഞി, കോഴിപ്പരല്‍, മണല്‍, അരക്ക്, നെല്ലിക്ക എന്നീ എട്ടുകൂട്ടം വസ്തുക്കള്‍ കണക്കനുസരിച്ച് കൂട്ടിയിടിച്ച് ചേര്‍ത്ത് നിര്‍മ്മിക്കുന്ന അഷ്ടബന്ധം പണ്ടുള്ളവരുടെ ഗവേഷണബുദ്ധിയുടെ ഒരു നിദര്‍ശനമാണ്.

കലാഭംഗി തികഞ്ഞ വ്യത്യസ്താകൃതിയിലുള്ള പല ഘടകങ്ങളും ശ്രീകോവിലിന്റെ തറയ്ക്കുതന്നെയുണ്ട്. പാതുകം, ജഗതി, കുമുദം, ഗളം, കമ്പം, പടി എന്നെല്ലാമാണ് അവയുടെ പേരുകള്‍, അങ്ങനെ ദൃഢവും സ്ഥിരവും, സുഭഗവുമായ തറയ്ക്കുമേലാണ് സ്തംഭങ്ങളും ഭിത്തികളും കെട്ടിപ്പൊക്കുന്നത്. വലിയ ശ്രീകോവിലുകള്‍ക്ക് അകത്തുംപുറത്തുമായി രണ്ടുഭിത്തികളും അവയുടെ മദ്ധ്യത്തില്‍ ഒരു ഇടനാഴിയും ഉണ്ടായിരിക്കും. ഗര്‍ഭഗൃഹത്തിന്റെ മേല്‍ഭാഗം തുരവുപടുത്ത് മുകുളാകൃതിയാക്കി മൂടുന്നു. അതിന്റെ മീതെ തട്ടിടുകയും ചെയ്യും. ഉത്തരം, കഴുക്കോല്‍, വള, പട്ടിക, മേച്ചില്‍ എല്ലാം കട്ടിയായും ഉറപ്പിലും ഭംഗിയിലും പണിചെയ്ത് മുകളില്‍ താഴികക്കുടം വയ്ക്കുന്നു.

ശ്രീകോവിലിന് നാലുപുറത്തേക്കും നടയുള്ളതായിട്ടാണ് സങ്കല്പം. എന്നാല്‍ അകത്തേക്ക് കടക്കാന്‍ ഒരു നടയേ മിക്കവാറും ഉണ്ടാകാറുള്ളൂ. മറ്റു മൂന്നുനടയും അടച്ചിട്ടമാതിരിയില്‍ ചുമരില്‍മേല്‍തന്നെ ശില്പസഹായത്താല്‍ നിര്‍മ്മിക്കുകയാണ് പതിവ്. പ്രധാനനടക്കുള്ള അവയവങ്ങളും അലങ്കാരങ്ങളുമെല്ലാം മറ്റുനടകളിലും ചുവരിന്‍മേല്‍ കല്ലിലും കുമ്മായത്തിലും സൃഷ്ടിക്കുന്നു. കട്ടിള, ഉമ്മറപ്പടി, മേല്‍പ്പടി, വാതിലുകള്‍ ഇവയാണ് പ്രധാനഘടകങ്ങള്‍. വാതിലുകള്‍ക്ക് സൂത്രപട്ടിക, മൊട്ടാണി, ഓടുതാഴ്, വട്ടക്കണ്ണി, തലങ്ങും വിലങ്ങും പോളകള്‍കൊണ്ട് കെട്ട് ഇതൊക്കെവേണം. ശ്രീ ഭഗവതി, അരയന്നം, ഗൗളി, ചന്ദ്രക്കല, പൂക്കള്‍, പൂമൊട്ടുകള്‍ തുടങ്ങിയവ വാതിലുകള്‍ക്കുള്ള അലങ്കാരങ്ങളാണ്. ശ്രീകോവിലിന്റെ അകത്തേക്കു കയറുവാന്‍ സോപാനവും അതിന്റെ ഇരുവശവും കൈവരിക്കല്ലുകള്‍ കൂടിയേ കഴിയൂ. നടയുടെ രണ്ടുഭാഗത്തും ആയുധപാണികളായ ദ്വാരപാലകന്‍മാരെയും സ്ഥാപിക്കുന്നു. വടക്കുഭാഗത്തു വ്യാളീമുഖത്തില്‍ നീട്ടിയ നാവിന്റെ മട്ടില്‍ പുറത്തേക്കുനീണ്ടുനില്‍ക്കുന്ന ഓവ് ഏത് ശ്രീകോവിലിനും വേണം. ചില ക്ഷേത്രങ്ങളില്‍ ഓവിലെ തീര്‍ത്ഥം കൈക്കുടന്നയില്‍ വാങ്ങിക്കുടിക്കുന്ന ഓവുതാങ്ങിയും കാണാം.

ശ്രീകോവിലിന്റെ പുറമേ ചെയ്യുന്ന ശില്പവേലകളെക്കുറിച്ചാണ് ഇനി പറയാനുള്ളത്. സ്തംഭം, തോരണം, കൂടം, ശാല, മഹാനാസികം, ജാലപഞ്ചരം, കുംഭലത എന്നിവ ഭിത്യാലങ്കാരങ്ങളില്‍ ചിലതുമാത്രമാണ്. വ്യാളീമുഖം, മകരമുഖം, ആന, സിംഹം, പുഷ്പങ്ങള്‍ എന്നിവയ്ക്ക് പലസ്ഥാനങ്ങളും അനുവദിച്ചിട്ടുണ്ട്. അന്യോന്യം ചുറ്റിപ്പിടഞ്ഞ് പടംവിരുത്തി ഊതിക്കൊത്തുന്ന പാമ്പുകള്‍ പാമ്പിനെക്കൊത്തിപ്പറക്കുന്ന മയില്‍, തുമ്പിക്കൈകള്‍ കൂട്ടിക്കെട്ടി അങ്ങോട്ടുമിങ്ങോട്ടുംവലിക്കുന്ന ആനകള്‍. ആനയുടെ മസ്തകം പിളര്‍ന്ന് തുറിച്ചുനോക്കി ദംഷ്ട്രങ്ങള്‍ ആഴ്ത്താന്‍ ആഞ്ഞ് നില്‍ക്കുന്ന രൗദ്രമൂര്‍ത്തിയായ സിംഹം, തുമ്പിക്കൈയുള്ള സിംഹം, സിംഹമുഖമുള്ള ആന, അശ്വമുഖമായ മനുഷ്യന്‍, ഇങ്ങനെ നമുക്ക് സങ്കല്പിക്കാവുന്ന സകലരൂപഭാവങ്ങളും ശ്രീകോവിലിന്റെ നാലുഭാഗത്തും കൊത്തിവച്ചുകാണാം. ഒരുവരി മുഴുവന്‍ പ്രാവുകളോ തത്തകളോ, അരയന്നങ്ങളോ, ആണെങ്കില്‍ വേറൊരുവരിയില്‍ പലതരം മൃഗങ്ങളുടെ ജീവിത വൈചിത്ര്യമായിരിക്കും. ഒരു ഭാഗത്ത് നാഢ്യശാസ്ത്രവിഹിതങ്ങളായ നാനാതരംനില്പുകളും ഭാവരസങ്ങളും ചിത്രണം ചെയ്യുമ്പോള്‍ മറ്റൊരുഭാഗത്ത് വാത്സ്യായനപ്രസിദ്ധങ്ങളായ കാമകലാവിലാസങ്ങള്‍ ചിത്രീകരിക്കുന്നു. പിന്നെയൊരുഭാഗത്ത് ജനനം മുതല്‍ മരണംവരെ സകലജീവിതരംഗങ്ങളും വളരെ തന്മയത്തത്തോടെ സാക്ഷാത്കരിച്ച് കാണാം. ത്രിമൂര്‍ത്തികളുടെയും ഇന്ദ്രാദിക്പാലകന്മാരുടെയും മത്സ്യകൂര്‍മ്മാദ്യവതാരങ്ങളുടെയും മറ്റും ലക്ഷണമൊത്തപ്രതിമകള്‍ ഒരുവക. ഇതിഹാസകഥാപാത്രങ്ങളുടെയും, കഥാരംഗങ്ങളുടെയും, ഭാവപൂര്‍ണ്ണമായ ചിത്രങ്ങളും ശില്പങ്ങളും മറ്റൊരുവക. ഇങ്ങനെ ശ്രീകോവില്‍ ആപാദചൂഡം ശില്പചിത്രപുഷ്പങ്ങള്‍കൊണ്ട് മൂടുന്നു. രണ്ടും മൂന്നും നിലയുള്ള ശ്രീകോവിലുകളായിരുന്നാലും അതിന്മേല്‍ ഒരു അംഗുരംപോലും ഇടപഴുതില്ലാതെ ശില്പികളുടെ സൃഷ്ടികൗശലം സ്ഥലംപിടിക്കുന്നു. ശ്രീകോവില്‍മാത്രമല്ല പുറംമതിലും ഗോപുരവുമടക്കം ക്ഷേത്രസബന്ധിയായ ഏതുഘടകവും കലാദേവിയുടെ കടാക്ഷപാദത്താല്‍ അനുഗ്രഹീതമായിരിക്കും.

മറ്റു കലകളുടെ നിലനില്‍പ്പിനും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഏതുകലാകാരനും തന്റെ കലാവൈരുദ്ധ്യം പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭം കിട്ടുന്നതുതന്നെ ഉത്സവങ്ങളിലാണ്. ക്ഷേത്രപ്രവേശനമില്ലാതിരുന്ന മണ്ണാന്‍, പാണന്‍, പുലയന്‍ മുതലായവര്‍ഗ്ഗക്കാരുടെ ഇടയില്‍ നടപ്പുണ്ടായിരുന്ന പല നാടന്‍ കലകളുടെ പ്രദര്‍ശനരംഗങ്ങളും ക്ഷേത്രങ്ങളിലെ വേല, പൂരം, ഉത്സവം മുതലായ ആഘോഷങ്ങളാണല്ലോ നമ്മുടെ നാട്ടില്‍ സകലകലകളുടെയും പരമലക്ഷ്യം ഈശ്വരപ്രീതിയാണ്. എല്ലാ കലകളേയും ക്ഷേത്രങ്ങള്‍ യഥായോഗ്യം പ്രോത്സാഹിപ്പിച്ചുപോന്നിട്ടുണ്ട്.

ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില, തിമില, ഇടയ്ക്ക, ഇടുമുടി, വീരാണം, തകില്‍, മുരസ്, കൊമ്പ്, കുഴല്‍, ശംഖ്, മിഴാവ്, നന്തുണി ഇങ്ങനെ പലവക വാദ്യങ്ങള്‍ നടപ്പുണ്ടല്ലോ ഇതിലേതെങ്കിലുമൊന്ന് ക്ഷേത്രബന്ധമില്ലാത്തതാണെന്ന് പറയാനൊക്കുമോ? ക്ഷേത്രങ്ങളില്ലെങ്കില്‍ ഇന്ന് ആ വകവാദ്യങ്ങളൊന്നുമില്ല.

പൂക്കള്‍ശേഖരിച്ച് ഭംഗിയില്‍ മാലകെട്ടുക ഒരു കലയാണ്. മാലയില്‍ തിരുവാഭരണങ്ങളും ചന്ദനവുംമറ്റും ചാര്‍ത്തി പ്രതിഷ്ഠാവിഗ്രഹത്തിന് അഴകുവരുത്തുന്നത് മറ്റൊരുകലയാണ്. വിളക്കുവയ്ക്കുന്നതിലും കലയുണ്ട്. പായസാദിഭക്ഷ്യവിഭവങ്ങള്‍ പാകംചെയ്യലും നെയ്യപ്പം മുതലായവ ഉണ്ടാക്കുന്നതും പാചകകലയില്‍ ഉള്‍പ്പെടുന്നു. ഇതൊക്കെ ക്ഷേത്രങ്ങളില്‍ നിത്യവും വേണ്ടുന്നതുമാണല്ലോ.

ആലവട്ടം, വെഞ്ചാമരം, ആനത്തലക്കെട്ട്, കുട, തഴ, സൂര്യമറ തുടങ്ങിയവ മിക്കവാറും ഉത്സവങ്ങളും ആവശ്യത്തിനാണ് ഉണ്ടാക്കുന്നത്. ക്ഷേത്രോത്സവാദികള്‍ ഇല്ലെങ്കില്‍ ആ വക കലകളും നാമാവിശേഷങ്ങള്‍തന്നെ.

സാഹിത്യാദി കലാപോഷണത്തിലും ക്ഷേത്രങ്ങള്‍ ഒട്ടും പിന്നിലല്ല. സാഹിത്യപ്രസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങള്‍ക്കുള്ള സ്ഥാനം അദ്യുതീയമാണ്. രചനാഗുണത്തിലും രസഭാവപൂര്‍ണ്ണതയിലും സ്‌തോത്രങ്ങളെ അതിശയിക്കുന്ന ഒരു സാഹിത്യപ്രസ്ഥാനമില്ല. നാരായണാദികളും ശങ്കരാചാര്യരുടെ സ്‌തോത്രങ്ങളും അതിനുദാഹരണമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍