ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റി

December 10, 2012 ദേശീയം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റിവച്ചു. കേസ് മൂന്നാഴ്ചത്തേക്കാണ് സുപ്രീം കോടതി മാറ്റിവെച്ചത്. കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഭൂമിദാനക്കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ വി.എസിന്റെ ബന്ധു ടി.കെ.സോമനും പിഎ സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കേസ് നീട്ടിവയ്ക്കണമെന്ന് അപേക്ഷ നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അറസ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഭൂമി ദാനത്തില്‍ വി.എസ് ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിന് നല്‍കിയ ഹര്‍ജിയും പരിഗണിക്കുന്നത് മാറ്റിവച്ചു. ജനുവരി മൂന്നാം വാരത്തിലേക്കാണ് കേസ് മാറ്റിവച്ചത്. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം