മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും

December 10, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിയമവകുപ്പില്‍ പ്രത്യേകസംവിധാനമേര്‍പ്പെടുത്തുമെന്ന് ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു. മനുഷ്യാവകാശദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ നല്‍കുന്ന ഉത്തരവുകള്‍ യഥാസമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി നല്‍കാന്‍ ചില വകുപ്പുകള്‍ വിമുഖത കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശപ്രശ്നങ്ങളില്‍ ഒരു തരത്തിലുമുള്ള അലംഭാവവും അനുവദിക്കാന്‍ കഴിയില്ല. മനുഷ്യാവകാശ കമ്മീഷന് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും അതു സംബന്ധിച്ച നിയമങ്ങളും കരിക്കുലത്തിന്റെ ഭാഗമാക്കുന്നത് ബോധവത്കരണത്തിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റിസ് ജെ.ബി.കോശി, മനുഷ്യാവകാശ കമ്മീഷനംഗങ്ങളായ കെ.ഇ.ഗംഗാധരന്‍, ആര്‍.നടരാജന്‍, സെക്രട്ടറി ജി.എസ്.ഷൈലാമണി, നിയമവകുപ്പ് സെക്രട്ടറി സി.പി.രാമരാജ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍