ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതമാകുന്നു

December 11, 2012 കേരളം

ശബരിമല: മണ്ഡലവിളക്ക് അടുക്കുന്തോറും ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പമ്പയില്‍ തീര്‍ഥാടകരെ വടംകെട്ടി നിയന്ത്രിച്ചാണ് മലകയറാന്‍ അനുവദിച്ചത്.  ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രനട തുറന്നപ്പോള്‍ എട്ടുമണിക്കൂര്‍ വരെ ക്യൂവില്‍ നിന്നശേഷമാണു ദര്‍ശനം ലഭിച്ചത്.

തീര്‍ഥാടകരുടെ തിരക്ക് കൂടിയതിനാല്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പോലീസുകാരെയും സേവനത്തിനായി തിരിച്ചുവിളിച്ചു. കേന്ദ്രസേനകളും തിരക്ക് നിയന്ത്രണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ദര്‍ശനംകഴിഞ്ഞു പമ്പയിലേക്കു മടങ്ങുന്നതിനും  മണിക്കൂറുകളോളമാണ് ഭക്തര്‍ കാത്തുനിന്നത്.

അയ്യപ്പന്മാര്‍ തിങ്ങിനിറഞ്ഞു മണിക്കൂറുകളോളം ക്യൂനില്‍ക്കുന്ന മരക്കൂട്ടത്തുംമറ്റും കുടിവെള്ളത്തിന് പോലും സൌകര്യമില്ലാതെ ഒട്ടേറെപ്പേര്‍ തളര്‍ന്നു വീണു. ഇവരെ അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകായിരുന്നു. വരും ദിവസങ്ങളിലും തീര്‍ഥാടകരുടെ വരവ് കൂടുതലാകാനാണ് സാധ്യത.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം