അമൃതസംഗീതം അനശ്വരതയിലേക്ക്; സിത്താര്‍ മൂകമായി (പണ്ഡിറ്റ് രവിശങ്കര്‍ 1920 – 2012)

December 12, 2012 പ്രധാന വാര്‍ത്തകള്‍

സാന്തിയാഗോ: സിത്താറിന്‍റെ തന്ത്രികളില്‍ വിരലുകളുടെ മാന്ത്രികസ്പര്‍ശം കൊണ്ട് ഭാരതീയസംഗീതത്തിന്‍റെ അമൃതധാരയൊഴുക്കി ലോകത്തിന്‍റെ ഹൃദയം കീഴടക്കിയ പണ്‍ഡിറ്റ് രവിശങ്കര്‍(92) അന്തരിച്ചു. അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വച്ചായിരുന്നു ആ സംഗീതജ്ഞന്‍റെ അന്ത്യം. ഭാരതരത്നം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മൂന്ന് തവണ ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹനായി.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ഏഴു സഹോദരന്‍മാരില്‍ ഇളയവനായാണ് രബീന്ദ്ര ശങ്കര്‍ ചൗധരിയെന്ന പണ്ഡിറ്റ് രവിശങ്കര്‍ ജനിച്ചത്. ആദ്യ ദശകം കാശിയില്‍ ചെലവഴിച്ച അദ്ദേഹം സഹോദരനും നൃത്തസംവിധായകനുമായ ഉദയ് ശങ്കറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനായതാണ് രവിശങ്കറിന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. മുപ്പതുകളില്‍ നടത്തിയ പാശ്ചാത്യ പര്യടനങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ കലയുടെ വാതായനങ്ങള്‍ താനേ തുറക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം അലാവുദ്ദീന്‍ ഖാന്റെ ശിഷ്യനാകുന്നത്. 1938ല്‍ നൃത്തരംഗം ഉപേക്ഷിച്ച് രവിശങ്കര്‍ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മദ്ധ്യപ്രദേശിലെ മെയ്ഹറില്‍ അലാവുദ്ദീന്‍ ഖാന്റെ ഭവനത്തില്‍ അദ്ദേഹം ഗുരുകുല വിദ്യാഭ്യാസം ആരംഭിച്ചു. അവിടെ നിന്നും സിത്താര്‍, സുര്‍ബഹാര്‍ തുടങ്ങിയ ഉപകരണങ്ങളും ദ്രുപദ്, ധമാര്‍, ഖയാല്‍ തുടങ്ങിയ സംഗീത ശ്രേണികളും സ്വായത്തമാക്കി. ഖാന്റെ മക്കളായ അലി അക്ബര്‍ ഖാന്‍, അന്നപൂര്‍ണ ദേവി എന്നിവരും സംഗീത പഠനത്തില്‍ രവിശങ്കറിനൊപ്പമുണ്ടായിരുന്നു. പിന്നീട് അന്നപൂര്‍ണ ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു. അന്നപൂര്‍ണയുടെ സംഗീതത്തെ ചുവരുകള്‍ക്കുള്ളിലാക്കിയ ബന്ധത്തിന് പണ്ഡിറ്റ് ഏറെ പഴി കേട്ടു. രണ്ട് പതിറ്റാണ്ടു നീണ്ട ബന്ധത്തില്‍ ഇരുവര്‍ക്കും മകനുണ്ടായി. മകനായ ശുഭേന്ദ്ര ശങ്കര്‍ 1992ല്‍ മരിച്ചു. അന്നപൂര്‍ണാ ദേവിയുമായുള്ള ബന്ധം അവസാനിപ്പിച്ച രവിശങ്കറിന്റെ ജീവിതത്തില്‍ നര്‍ത്തകി കമലാ ശാസ്ത്രി, സ്യു ജോണ്‍സ്, സുകന്യ രാജന്‍ എന്നിവര്‍ കടന്നു വന്നു. വിശ്വപ്രസിദ്ധ സംഗീത പ്രതിഭകളായ നോറ ജോണ്‍സും അനുഷ്‌ക ശങ്കറും അദ്ദേഹത്തിന്റെ മക്കളാണ്.

2003ല്‍ നോറ എട്ട് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അനുഷ്‌കയ്ക്ക് 2003ല്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. ഈ വര്‍ഷം രവിശങ്കറിനും നോറ ജോണ്‍സിനും ഗ്രാമി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 1944ല്‍ സംഗീത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മുംബൈയിലെത്തി. ഇക്കാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തീയറ്ററിന്റെ ബാലെകള്‍ക്ക് സംഗീതമൊരുക്കുകയായിരുന്നു അദ്ദേഹം. 25 വയസ്സിലാണ് അദ്ദേഹം ഇന്ത്യയുടെ ദേശീയ ഗീതമായ ‘സാരേ ജഹാംസെ അച്ചാ’ പുന:സൃഷ്ടിക്കുന്നത്. തുടര്‍ന്ന ആകാശവാണി സംഗീത വിഭാഗത്തില്‍. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ അപു ത്രയത്തിന് അദ്ദേഹം പകര്‍ന്ന സംഗീതം ഏറെ അംഗീകരിക്കപ്പെട്ടു. യെഹൂദി മെന്വിന്‍, ബീറ്റില്‍സിലെ ജോര്‍ജ്ജ് ഹാരിസണ്‍ എന്നിങ്ങനെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിഖ്യാത സംഗീതജ്ഞര്‍ക്കൊപ്പം പണ്ഡിറ്റ് പ്രവര്‍ത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍