എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

December 12, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന ഉല്‍പാദകരുടെ ആവശ്യം സുപ്രീംകോടതി തള്ളി. കാലാവധി കഴിയുന്നതോടെ എന്‍ഡോസള്‍ഫാന്‍ കൂടുതല്‍ ഹാനികരമാകുമെന്ന വാദം കോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കും.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി ഉത്തരവ്. സ്‌റ്റോക്കുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു തീര്‍ക്കാന്‍ രണ്ട് വര്‍ഷത്തേയ്ക്ക് നിരോധനം ഒഴിവാക്കാമെന്നാണ് ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് ഏറെ ചെലവ് വരുമെന്നും വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധനം ഒറ്റയടിക്ക് സാധ്യമല്ലെന്ന് ഉല്‍പാദകരുടെ അഭിഭാഷകന്‍ വാദിച്ചു. സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്‍ പോലും 5 വര്‍ഷത്തെ സാവകാശം നല്‍കുന്നുണ്ട്. കേരളം, കര്‍ണാടകം എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നും ഉല്‍പാദകര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍