ഗര്‍ഗ്ഗഭാഗവതസുധ – തൃണാവര്‍ത്തമോക്ഷം

December 12, 2012 സനാതനം

ചെങ്കല്‍ സുധാകരന്‍

8. തൃണാവര്‍ത്തമോക്ഷം

ശകടാസുരമോക്ഷം കഴിഞ്ഞു. ആമ്പാടിയിലെ ആപത്തുകള്‍ക്കൊരു കുറവുമുണ്ടായില്ല. അതങ്ങനെയാണല്ലോ! ‘ആര്‍ത്തിപ്പെണ്ണിനെ ദൈവം തക്കതോഴിമാരോടു ചേര്‍ത്തല്ലാതയപ്പീല മര്‍ത്യരെപ്പീഡിക്കുവാന്‍’ ആമ്പാടിയില്‍ അടിക്കടി ആപത്തുകള്‍ വന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം യശോദാദേവി തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അവര്‍ ആ അമൃതാനന്ദ നിര്‍വൃതിയില്‍ ലയിച്ചിരിക്കേ കാര്യം തലകീഴായ്മറിഞ്ഞു.

‘ഉത്സംഗേ ക്രീഡിതം ബാലം ലാളയന്ത്യേകദാ നൃപാ!
ഗിരിഭാരം ന സേഹേ തം സോഢും ശ്രീനന്ദഗേഹിനി’

(കുഞ്ഞിനെ മടിയിലിരുത്തി ലാളിച്ചുകൊണ്ടിരുന്ന യശോദാദേവിക്ക് കുഞ്ഞിന്റെ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നി. ഒരു മലയ്ക്കുതുല്യം ഭാരം! അതു സഹിക്കാന്‍ നന്ദപത്‌നിക്കു കഴിഞ്ഞില്ല). അതിനാല്‍ യശോദ, കൃഷ്ണനെ, തറയില്‍ കിടത്തി. ‘ഇതെന്തിങ്ങനെ? കുഞ്ഞിനെത്ര ഭാരമാണ്!’ എന്നു ചിന്തിച്ചു. അവര്‍ ആശ്ചര്യഭരിതയായി. പക്ഷേ, ‘നേദം കസ്‌മൈ ജഗാദഹ’ (ആരോടും ഇക്കഥ പറഞ്ഞില്ല)

‘കംസപ്രണോദിതോ ദൈത്യ-സ്തൃണാവര്‍ത്തോ മഹാബലഃ
ജഹാരബാലം ക്രീഡന്തം വാതാവര്‍ത്തേന സുന്ദരം!’

(കംസപ്രേരണയാല്‍ തൃണാവര്‍ത്തന്‍ എന്ന അസുരന്‍, ചുഴലിക്കാറ്റിന്റെ രൂപത്തിലെത്തി, ക്രീഡിച്ചുകൊണ്ടു കിടന്ന സുന്ദരനായ ബാലനെയുമെടുത്ത് പൊങ്ങിപ്പോയി.)

എങ്ങും പൊടിപടലം നിറഞ്ഞു. പ്രകാശം ബാധിതമായി. ദിക്കുകളില്‍ ഇരുട്ടുപരന്നു. ഗോകുലത്തില്‍ പലതരം ഭീകരശബ്ദങ്ങള്‍ കേള്‍ക്കായി. ആളുകളുടെ കണ്ണുകളില്‍ പൊടിനിറഞ്ഞു. രണ്ടുനാഴികനേരം ആര്‍ക്കും ഒന്നും കാണാന്‍ കഴിഞ്ഞില്ല.

‘തതോ യശോദാ നാപശ്യത് പുത്രം തം മന്ദിരാജിരേ
മോഹിതാ രുദതീഘോരാന്‍ പശ്യന്തീ ഗൃഹശേഖരാന്‍!’

(പുത്രനെ തിരഞ്ഞ യശോദയ്ക്ക് എങ്ങും ഒന്നും കാണാന്‍ കഴിഞ്ഞില്ല. അവള്‍ വാവിട്ടു കരഞ്ഞു. മോഹാലസ്യപ്പെട്ടുവീണു. സംഭ്രമത്തോടെ എല്ലായിടത്തും അന്വേഷിക്കാന്‍ തുടങ്ങി.) കുട്ടി മരിച്ചതില്‍ ഭ്രമിച്ചുഴലുന്ന പശുവിനെപ്പോലെ ആ അമ്മ പുത്രനെക്കാണാത്ത ദുഃഖത്താല്‍ മൂര്‍ച്ഛിച്ചു. സ്‌നേഹശാലിനികളായ ഗോപികമാരും ഉറക്കെയുറക്കെ കരഞ്ഞ് കൃഷ്ണനെ പലേടം തിരഞ്ഞുകൊണ്ടേയിരുന്നു.

തൃണാവര്‍ത്തനാകട്ടെ ശ്രീകൃഷ്ണനെയും കൈയിലെടുത്ത് ഒരുലക്ഷം യോജന മുകളിലേക്കുയര്‍ന്നു. ഉയരത്തിലേക്കു പോകുന്തോറും, തൃണാവര്‍ത്തന്, കുഞ്ഞിന്റെ ഭാരം അസഹനീയമായി. മേരുപര്‍വതസമാനം ഭാരം അനുഭവപ്പെട്ടു. അവന്‍ ക്ഷീണിതനായി. കൃഷ്ണനെ താഴെയിട്ട് രക്ഷപ്പെടാന്‍ ആവതുശ്രമിച്ചു.

‘ഗളം ജഗ്രാഹ തസ്യാപി
പരിപൂര്‍ണ്ണതമഃ  സ്വയം’

(പരിപൂര്‍ണ്ണതമനായ ശ്രീഭഗവനാകട്ടെ, ആ അസുരന്റെ കഴുത്തില്‍ മുറുക്കിപ്പിടിക്കാന്‍ തുടങ്ങി)

‘മുഞ്ച മുഞ്ചേതി ഗദിതേ
ദൈത്യേ കൃഷ്‌ണോfദ്ഭുതോര്‍ഭകഃ
ഗളഗ്രാഹേണ മഹതാ
വ്യസൂന്‍ ദൈത്യം ചകാര ഹ’

(പിടിവിടൂ എന്നുറക്കെ പറഞ്ഞ് അലറുന്ന ആ അസുരാഗ്രണിയെ ഭഗവാന്‍, ഞെക്കി ഞെരിക്കാന്‍ തുടങ്ങി. അവന്റെ ജീവന്‍ വെടിയുന്നതുവരെ ആ പ്രക്രിയ തുടര്‍ന്നു.)

തൃണാവര്‍ത്തന്‍ ചത്തുവീണു. അവന്റെ ശരീരത്തില്‍നിന്നും മിന്നല്‍പ്പിണര്‍പോലുള്ള ഒരു തേജസ്സുയര്‍ന്നു ശ്രീകൃഷ്ണനില്‍ ലയിച്ചു. പര്‍വ്വതസമാനം പെരുതായ ആ ദൈത്യശരീരം താഴെ പാറപ്പുറത്തു വന്നുപതിച്ചു. ഘോരരാക്ഷസശരീരത്തിനുമേല്‍ യാതൊന്നും അറിയാത്തവനെപ്പോലെ ശ്രീകൃഷ്ണന്‍!

അസുരശരീരം പതിച്ചപ്പോള്‍ ഭൂമിപോലും കുലുങ്ങിപ്പോയി. അവയവങ്ങള്‍ പാറയില്‍ പതിച്ച് ചതഞ്ഞു. അസുരന്റെമേല്‍ മിണ്ടാതെ കിടക്കുന്ന കൃഷ്ണനെ, കരഞ്ഞുകൊണ്ടോടിയെത്തിയ ഗോപികമാര്‍, എടുത്ത് യശോദയെ ഏല്പിച്ചു. എന്നിട്ട്, അവര്‍ യശോദയെ കുറ്റപ്പെടുത്തി. കുഞ്ഞിനെ വേണ്ടപോലെ ശ്രദ്ധിക്കാഞ്ഞിട്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ആരോപിച്ചു. ഇരുട്ടും കാറ്റും വന്നപ്പോള്‍ കുഞ്ഞിനെ തറയില്‍ക്കിടത്തിയത് ഒട്ടും ശരിയായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ കുഞ്ഞിനുണ്ടാകുന്ന അനുഭവങ്ങളോര്‍ത്ത് ദുഃഖിതയായിരുന്ന യശോദയ്ക്ക്, സഖിമാരുടെ കുറ്റപ്പെടുത്തല്‍ കൂടുതല്‍ ദുഃഖമുളവാക്കി. യശോദ ആകുലമനസ്സോടെ പറഞ്ഞു.

‘ന ജാനാമി കഥം ബാലോ ഭാരഭൂതോ ഗിരീന്ദ്രവത്
തസ്മാന്‍മയാ കൃതോ ഭൂമൗ ചക്രവാതേ മഹാഭയേ’

(ഉണ്ണി എന്റെ മടിയിലിരുന്നപ്പോള്‍ പര്‍വതതുല്യം ഭാരം എനിക്കനുഭവപ്പെട്ടു. അതിനാലാണ് ഞാന്‍, അവനെ തറയില്‍ കിടത്തിയത്.) ഈ വാക്കുകള്‍ ഗോപികമാരെ ചൊടിപ്പിച്ചു. യശോദ പൊളിപറഞ്ഞതായേ അവര്‍ കരുതിയുള്ളൂ! പൂവിതള്‍പോലിരിക്കുന്ന കുഞ്ഞ് പര്‍വ്വതം പോലെ ഭാരമുള്ളതായി തോന്നി എന്ന യശോദാവാക്കുകളെ അവര്‍, മാനിച്ചതേയില്ല! തുടര്‍ന്ന്, യശോദയ്ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കി ഗോപികമാര്‍ പോയി. കൈവിട്ടുപോയെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ യശോദാദേവി എല്ലാം മറന്ന് പുത്രനെ ലാളിച്ചു. ആഹ്ലാദംകൊണ്ടു മതിമറന്നു.

ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഗൃഹത്തിലില്ലാതിരുന്ന നന്ദഗോപരും കൂട്ടരും അവിടെ വന്നെത്തി. വാര്‍ത്തയറിഞ്ഞ് അവര്‍ അദ്ഭുതപ്പെട്ടു. ഒരു പോറല്‍പോലുമേല്‍ക്കാതെ കുഞ്ഞിനെ കിട്ടിയതില്‍ അവര്‍ അത്യധികം സന്തോഷിച്ചു.

‘യശോദാ ബാലകം നീത്വാ പായയിത്വാ സ്തനം മുഹൂഃ
ആഘ്രായോരസി വസ്‌ത്രേണ രോഹിണിം പ്രാഹമോഹിതാ’

(യശോദ കുഞ്ഞിനെ പാലൂട്ടി ശരീരം തുടച്ചു വൃത്തിയാക്കി. എന്നിട്ട്, രോഹിണീദേവിയോടു പറഞ്ഞു.)

‘രോഹിണീ, എനിക്ക് ഒരു ഉണ്ണിയെ മാത്രമേ ദൈവം തന്നുള്ളൂ അവനിങ്ങനെ അടിക്കടി ആപത്തുവന്നു ചേരുന്നതെന്താണ്? ഇതാ ഇപ്പോള്‍, മരണവക്ത്രത്തില്‍നിന്ന് രക്ഷപ്പെട്ടെന്നേയുള്ളൂ. ഞാന്‍ എന്തു ചെയ്യട്ടെ? എവിടെപ്പോകട്ടെ? എവിടെ ചെന്നു താമസിക്കട്ടെ?’ ദുഃഖം മൂത്ത് അവര്‍ പലതും പറഞ്ഞു. ധനവും വീടും രത്‌നങ്ങളുമെല്ലാം തന്റെ കുഞ്ഞിനായി ത്യജിക്കാമെന്നും എത്രയും ദാനധര്‍മ്മങ്ങള്‍ ചെയ്യാമെന്നും കുഞ്ഞിന് യാതൊരാപത്തും വരാതിരുന്നാല്‍ മതിയെന്നും പറഞ്ഞു. ഈശ്വരനോട് പലവിധം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്നേരം വിജ്ഞന്മാരായ ചില ബ്രാഹ്മണര്‍ അവിടെയെത്തി. യശോദയോടൊപ്പം ശ്രീനന്ദന്‍ അവരെ സത്കരിച്ച് ആസനസ്ഥരാക്കി. ആ വിപ്രന്മാര്‍ ദുഃഖിതരായ യശോദാനന്ദന്മാരെ സമാധാനിപ്പിച്ചു. നിങ്ങള്‍ ഒട്ടും ദുഃഖിക്കേണ്ടതില്ല. ഈ കുഞ്ഞ് ദീര്‍ഘായുസ്സോടെ ക്ഷേമപൂര്‍വ്വമിരിക്കാനുള്ള രക്ഷോപാധികള്‍ ഞങ്ങള്‍ തന്നെ ചെയ്തുകൊള്ളാം എന്നുപറഞ്ഞ് അവരുടെ ദഃഖമകറ്റി. തുടര്‍ന്ന് ആ വിപ്രന്മാര്‍, പലവിധ രക്ഷാഹോമങ്ങളും പൂജകളും നടത്തി. അവര്‍, ശ്രീകൃഷ്ണന്, സുഖക്ഷേമങ്ങള്‍ ഉറപ്പാക്കി, ഏവരേയും അനുഗ്രഹിച്ച് മടങ്ങിപ്പോയി.

‘തൃണാവര്‍ത്ത: പൂര്‍വ്വകാലേ കോfയം സുകൃതകൃന്നരഃ
പരിപൂര്‍ണ്ണതമേസാക്ഷാല്‍ ശ്രീകൃഷ്‌ണേ ലീനതാം ഗതഃ’

(ദേവര്‍ഷേ, പൂര്‍വ്വജന്മത്തില്‍ തൃണാവര്‍ത്തന്‍ ആരായിരുന്നു? സുകൃതിയായ ആ അസുരന്‍, പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനില്‍ ലയിച്ചുവല്ലോ!)

നാരദര്‍ഷി, ബഹുലാശ്വന്, തൃണാവര്‍ത്തന്റെ പൂര്‍വ്വജന്മകഥ വിശദീകരിച്ചു. ‘മഹാരാജാവേ, പണ്ട് പാണ്ഡ്യദേശത്ത്, പ്രതാപിയായ ഒരു രാജാവ് ഉണ്ടായിരുന്നു. സഹ്രസാക്ഷന്‍ എന്നായിരുന്നു നാമം! അദ്ദേഹം വലിയൊരു വിഷ്ണുഭക്തനുമായിരുന്നു. ധര്‍മ്മതല്പരനും. അനേകം യജ്ഞങ്ങള്‍ ചെയ്തു. വിവിധതരം ദാനങ്ങളും ചെയ്തിരുന്നു.’

ഒരിക്കല്‍ സഹസ്രാക്ഷമഹാരാജാവ് അനേകം സുന്ദരിമാരോടൊത്ത് ക്രീഡിച്ച് രസിക്കുകയായിരുന്നു. അപ്പോള്‍, മഹര്‍ഷീശ്വരനായ ദുര്‍വാസാവ് അവിടെയെത്തി. കാമോന്മാദിയായിരുന്ന രാജാവ്, മുനിയെ, വേണ്ടപോലെ ആദരിച്ചില്ല. കുപിതനായ മഹര്‍ഷി, ‘രാക്ഷസോഭവ ദുര്‍മതേ!’ (ഹേ നീചാ, നീ ഒരു രാക്ഷസനായിത്തീരട്ടെ!) എന്നു ശപിച്ചു. ശാപഭീതനായ രാജാവ് ദുര്‍വാസാവിന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു. ശാപമോക്ഷത്തിനായി കേണു.

‘ശ്രീകൃഷ്ണ വിഗ്രഹസ്പര്‍ശാത്
മുക്തിസ്‌തേ ഭവിതാ നൃപ!’

(ശ്രീകൃഷ്ണസ്പര്‍ശത്തിനാല്‍ നിനക്കു മുക്തി ലഭിക്കും.) എന്ന് ശാപമോക്ഷം നല്‍കി.

മുനിവാക്യം ഫലിച്ചു. തൃണാവര്‍ത്തന്റെ ആസുരജന്മം അവസാനിച്ചു. ശിശുരൂപിയായ ശ്രീനാഥന്റെ ശരീരസ്പര്‍ശത്താല്‍ത്തന്നെ അസുരേശ്വരന്‍ മോക്ഷം പ്രാപിച്ചു.

ഈ കഥയുടെ തത്ത്വമെന്തെന്നന്വേഷിക്കാം. തൃണാവര്‍ത്തന്‍, പൂര്‍വ്വജന്മത്തില്‍ ഒരു രാജാവായിരുന്നു. വിഷ്ണുഭക്തനായ രാജാവ്! എന്നാല്‍, പൂര്‍ണ്ണമായും നിയന്ത്രിത മനസ്സുള്ള ഒരാളായിരുന്നില്ല. പേരുതന്നെ അതു വ്യക്തമാക്കുന്നു. സഹസ്രാക്ഷന്‍! ആയിരം കണ്ണുള്ളവന്‍! കണ്ണുകള്‍ ഇന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മനോഭാവങ്ങള്‍ പ്രതിഫലിക്കുന്നത് മുഖത്താണ്. പ്രത്യേകിച്ചും കണ്ണുകളില്‍. ശക്തമായ ഇന്ദ്രിയങ്ങള്‍ രാജാവിന്റെ മനസ്സിനെ അടിമയാക്കിവച്ചു.

ലൗകികഭാവന മുറ്റിയ വ്യക്തി അദ്ധ്യാത്മകാര്യങ്ങളില്‍ ശ്രിദ്ധിക്കുകയില്ല. സഹസ്രാക്ഷന്‍ സുന്ദരിമാരോടൊപ്പം ക്രിഡീച്ചു എന്നത് അദ്ദേഹത്തിന്റെ കാമാസക്തിയാണ് വെളിവാക്കുന്നത്. അതുകൊണ്ടാണ് ദുര്‍വാസാവിനെ ആദരിക്കാന്‍ തോന്നാതിരുന്നത്. ആ ‘പൂജ്യപുജാവ്യതിക്രമം’ ശാപകാരണമായി.

അപ്രതീക്ഷിതമായുണ്ടാകുന്ന ആപത്ത് പുനശ്ചിന്തയ്ക്ക് അവസരമുണ്ടാക്കുന്നു. ‘വിശസനം സുഖികളെ വിജ്ഞരാക്കുന്നു’ എന്നുണ്ടല്ലോ! ശകടാസുരന്റെ കഥയില്‍ നാം കണ്ട പരിവര്‍ത്തനംതന്നെ തൃണാവര്‍ത്തനും ഉണ്ടാകുന്നു. ഇന്ദ്രിയാത്മകനായിരുന്നപ്പോള്‍ സത്യം മനസ്സിലാക്കാന്‍ കഴിയാതിരുന്ന വ്യക്തിക്ക് സത്യദൃഷ്ടിവികസിക്കുവാന്‍ അവസരം വരുന്നു. തന്റെ ചെയ്തികള്‍ തെറ്റായി എന്നു കരുതുന്നയാള്‍ അതു തിരുത്തുവാന്‍ ശ്രമിക്കും. ആ കര്‍മ്മമാണ് ശാപമോക്ഷയാചനം!

ശാപഗ്രസ്തനായ സഹസാക്ഷന്‍ തൃണാവര്‍ത്തനായി. തൃണാവര്‍ത്തന്‍ എന്ന നാമംതന്നെ ശ്രദ്ധേയമാണ്. തൃണം-കാറ്റത്ത് തലകുനിക്കുന്ന സസ്യം! വിനയപ്രതീകം! സജ്ജനം എന്ന ലാക്ഷണികാര്‍ഥമെടുത്താല്‍ തെറ്റാകുമെന്നു തോന്നുന്നില്ല. അത്തരം തൃണങ്ങള്‍ക്ക് ആവര്‍ത്തമാകുന്നവനാണ് തൃണാവര്‍ത്തന്‍. ആവര്‍ത്തമെന്നാല്‍ ചക്രവാതമെന്നര്‍ത്ഥം! തന്റെ പാട്ടിലെത്തുന്നവയെയെല്ലാം ചുറ്റിയടിച്ച് പീഡിപ്പിക്കുകയെന്നതാണ് ആവര്‍ത്തസ്വഭാവം! മലിനാശയന്മാരുടെ പരപീഡനമാണിതു വ്യക്തമാക്കുന്നത്. ശാപഗ്രസ്തനായ സഹസ്രാക്ഷന്‍ സജ്ജനപീഡനം നടത്തുന്ന അസുരപ്രമാണിയായി. സ്വാഭാവികമായും ഇത്തരം നീചബുദ്ധികള്‍ കംസന്റെ – നാശകാരിയുടെ – സേവകത്വം നേടും. സഹസ്രാക്ഷനു സംഭവിച്ചതും അതുതന്നെ. ശാപഫലമായുണ്ടായ ജന്മം ദുഷ്ടമായിരുന്നു. സംസര്‍ഗത്താല്‍ അതു പ്രബലവുമായി. ഐന്ദ്ര്യമായ ആസക്തിയും ബലവും ചേര്‍ന്നപ്പോള്‍ കൂടുതല്‍ ബലവത്തായി. പൊട്ടിയൊഴുകിയ ലാവപോലെ ദുര്‍ബുദ്ധിയുടെ പരോപദ്രവം പരന്നൊഴുകി.

മഹാത്മാക്കളോടുള്ള സമ്പര്‍ക്കം ഏതൊരാളെയും നന്മയുള്ളവനാക്കും. ശ്രീകൃഷ്ണനെ സ്പര്‍ശിച്ചപ്പോള്‍മുതല്‍ തൃണാവര്‍ത്തന് ഭാഗ്യമായി. കൃഷ്ണനെയുംകൊണ്ടു പൊങ്ങിയ അസുരന് ഭാരം അസഹനീയമായി. നന്മതിന്മകളുടെ സംഘര്‍ഷഫലമായുണ്ടായ ഹൃദയഭാരംതന്നെയാകാമത്. നന്മ വിജയം നേടി. തിന്മ നിപതിക്കുകയും ചെയ്തു. തൃണാവര്‍ത്തന്‍ മരിച്ചു. തിന്മയുടെ മൂര്‍ത്തിയായിരുന്ന ആ അസുരന്‍ കൃഷ്ണനെ ദൂരത്തേക്കെറിയുവാന്‍ ശ്രമിച്ചു. പക്ഷേ, ഭഗവാന്‍ അയാളെ വിട്ടില്ല. മുറുകെപ്പിടിച്ചു. കഴുത്തുഞെരിച്ചുകൊന്നു.

അറിഞ്ഞോ അറിയാതെയോ അഗ്നിയെ സ്പര്‍ശിച്ചാല്‍ പൊള്ളുകതന്നെ ചെയ്യും.

‘അനിച്ഛയാ തു സംസ്പൃഷ്ടോ ദഹതൈ്യവ ഹി പാവകഃ!’

തൃണാവര്‍ത്തന്‍ സദ്ഭാവത്തോടെയല്ല ശ്രീകൃഷ്ണനെ എടുത്തത്. നശിപ്പിക്കാനാണ്. എന്നാലും, ഭഗവാനെ സ്പര്‍ശിക്കുകയായിരുന്നല്ലോ? സ്പര്‍ശം സദ്ഭാവത്തിലോ കുഭാവത്തിലോ ആകട്ടെ, തന്നെ പ്രാപിച്ചയാളെ ഭഗവാന്‍ ഉപേക്ഷിക്കുകയില്ല. താന്‍ പിടിവിട്ടിട്ടും ഭഗവാന്‍ അയാളെ വിട്ടില്ല. തിന്മ അശേഷം അകറ്റി മോക്ഷം നല്‍കി.

ഈ കഥ ഭക്തിമാഹാത്മ്യം ഉദ്‌ഘോഷിക്കുന്നതാണ്. ഏതെങ്കിലും ഭാവത്തില്‍ ഈശ്വരനെ ചിന്തിക്കുന്ന ആര്‍ക്കും മുക്തിലഭിക്കുമെന്ന ഭാഗവതത്ത്വമാണിവിടെ പ്രപഞ്ചനം ചെയ്തിരിക്കുന്നത്.

യശോദാദേവിക്ക്, കുഞ്ഞിന്റെ ഭാരം അസഹ്യമായി തറയില്‍ കിടത്തി എന്ന് ആരംഭത്തില്‍ പറഞ്ഞുവല്ലോ? അതും ശ്രദ്ധിക്കേണ്ടതാണ്. ഭഗവാനെ വാത്സല്യഭക്തിയാല്‍ ലാളിച്ച മാതാവാണ് യശോദ! ആ അമ്മയ്ക്ക് കുഞ്ഞ് ഭാരമായതെങ്ങനെ? ഭക്തഭാവം ചില സന്ദര്‍ഭങ്ങളില്‍ ഉച്ചലിതമായെന്നുവരും. യശോദയുടെ ഭക്തിക്കും അതുസംഭവിച്ചു. അതുകൊണ്ടാണ് ഭഗവാനെ മടിയില്‍ നിന്നിറക്കിവയ്ക്കാന്‍ തോന്നിയത്. എപ്പോഴാണോ ഈശ്വരചിന്ത കുറയുന്നത്, ലൗകികഭാവം വളരുന്നത്, അപ്പോള്‍, ഈശ്വരനില്‍നിന്ന് അകലും. ലൗകികതയില്‍ ആകൃഷ്ടമാകും. അത് ദുഃഖത്തിനു കാരണമാകും. ഭഗവാനെ തറയില്‍ കിടത്തിയതാണല്ലോ യശോദയ്ക്ക് കൂടുതല്‍ ദുഃഖമുണ്ടാകാന്‍ കാരണം!

ഗര്‍ഗ്ഗഭാഗവതം അതിലുമുപരി മറ്റൊന്നിലേക്കും വിരല്‍ ചൂണ്ടുന്നു. എല്ലാ കാര്യങ്ങള്‍ക്കും കാരണമുണ്ടെന്ന തത്ത്വത്തിലേക്ക്! അതിന്നാണ്, മറ്റു കൃതികളിലൊന്നുമില്ലാത്ത പൂര്‍വകഥാ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഹസ്രാക്ഷന്റെ ഭൗതികാസക്തി തൃണാവര്‍ത്തത്വത്തിന് കാരണമാകുന്നു. അയാള്‍ക്കുണ്ടായിരുന്ന വിഷ്ണുഭക്തി ആത്യന്തികമുഹൂര്‍ത്തത്തിലെത്തി സഹായിക്കുന്നു. പരമപദപ്രാപ്തിക്ക് അതുകാരണമാകുന്നു! ഭാഗവതത്തിലെ ഏതു കഥയിലും ഇത്തരമൊരു പൂര്‍വ്വാപരബന്ധം, കാര്യകാരണയുക്തി, കണ്ടെത്താവുന്നതാണ്.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം