എന്‍ഡോസള്‍ഫാന്‍ : സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹം

December 12, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് ശ്ലാഘനീയമാണ്. കൊടുംവിഷമായ എന്‍ഡോസള്‍ഫാന്‍ വികസിതരാജ്യങ്ങള്‍ നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പിന്നീട് അവിടെ കെട്ടിക്കിടന്ന ഈ കീടനാശിനി വികസ്വര – അവികസിത രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയായിരുന്നു. കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലെ ഒരു തലമുറതന്നെ ഈ കീടനാശിനിമൂലം രോഗപിടിപ്പെട്ട് മരിച്ചു ജീവിക്കുന്നവരാണ്. അതുമൂലമുണ്ടായ ജനരോഷമാണ് കേരളത്തില്‍ ഈ കീടിനാശിനി നിരോധിക്കാന്‍ കാരണവും. കര്‍ണ്ണാടകയിലും എന്‍ഡോസള്‍ഫാന്‍ നിരോധനമുണ്ട്.

രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം വിറ്റഴിക്കാന്‍ അനുമതിനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തളളുകയായിരുന്നു. ഭാരതത്തില്‍ എന്‍ഡോസള്‍ഫാന്റെ കാലാവധി ജനുവരിയില്‍ അവസാനിക്കുകയാണെന്നും കാലവധികഴിഞ്ഞാല്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യം ഇരട്ടിയാകും എന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്. രാജ്യത്തുതന്നെ ഇതുപയോഗിക്കാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ കയറ്റുമതിക്ക് അനുമതിനല്‍കുകയോ വേണമെന്നായിരുന്നു കമ്പനികളുടെ അവശ്യം. ഇതു രണ്ടും കോടതി തള്ളുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സുപ്രധാനമായ ഈ ഉത്തരവ് പരമോന്നത കോടതി പുറപ്പെടുവിച്ചത്. രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തീര്‍ക്കാന്‍ രണ്ടുവര്‍ഷത്തേക്ക് നിരോധനം നീക്കണമെന്ന് ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഉത്തരവിന്റെ വെളിച്ചത്തില്‍ ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിദഗ്ദ്ധസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തലമുറകളെപ്പോലും ബാധിക്കുന്ന തരത്തില്‍ മനുഷ്യജീവന് ഹാനികരമായ എന്‍ഡോസള്‍ഫാന്‍ എത്രയും വേഗം ഭാരതത്തില്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്നകാര്യത്തില്‍ രണ്ടഭിപ്രായത്തിന് ഇടമില്ല. ഈ കൊടുംവിഷത്തിന്റെ വന്‍ശേഖരം ഉണ്ടെന്നതിന്റെ പേരില്‍ അത് വിറ്റഴിക്കാന്‍വേണ്ടിമാത്രം കാലാവധി നീട്ടിെക്കാടുക്കുന്നത് കൊടുംപാതകമാണ്. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനമാണ് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത് എന്നുവേണം അനുമാനിക്കാന്‍. ഇനിയും രണ്ടുവര്‍ഷത്തേക്ക് നിരോധനം നീട്ടിക്കൊടുക്കുന്നത് ലക്ഷക്കണക്കിന് രോഗികളെസൃഷ്ടിക്കുന്നതിനിടയാക്കും.

എന്‍ഡോസള്‍ഫാന്‍പോലെ വിലകുറഞ്ഞ കീടനാശിനി ലഭ്യമല്ല എന്നകാരണംപറഞ്ഞ് ഈ കൊടുംവിഷത്തെ കൃഷിയിടങ്ങളില്‍ ഇനിയും ഉപയോഗിക്കണമെന്ന് ശഠിക്കാന്‍ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനും ആവില്ല. കമ്പനികളുടെ ലാഭനഷ്ടക്കണക്കുകളെക്കാള്‍ മനുഷ്യജീവനാണ് വില എന്ന ചിന്തയാണ് നമ്മെ നയിക്കേണ്ടത് ആ നിലയിലുള്ള ഒരു സമീപനമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍