പാറമടകളുടെ പ്രവര്‍ത്തനം പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു

December 12, 2012 കേരളം

തിരുവനന്തപുരം: ചട്ടപ്രകാരമുള്ള വ്യവസ്ഥകളെല്ലാം പാലിക്കുന്ന സ്വകാര്യഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പുറപ്പെടുവിക്കാനിടയുള്ള ഉത്തരവുകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

സംസ്ഥാനത്തെ പാറമടകള്‍ക്ക് കാലതാമസം കൂടാതെ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുന്നതിലെ തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 23 ന് പുറത്തിറക്കിയ ഉത്തരവില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിഷ്കരിച്ച് പുതിയ ഉത്തരവിറക്കിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതുവരെ സംസ്ഥാനത്തെ സ്വകാര്യഭൂമിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാറമടകള്‍ക്ക് തുടര്‍പ്രവര്‍ത്തനാനുമതി നല്‍കുവാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ്, ആഭ്യന്തര വകുപ്പിന്റെ എക്സ്പ്ളോസീവ് ലൈസന്‍സ് തുടങ്ങി പ്രവര്‍ത്തനാനുമതി പുതുക്കുന്നതിന് ആവശ്യമായ എല്ലാ നിബന്ധനകളും പാലിക്കുന്ന സ്വകാര്യ ഭൂമിയിലെ പാറമടകള്‍ക്കാണ് ഒരു വര്‍ഷത്തേക്കുകൂടി തുടര്‍ പ്രവര്‍ത്തനാനുമതി നല്‍കുവാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം