കാപട്യനിരാസം

December 13, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ആശ്രമത്തിലെ ഗണപതി പ്രതിഷ്ഠമുതല്‍ കിഴക്കോട്ട് ഗേറ്റുവരെയുള്ള ഭാഗം ഒരുകടയായിരുന്നു. രണ്ടുമൂന്ന് മുറികള്‍ വാടകയ്ക്ക് കൊടുത്ത് അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം ആശ്രമത്തിന്റെ ചെലവില്‍ ഒരു പങ്ക് വഹിച്ചിരുന്നു. ഗേറ്റിനുള്ളിലേക്ക് കയറുമ്പോഴുള്ള ആദ്യത്തെ കട ആലായി രാഘവന്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഒരു വ്യക്തിയുടേതായിരുന്നു. കച്ചവടത്തിലെ അമിതലാഭവും കച്ചവടത്തിനുവേണ്ടിയുള്ള ചില അഭ്യാസമുറകളും അയാള്‍ പലപ്പോഴും പൊരുത്തപ്പെടുത്തിയിരുന്നു. പരഹൃദയജ്ഞാനിയും ആത്മാരാമനുമായ സ്വാമിജിയെ മറച്ചുവയ്ക്കുന്നതിന് മണ്‍കട്ടകളുടെ ചുമരുപോരെന്നു പാവം രാഘവനറിഞ്ഞുകൂടായിരുന്നു. ഒരു ദിവസം കടനിറയെ വാഴക്കുല വാങ്ങികെട്ടിനിറച്ചു. ഒരുമിച്ച് പഴുക്കുമെന്ന് ഈ മഠയന്‍ ചിന്തിച്ചില്ല. പഴുത്തുതുടങ്ങിയപ്പോള്‍ പരിഭ്രാന്തി വര്‍ദ്ധിച്ചു. ആശ്രമത്തില്‍ വരുന്ന ആളുകളുടെ കൈയില്‍ ”സ്വാമിജിക്കിഷ്ടം പഴമാ”ണെന്നു പറഞ്ഞ് പടലകളരിഞ്ഞ് നിര്‍ബന്ധപൂര്‍വം പിടിച്ചേല്പിക്കുക പതിവായി. എന്നിട്ടും കണക്കുകൂട്ടലില്‍ തെറ്റിയ രാഘവന്‍ ഒരു പൊടിക്കൈ പ്രയോഗിച്ചു.

സ്വാമിജി സമാധിയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പറഞ്ഞു പ്രചരിപ്പിച്ചു. കാട്ടുതീപോലെ വാര്‍ത്ത പരന്നു. വന്നുകൂടുന്ന ജനങ്ങളെ ഉപയോഗിച്ച് പഴക്കുല മുഴുവന്‍ ചെലവാക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ കാര്യം നേരെമറിച്ചായി. സ്വാമിജി തന്റെ ജ്ഞാനദൃഷ്ടികൊണ്ട് ഈ കൊടുംചതിയറിഞ്ഞു. ആത്മസ്ഥനും സര്‍വജ്ഞനുമായ ആ മഹാത്മാവ് ആശ്രമത്തിനു മുന്നിലിരുന്നുകൊണ്ട് തന്നോടെന്നപോലെ ഫലത്തില്‍ ലോകരോട് ഒരു കാര്യം പറഞ്ഞു. ”ഞങ്ങള്‍ക്കിന്നുമുതല്‍ പഴം വേണ്ടെടോ.” ആരോടെന്നില്ലാതെ തനിയെയുള്ള ഈ പ്രബോധനം സര്‍വപേരുടേയും മനേമന്ദിരങ്ങളില്‍ പ്രതിധ്വനിച്ചു. വരുന്നവരാരുംതന്നെ പഴം വാങ്ങുകയില്ലെന്ന് മാത്രമല്ല, അത് നിരസിക്കുകയും ചെയ്തു. രാഘവന് ഗതിമുട്ടി. സ്വാമിജിയെ ശരണം പ്രാപിച്ചു. പഴങ്ങളെല്ലാം നഷ്ടം വരുന്നുവെന്ന് അറിയിച്ചു. സ്വാമിജിയുടെ അര്‍ത്ഥഗര്‍ഭവും രസാവഹവുമായ മറുപടി അന്വേഷണകുതുകികള്‍ക്ക് പ്രയോജനപ്പെടും. ”എടോ ഞങ്ങള് വീട്ടിപോയിരിക്കുകയാ. ഇപ്പോ ഇവിടിരിക്കുന്നത് ഞങ്ങടെ പ്രേതമാണ്. മേലാല്‍ അനാവശ്യങ്ങള്‍ പറഞ്ഞ് പരത്തരുത്.” ഇങ്ങനെ പറഞ്ഞുകൊണ്ട് ആലായിയെ പോകാനനുവദിച്ചു. അതിനുശേഷമേ അയാള്‍ക്ക് വാഴക്കുലകള്‍ ചെലവായിരുന്നുള്ളു. അമിതമായ സമ്പാദ്യത്തോട് സ്വാമിജി പൂര്‍ണമായും എതിരായിരുന്നു. കര്‍മവിപര്യയമെന്നുതന്നെ പറയട്ടെ, അയാളുടെ സമ്പാദ്യത്തിന്റെ പങ്കുമുഴുവന്‍ നഷ്ടപ്പെടുകയും മരണംപോലും ദയനീയമായി സംഭവിക്കുകയും ചെയ്തു.

പൂതനാസംഹാരം
ഇന്ന് സിനിമാലോകത്ത് പ്രസിദ്ധനായിട്ടുള്ള ശ്രീ ജഗന്നാഥവര്‍മ മഹാത്മാഗാന്ധികോളേജില്‍ എനിക്ക് ഒരു വര്‍ഷം ജൂനിയറായി പഠിച്ചിരുന്നു. അദ്ദേഹം തികഞ്ഞ ഒരു കഥകളി നടനായിരുന്നുവെന്നകാര്യം അധികപേരും അറിഞ്ഞിരിക്കില്ല. വളരെ പ്രശസ്തനായി കഥകളി രംഗത്ത് വളര്‍ന്നുവന്ന ശ്രീമാന്‍ വര്‍മ അനന്തരകാലത്ത് കഥകളിയില്‍ നിന്ന് ചലച്ചിത്രമേഖലയിലേക്ക് തന്റെ കാലവൈദഗ്ദ്ധ്യം തിരിച്ചുവിട്ടു. അതോടൊപ്പം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരുന്നതോദ്യോഗസ്ഥനായി സേവനവും അനുഷ്ഠിച്ചിരുന്നു. പഠിക്കുന്ന കാലങ്ങളില്‍ എന്നോടൊത്ത് ആശ്രമത്തില്‍ വന്നിരുന്ന വര്‍മയ്ക്ക് സ്വാമിജിയോട് അളവറ്റ ഭക്തിയും ബഹുമാനവുമുണ്ടായിരുന്നു. തന്റെകലാവാസനയ്‌ക്കൊരനുഗ്രഹമായിത്തീരണമെന്നുകരുതി സ്വാമിജിയുടെ മുന്നില്‍ ‘പൂതനാമോക്ഷം’ അവതരിപ്പിക്കണമെന്ന് വര്‍മ ആഗ്രഹിച്ചു.

സ്വാമിജിയുടെ അനുവാദത്തോടെ അനുകൂലമായൊരു ദിവസം നിശ്ചയിക്കപ്പെട്ടു. കഥകളിക്കാവശ്യമായ എല്ലാ സംരംഭങ്ങളും തയ്യാറാക്കി. മുഖം മിനുക്കി കുത്തിയുടുപ്പ് കഴിഞ്ഞ് സുന്ദരിയായ ഒരു സ്ത്രീരത്‌നമായി ‘പൂതന’ രംഗപ്രവേശം ചെയ്തു. അനേകങ്ങള്‍ കലാസ്വാദനത്തിന് അന്ന് ആശ്രമത്തില്‍ തടിച്ചുകൂടിയിരുന്നു. തികഞ്ഞ കലാപാടവത്തോടുകൂടി ‘പൂതന’ തന്റെ ദൗത്യം നിര്‍വഹിക്കുന്ന ഘട്ടത്തിലേക്കു കടന്നു. കൃഷ്ണനെ പാലൂട്ടുന്നതിന് കാകോളം തേച്ചുപിടിപ്പിച്ച കൊങ്കത്തടങ്ങളുമായി പ്രത്യക്ഷപ്പെട്ട രംഗം മുതലുള്ള സംരംഭങ്ങള്‍ കലാസ്വാദനപടുക്കള്‍ക്കറിവുള്ളതുകൊണ്ടും പ്രകൃതത്തില്‍ പ്രസക്തമല്ലാത്തതു കൊണ്ടും വര്‍ണിക്കുന്നില്ല. പൂതനയുടെ പാലും പ്രാണനും കൃഷ്ണന്‍ പാനം ചെയ്യുന്ന  രംഗം, സൗന്ദര്യവതിയായ തരുണീരത്‌നം പൂതനയെന്ന രാക്ഷസിയായി മാറുന്ന പ്രക്രിയ, അത്യാകാംക്ഷയോടെ അനേകങ്ങള്‍ നോക്കിനില്‌ക്കെ പെട്ടെന്ന് അന്തരീക്ഷം മേഘാവൃതമായി. നിമിഷനേരങ്ങള്‍ക്കുള്ളില്‍ നല്ലൊരു വൃഷ്ടിയുമുണ്ടായി. വര്‍മ തന്റെ അഭിനയം പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് ബോധരഹിതനായി നിലംപതിച്ചു. ഞാന്‍ ഇരുകൈകളുംകൊണ്ട് വര്‍മയെ താങ്ങിയെടുത്ത് സ്വാമിജിയുടെ തൃപ്പാദങ്ങള്‍ക്കരികെ കിടത്തി.

”സാരമില്ലെടോ” എന്ന് എന്നെ സമാശ്വസിപ്പിച്ചിട്ട് ശംഖിലെ ജലം തൃക്കരങ്ങളിലെടുത്ത് വര്‍മയുടെ മുഖത്തു തളിച്ചു. പെട്ടെന്ന് ഞെട്ടിയുണര്‍ന്ന വര്‍മ ആദ്യമായി പറഞ്ഞവാക്ക്, ”സ്വാമിജീ, പൂതന മരിച്ചില്ല” എന്നായിരുന്നു. ഇതുകേട്ട് സ്വാമിജി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ചിന്താബന്ധുരമാണ്. ”ആഹ്! പൂതനയെ നീ കൊല്ലണ്ടെടോ; ഞങ്ങള് കൊന്നോളാം.” ഉണര്‍ന്നെണീറ്റ വര്‍മ തന്റെ കുത്തിയുടുപ്പും മിനുക്കുമായി ഒരു ഭാഗത്തേക്ക് വിനയാന്വിതനായി മാറിനിന്നു. പിന്നീട് വിശ്രമമുറിയില്‍ പ്രവേശിച്ചു.

”പൂതനയെ നീ കൊല്ലണ്ടെടോ; ഞങ്ങള് കൊന്നോളാം” – എന്ന് പറഞ്ഞ ആശയം വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സാധാരണ സ്ത്രീത്വത്തില്‍ പൂതന അടങ്ങിയിട്ടുണ്ടെന്ന് അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ സാധാരണക്കാര്‍ അറിഞ്ഞിരിക്കുകയുള്ളു. അത്യന്തം സുന്ദരങ്ങളായ ആടയാഭരണങ്ങളണിഞ്ഞ ഒരു സൗന്ദര്യറാണിയുടെ മനസ്സില്‍ പൂതന കുടിയിരിപ്പുണ്ടെന്ന സത്യം ലോകത്തിന് അറിയാന്‍ കഴിയുകയില്ല. മനുഷ്യമനസ്സിലെ, പ്രത്യേകിച്ച് സ്ത്രീഹൃദയത്തിലെ, പൂതനയെ നിഗ്രഹിക്കുകയെന്ന സാഹസം എളുപ്പമാര്‍ക്കും സാധിക്കുകയില്ല. കാമക്രോധലോഭമോഹാദികള്‍ കൊണ്ട് കലുഷവും, കാകോളപൂരിതമായ സ്തനങ്ങള്‍കൊണ്ട് ആസുരികവുമായ ആ രൂപം മാതൃത്വത്തിന് അല്പവും നിരക്കാത്ത രാക്ഷസപ്രകൃതിയുമായാണ് രംഗപ്രവേശം ചെയ്യുന്നത്. പാലു നല്‌കേണ്ടിടത്ത് വിഷം നല്‍കുന്ന സ്ത്രീത്വത്തിന്റെ ഭാവന സംഹരിക്കപ്പെടേണ്ടതാണ്. മനുഷ്യമനസ്സിന്റെ പൂര്‍വവാസനകളുടെ നിഗൂഢതലങ്ങളിലേക്കിറങ്ങിച്ചെല്ലുവാന്‍ കഴിയുന്ന മഹാത്മാക്കള്‍ക്കുമാത്രമേ മേല്പറഞ്ഞ രാക്ഷസീയവൃത്തികള്‍ക്ക് പരിഹാരം കാണാനാകൂ.

ധര്‍മസംരക്ഷണാര്‍ത്ഥം ജനിച്ചവനാണ് കൃഷ്ണന്‍. ധര്‍മനിരാകരണത്തിനിറങ്ങിപ്പുറപ്പെട്ടവളാണ് പൂതന. പൂതനയെ നിയോഗിച്ചത് അസുരപ്രമാണിയായ കംസനുമാണ്. ധര്‍മസ്വരൂപനായ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തേണ്ട മാതൃത്വത്തിനുപകരം കാകോളമൂട്ടി സംഹരിക്കുന്ന മനസ്സിനെ സംഹരിക്കാനും സംസ്‌കരിക്കാനും മഹാമനീഷികള്‍ക്കും അവതാരപുരുഷന്മാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല. വ്യക്തിജീവിതത്തിലെ യഥാര്‍ത്ഥകലയെ മറച്ചുകെട്ടിയ ആസുരികപ്രവണത യഥാര്‍ത്ഥസ്വരൂപസ്വഭാവങ്ങളോട് ബന്ധപ്പെട്ടതല്ല. അഭിനയംകൊണ്ട് യാഥാര്‍ത്ഥ്യത്തിന് തിരുത്തെഴുത്ത് കല്പിക്കാനാകില്ല. ജീവിതസംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലുംപെട്ട് ശാലീനവും ധാര്‍മികവുമായ സങ്കല്പങ്ങളെ നയിക്കാനിടവരാത്ത മനുഷ്യജന്മം നിരര്‍ത്ഥകമാണ്. അഭിനയം കൊണ്ട് നിഗ്രഹിക്കാനാകാത്ത മാദകസ്വഭാവം യാഥാര്‍ത്ഥ്യബോധമുള്ള മഹാമനിഷീകള്‍ക്കുമാത്രമേ നശിപ്പിക്കുവാനാകൂ.

അഭിനയംകൊണ്ട് പൂതനയെക്കൊല്ലുവാന്‍ സാധ്യമല്ല. ഉഗ്രതപസ്സുകൊണ്ട് മനോനിഗ്രഹം നിര്‍വഹിച്ച മഹാതപസ്വികള്‍ക്കുമാത്രമേ മദമാത്സര്യചിന്താകലുഷിതമായ മനുഷ്യമനസ്സിനെ സംസ്‌കരിക്കാനാകൂ. വികാരങ്ങള്‍ക്കും പൂതനയ്ക്കും തമ്മിലുള്ള സാദൃശ്യം ശ്രദ്ധേയമാണ്. അഭിനയത്തിലൂടെയല്ല, അനുഭവത്തിലൂടെയാണ് പൂതനാനിഗ്രഹം സാര്‍ത്ഥകമാകുന്നത്. ”പൂതനയെ നീ കൊല്ലണ്ടടോ; ഞങ്ങള്‍ കൊന്നോളാം-” എന്നു പറഞ്ഞവാക്കുകളിലെ അനുഗ്രഹസ്വഭാവത്തോടുകൂടിയ ആശയപ്രതിപത്തിയും ആശ്വാസകരമാണ്. മഹാഗുരുക്കന്മാര്‍ മാത്രം ഏറ്റെടുക്കുന്നതും കാരുണ്യത്തോടു നിര്‍വഹിക്കുന്നതുമാണ് മേല്പറഞ്ഞ പൂതനാനിഗ്രഹവും മനസംസ്‌കരണവും. വളരെ ലളിതവും പച്ചമലയാളത്തിലുള്ളതുമായ ആ വാക്കുകള്‍ എത്ര നിഗൂഢമായ അര്‍ത്ഥതലങ്ങളെ ബാധിക്കുന്നുവെന്നത് സാധാരണമനുഷ്യര്‍ അറിഞ്ഞിരിക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം