അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കും: കെ.ജയകുമാര്‍

December 12, 2012 കേരളം

ശബരിമല: സ്വാമി അയ്യപ്പന്‍ റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിനും രാത്രിയാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭക്തജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമുള്ള നടപടികള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പ്രദേശത്ത് രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍, ഒരു കുടിവെള്ള പാര്‍ലര്‍ എന്നിവ ഉടനടി സ്ഥാപിക്കും. ഭക്തര്‍ക്ക് സന്നിധാനത്തു നിന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നതിന് ഇവിടങ്ങളില്‍ സ്പീക്കറുകളും ഉച്ചഭാഷിണികളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് പ്രവര്‍ത്തനം നടത്തുന്ന ട്രാക്റ്ററുകളുടെ സ്പീഡ് 15/20 കിലോമീറ്ററില്‍ കൂടുവാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തര്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. വേഗത വര്‍ദ്ധിപ്പിച്ചുകൊണ്ടു ട്രാക്റ്റര്‍ ഓടിക്കാന്‍ പാടില്ലെന്നു കാണിച്ചുള്ള ബോര്‍ഡുകള്‍ വിവിധ പോയിന്‍റുകളില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് കോ-‍ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

മാളികപ്പുറത്തിനടുത്തുള്ള പുതിയ അപ്പം, അരവണ കൗണ്ടറില്‍ ഭക്തര്‍ക്ക് പ്രസാദം വാങ്ങുന്നതിനായി കനത്ത വെയിലിലും മഴയത്തുമൊക്കെ കാത്തു നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ നാലു ദിവസത്തിനുള്ളില്‍ മേല്‍ക്കൂര സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മകരവിളക്ക് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരെ പ്രത്യേകമായി വിളിച്ചുചേര്‍ത്ത് ഡിഡിസി ചേരും. ഈ മാസം 22 ന് ഉച്ചയ്ക്ക് കോട്ടയത്തു വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പുല്ലുമേടുള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബബന്ധപ്പെട്ട് ചര്‍ച്ച നടത്തും. സ്ഥലം എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിവിധ വകുപ്പുദ്യോഗസ്ഥരെയും യോഗത്തിനു വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഴിപാടുകളുടെ കാര്യത്തില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കും. 2012-‍13 മണ്ഡലക്കാലത്ത് വഴിപാട് നേരത്തേ ബുക്ക് ചെയ്തവരുടേതു തന്നെയാണോ നടക്കുന്നതെന്ന കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരങ്ങളെല്ലാം കംപ്യൂട്ടറിലാക്കും. അതതു ദിവസം വിജിലന്‍സ് എസ്പി ഇക്കാര്യം പരിശോധിക്കും. അതതു ദിവസത്തെ വഴിപാടിനുള്‍പ്പെടെ ബുക്കു ചെയ്തിട്ടുള്ളവരുടെ പേരു വിവരങ്ങള്‍ സ്ഥലത്ത് അന്നന്ന് പ്രദര്‍ശിപ്പിക്കുന്നതോടെ ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാനാകും.

വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. നടപ്പന്തലിലും ശരം കുത്തിയിലുമുള്‍പ്പെടെ ഡിവൈഎസ്പി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. വെര്‍ച്വല്‍ ക്യൂവിലേക്കുള്ള അംഗസംഖ്യ കൂടിവരുന്ന സാഹചര്യത്തില്‍ എഡിജിപി പി.ചന്ദ്രശേഖരനുമായി സംസാരിച്ച് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികല്‍ സ്വീകരിക്കും. സന്നിധാനത്തും സോപാനത്തും ഡ്യൂട്ടിയിലെത്തുന്ന പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സന്നിധാനത്ത് നിലവില്‍ ആവശ്യത്തിന് അരവണ സ്റ്റോക്കുണ്ടെന്നും ഉദ്പാദനം ഒരു ലക്ഷം എത്തിക്കാനുള്ള ശ്രമം നടത്തി വരുന്നതായും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ദേവസ്വം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, പോലീസ് കണ്‍ട്രോളര്‍, വിജിലന്‍സ് എസ്പി മുതലായവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം