കേരളത്തിന് അനുവദിച്ച കല്‍ക്കരിപ്പാടം റദ്ദാക്കി

December 13, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷം മുമ്പ് വൈദ്യുതി ഉത്പാദനത്തിനായി ഒഡീഷയിലെ വൈതരണയില്‍ കേരളത്തിന്  അനുവദിച്ച കല്‍ക്കരിപാടം ഇതേവരെ ഉപയോഗിക്കാത്തത്തിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.  കല്‍ക്കരി ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തു നല്‍കിയിരുന്നു.

അടുത്തിടെ കല്‍ക്കരി പാട വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചത്. വിവാദത്തെ തുടര്‍ന്ന്, ഉപയോഗിക്കപ്പെടാത്ത കല്‍ക്കരി പാടങ്ങള്‍ റദ്ദുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി പ്ലാന്റ് വൈതരണിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേരളം , ഗുജറാത്ത്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായി രൂപവല്‍ക്കരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ധാരണയായിരുന്നത്.  2020 ല്‍ പൂര്‍ത്തിയാകുന്ന വൈതരണ പദ്ധതി നടപ്പാകുന്നതോടെ 1000 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാടം റദ്ദാക്കിയതോടെ ഈ പദ്ധതി വൈകാനാണ് സാധ്യത.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍