ചരല്‍ മേട്ടില്‍ ഒന്നരലക്ഷം രൂപയുടെ വില്പനസാധനങ്ങള്‍ പിടിച്ചെടുത്തു

December 14, 2012 കേരളം

ശബരിമല: ശബരിമലയിലെ ചരല്‍മേട്ടിനടുത്ത് വനത്തിനുളളില്‍ സൂക്ഷിച്ചിരുന്ന അനധികൃത വില്പന വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ചരല്‍മേട്ടില്‍ നിന്ന് ഒന്നര കിലോ മീറ്ററോളം മാറി വനത്തിനുളളിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്നത്. ‘ലൈഫ് ഓഫ് പൈ‘ ഉള്‍പ്പെടെ അടുത്തിടെ പുറത്തിറങ്ങിയ വിവിധ ഭാഷാചിത്രങ്ങളുടെ വ്യാജ സി.ഡികള്‍, അശ്ലീല സി.ഡി. കള്‍, വള, മാല, സ്ലൈഡ്, കമ്മല്‍, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവയുടെ വിപുല ശേഖരമാണ് റെയ്ഡില്‍ പിടികൂടിയത്. സാധനങ്ങള്‍ക്ക് ഒന്നരലക്ഷത്തോളം രൂപ വില വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. ഈ മേഖലയില്‍ നിന്ന് കഴിഞ്ഞയാഴ്ചയും അനധികൃത വില്പന സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് കൊണ്ടു വരുന്ന സാധനങ്ങള്‍ വനത്തിനുളളില്‍ ശേഖരിച്ച് ശേഷം കടകളിലും തീര്‍ത്ഥാടന പാതകളിലുമെത്തിച്ചാണ് വില്പന നടത്തുന്നത്. പലയിടങ്ങളിലും കുട്ടികളെ ഉപയോഗിച്ചാണ് വില്പന. ശരംകുത്തിയ്ക്കും നീലിമലയ്ക്കുമിടയിലുളള വന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വന്‍ തോതില്‍ കച്ചവടസാമഗ്രികള്‍ സൂക്ഷിക്കുന്നതായി പോലീസിന് വിവരംലഭിച്ചിരുന്നു. സന്നിധാനം പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിനോദ്കുമാര്‍, എ.എസ്.ഐ. മാരായ രാധാകൃഷ്ണന്‍ നായര്‍, ദിനേശ്, സി.പി.ഒ. മാരായ വിനോദ്, സുരേഷ്, പ്രശാന്ത്, അജിത്ത് എന്നിവരാണ് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം