കേരളത്തിലെ വിമാനത്താവളങ്ങളില്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് ആരംഭിക്കും: കെ.സി.വേണുഗോപാല്‍

December 15, 2012 കേരളം

കൊച്ചി: ജനുവരി ഒന്നു മുതല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് ആരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. നെടുമ്പാശേരി- ഗുരുവായൂര്‍- ശബരിമല റൂട്ടില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങാന്‍ പവന്‍ഹന്‍സ് ഹെലികോപ്റ്റേഴ്സ് ലിമിറ്റഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പൈലറ്റ് പ്രോജക്ട് തുടങ്ങുന്നതു സംബന്ധിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റി ഒഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തും. നെടുമ്പാശേരിയിലെ കസ്റംസ് ക്ളിയറന്‍സ് സംവിധാനം വേഗത്തിലാക്കും. വിമാനത്താവള വികസനം സംബന്ധിച്ച് വരുന്ന 24നു തിരുവനന്തപുരത്തും ജനുവരി പത്തിനു കോഴിക്കോട്ടും യോഗം വിളിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഗള്‍ഫ് യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ പ്രത്യേക ഓഫീസ് തുറന്നിട്ടുണ്ട്. യാത്രക്കാര്‍ക്കു പരാതികള്‍ അറിയിക്കാന്‍ imxailominister@nic.in എന്ന ഇ മെയില്‍ വിലാസവും തയാറാക്കി. ഇ മെയില്‍ വഴി ലഭിക്കുന്ന പരാതികള്‍ എയര്‍ ഇന്ത്യയ്ക്കു കൈമാറും.

ഒരാഴ്ച്ചയ്ക്കകം പരാതികള്‍ക്കു പരിഹാരമുണ്ടാക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും കോള്‍ സെന്ററുകള്‍ തുടങ്ങും. സീനിയര്‍ എയര്‍പോര്‍ട്ട് ഓഫീസര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം