മണ്ഡലപൂജ, മകരവിളക്ക് : മന്ത്രി അവലോകനയോഗം വിളിക്കും

December 15, 2012 കേരളം

തിരുവനന്തപുരം: ശബരിമല  മണ്ഡലപൂജയും മകരവിളക്കിനും മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അവലോകനയോഗങ്ങള്‍ വിളിക്കും.  മണ്ഡലപൂജയ്ക്ക് മുമ്പുള്ള അവലോകനയോഗം 21-നോ, 22 -നോ വിളിച്ചുചേര്‍ക്കാനാണുദ്ദേശിക്കുന്നത്.  മണ്ഡലകാലമാരംഭിച്ചശേഷം ഇതേവരെ ഇക്കുറി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനും തീര്‍ത്ഥാടകരുടെ ക്ഷേമമുറപ്പുവരുത്താനും ദേവസ്വംബോര്‍ഡിനും വിവിധ വകുപ്പുകള്‍ക്കും, പോലീസിനും കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തലെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ മീഡിയാ സെന്ററിനോട് പറഞ്ഞു.

വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തീര്‍ത്ഥാടകര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ചില സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററുകള്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് തീര്‍ത്ഥാടകര്‍ക്ക് നല്‍കി ശബരിമലയിലേക്കുള്ള പ്രവേശന ടിക്കറ്റെന്ന രീതിയില്‍ പണം വാങ്ങുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇത്തരം പ്രവണതകളൊഴിവാക്കുന്നതിന് നടപടിയെടുക്കാന്‍ എഡിജിപി ചന്ദ്രശേഖരന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.    വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തെക്കുറിച്ച് ശരിയായ അവബോധം അയ്യപ്പന്‍മാരിലുണ്ടാക്കി വരും വര്‍ഷങ്ങളില്‍ ഫലപ്രദമായ സംവിധാനമാക്കി അതിനെ മാറ്റണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  സന്നിധാനത്തെ കച്ചവട സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വിലകൂട്ടി വില്ക്കുന്നതും  ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വില്പന നടത്തുന്നതും തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കാര്യങ്ങളുടെ പൊതു അവലോകനത്തിന് ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം