ശബരിമല: പരമ്പരാഗത പാതയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം

December 16, 2012 കേരളം

ശബരിമല: വലിയാനവട്ടത്ത് കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചതിനേത്തുടര്‍ന്ന്  പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്കു വരുന്ന തീര്‍ഥാടകര്‍ക്ക് വനംവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എരുമേലിയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്കു വരുന്ന തീര്‍ഥാടകര്‍ നിര്‍ബന്ധമായും വൈകുന്നേരം അഞ്ചിനു മുമ്പു പമ്പയിലെത്തിയിരിക്കണമെന്നു വനംവകുപ്പ് നിര്‍ദേശിച്ചു. ഇന്നലെ പമ്പയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീര്‍ഥാടകര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പരമ്പരാഗത പാതയിലെ അഴുതയിലും മറ്റും തീര്‍ഥാടകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്കും. കരിമലയില്‍ വനംവകുപ്പ് ചെക്ക്പോസ്റ് സ്ഥാപിക്കും.  ഇതിനുപുറമേ പമ്പ മുതല്‍ വലിയാനവട്ടംഭാഗം വരെ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ ഹാലജന്‍ ബള്‍ബുകളും ട്യൂബ് ലൈറ്റുകും സ്ഥാപിക്കും.  യുദ്ധകാലാടിസ്ഥാനത്തില്‍ ട്യൂബ് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് ശബരിമല ഫെസ്റിവല്‍ ചീഫ് കോര്‍ഡിനേറ്റര്‍ കെ. ജയകുമാര്‍ നിര്‍ദേശം നല്കിയത്.

ശബരിമല സ്പെഷല്‍ കമ്മീഷണര്‍ കെ.ബാബു, പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ പി. ചന്ദ്രശേഖരന്‍, വനംവകുപ്പിന്റെ പീരുമേട് എസിഎഫ് സുനില്‍ ബാബു തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം