കോഴിക്കോട് എല്‍.ഡി.എഫിന്‌

October 31, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: ജില്ലയിലെ കോര്‍പ്പറേഷന്റെയും നഗരസഭകളുടെയും ഭരണം എല്‍.ഡി.എഫ്.നിലനിര്‍ത്തി. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് കടുത്ത മത്സരം വേണ്ടിവന്നു. വടകര, കൊയിലാണ്ടി നഗരസഭകളും ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിനാണ് നേരിയ മേല്‍ക്കൈ. ഗ്രാമപഞ്ചായത്തുകളില്‍ നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിനും.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 41 എണ്ണം എല്‍.ഡി.എഫ് നേടി. യു.ഡി.എഫിന് 34 സീറ്റുകള്‍ ലഭിച്ചു. 75 സീറ്റാണ് കോര്‍പ്പറേഷനില്‍ ആകെയുള്ളത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് കോര്‍പ്പറേഷനുകള്‍ എല്‍.ഡി.എഫിനും രണ്ടെണ്ണം യു.ഡി.എഫിനും ലഭിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന മുന്‍ എം.പി. എ.കെ.പ്രേമജം പൊറ്റമ്മല്‍ വാര്‍ഡില്‍ വിജയിച്ചു. യു.ഡി.എഫ്.സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ എം.ടി.പത്മ ചാലപ്പുറം വാര്‍ഡില്‍ നിന്ന് വിജയിച്ചു. നടക്കാവ് വാര്‍ഡില്‍ മത്സരിച്ച സോഷ്യലിസ്റ്റ് ജനതയുടെ കമല രഘുനാഥ് ആണ് കോര്‍പ്പറേഷനില്‍ വിജയിച്ച ആദ്യ യു.ഡി.എഫ്. അംഗം.
വടകര നഗരസഭയില്‍ ആകെയുള്ള 47 സീറ്റില്‍ 27 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫിന് ലഭിച്ചത് 19 സീറ്റുകള്‍. ഒരു കോണ്‍ഗ്രസ് വിമതനും വടകരയില്‍ ജയിച്ചു.
44 അംഗങ്ങളുള്ള കൊയിലാണ്ടിയില്‍ 27 സീറ്റ് എല്‍.ഡി.എഫും 14 സീറ്റ് യു.ഡി.എഫും നേടി. മൂന്ന് സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. കൊയിലാണ്ടി നഗരസഭയില്‍ എല്‍.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ശാന്ത ടീച്ചര്‍ വിജയിച്ചു.
ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാവിലെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം വന്‍ജനാവലി തടിച്ചു കൂടിയിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതായി രാവിലെ തന്നെ ആക്ഷേപമുയര്‍ന്നു. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കനത്ത സുരക്ഷാസംവിധാനമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരുന്നത്. മൂന്നുതവണ പരിശോധന നടത്തിയായാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടവരെ കടത്തിവിട്ടത്. 1024 കൗണ്ടിങ് ടേബിളുകളിലാണ് ജില്ലയിലാകെ വോട്ടെണ്ണല്‍ നടക്കുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വേളം ഡിവിഷന്‍ പരിധിയിലെ വോട്ടെടുപ്പ് താമസിച്ചതുകൊണ്ടാണ് കോഴിക്കോട്ട് വോട്ടെണ്ണല്‍ വൈകിയത്. ശനിയാഴ്ച വേളത്തു നടന്ന തിരഞ്ഞെടുപ്പില്‍ 81.66 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നതിനാല്‍ അക്രമങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടായില്ല. വേളം ഗ്രാമപ്പഞ്ചായത്ത് 82.67, കായക്കൊടി 76.27, കാവിലുംപാറ 80.47, മരുതോങ്കര 85.81, ആയഞ്ചേരി 81.5, കുറ്റിയാടി പഞ്ചായത്ത് 80.63 എന്നിങ്ങനെയാണ് പോളിങ ശതമാനം.
ത്രിതല പഞ്ചായത്തില്‍ പത്തു റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.പി.ബി. സലിം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്ത് കോഴിക്കോട് ഒഴികെ മറ്റ് 13 ജില്ലകളിലും ഒക്ടോബര്‍ 27 നാണ് വോട്ടെണ്ണല്‍ നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം