നിയമസഭയില്‍ അംഗങ്ങള്‍ക്ക് ലാപ്ടോപ്പും ഐ-പാഡും ഉപയോഗിക്കാം

December 17, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിന് സഹായകമായ രീതിയില്‍ മാത്രം ലാപ്ടോപ്പും ഐ-പാഡും സഭയ്ക്കുള്ളില്‍ ഉപയോഗിക്കാമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഈ സൌകര്യം നിയമസഭയിലെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അംഗങ്ങള്‍ പ്രയോജനപ്പെടുത്തും എന്ന് പ്രത്യാശിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ഭാരതത്തിലെ നിയമനിര്‍മ്മാണ സഭകളില്‍ ആദ്യമാണ് ഇങ്ങിനൊരു തീരുമാനം. സ്പീക്കറുടെ ഈ തീരുമാനം മുഖ്യമന്ത്രിയും പ്രതിപക്ഷ ഉപനേതാവും സഭയില്‍ സ്വാഗതം ചെയ്തു. 

നിയമസഭയില്‍ അംഗങ്ങള്‍ ലാപ്ടോപ്പ്, ഐ-പാഡ് എന്നിവ ഉപയോഗിക്കുന്നത് അനുവദനീയമാണോ എന്നത് സംബന്ധിച്ച് റൂളിങ് നല്‍കണമെന്ന് ടി.എന്‍. പ്രതാപന്‍ ക്രമപ്രശ്നത്തിനു നോട്ടീസ് നല്‍കിയിരുന്നു. ഡോ. ടി.എം. തോമസ് ഐസക് കഴിഞ്ഞ ആഴ്ച പ്രസംഗിക്കവേ ഐ-പാഡ് ഉപയോഗിച്ച സാഹചര്യത്തിലാണ് ഇപ്രകാരം ഒരു ക്രമപ്രശ്നം ഉന്നയിച്ചത്.

സഭയിലെ നിലവിലുള്ള കീഴ്വഴക്കമനുസരിച്ച് ലാപ്ടോപ്പ്, ഐ-പാഡ് തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സഭയില്‍ അനുവദനീയമല്ല. നമ്മള്‍ ഇന്ന് ജീവിക്കുന്നത് ഹൈടെക് യുഗത്തിലാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട് പിന്‍തിരിഞ്ഞു നില്‍ക്കുന്നത് ശരിയാണെന്ന് അഭിപ്രായമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സഭയ്ക്കുള്ളില്‍ അതിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ നടപടികള്‍ വെബ്കാസ്റ് ചെയ്യുന്നുണ്ട്. ഈ സഭയുടെ കാലയളവില്‍ അംഗങ്ങള്‍ക്ക് ഐ-പാഡ് വിതരണം ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം