കയര്‍ മേഖലയില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി അടൂര്‍ പ്രകാശ്

December 17, 2012 കേരളം

തിരുവനന്തപുരം: കയര്‍ മേഖലയില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കേരളാ സ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ശാസ്തമംഗലത്ത് കയര്‍ ഡയറക്ടറേറ്റില്‍ ആരംഭിച്ച കയര്‍ ക്രാഫ്റ്റ് ഷോപ്പി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കയര്‍ മേഖലയില്‍ നാലു ലക്ഷം തൊഴിലാളികളാണ് ജോലി നോക്കുന്നത്. ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. തൊഴിലാളികള്‍ക്ക് ന്യായമായ സേവന-വേതന വ്യവസ്ഥ ഉറപ്പാക്കുകയും അവരുടെ അധ്വാനം കുറച്ച് ഉദ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ കൂടുതല്‍ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തില്‍ മേഖലയില്‍ യന്ത്രവത്ക്കരണം കൂടി നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്തെന്ന് അദ്ദേഹം പറഞ്ഞു. 

കടുതല്‍ ഉത്പാദനമുണ്ടാക്കുന്നതിനൊപ്പം കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതും പ്രധാന വെല്ലുവിളിയുമായി മാറിയിരിക്കുകയാണ്. ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണി കൂടി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കൊണ്ടു മാത്രമേ ഉത്പാദന-വിപണന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 77.93 ലക്ഷമായിരുന്നു കയറ്റുമതി വരവ്. തുടര്‍ന്നുള്ള ഇക്കാലയളവില്‍ രണ്ടുകോടി 69 ലക്ഷത്തി അറുപത്തിമൂവായിരം രൂപയാണ് കയറ്റുമതി വരവ്. 10 കോടി രൂപയാണ് കയറ്റുമതി ലക്ഷ്യമെങ്കിലും 2013 മാര്‍ച്ച് 31-ന് മുമ്പ് അതു അഞ്ചു കോടി രൂപയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കയര്‍ കോര്‍പറേഷന്റെ നവീകരിച്ച വെബ് സൈറ്റ് തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. കൌണ്‍സിലര്‍ ശാസ്തമംഗലം ഗോപന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, മാനേജിംഗ് ഡയറക്ടര്‍ ജി.എന്‍.നായര്‍, കയര്‍ വികസന ഡയറക്ടര്‍ ഡോ.കെ.മദനന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ ഡോ.കെ.ആര്‍.അനില്‍, കയര്‍ കോര്‍പറേഷന്‍ മുന്‍ എംഡി പി.വി.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം