മഞ്ഞുമല ഇടിഞ്ഞു വീണ് 6 സൈനികര്‍ മരിച്ചു

December 17, 2012 ദേശീയം

ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് ആറ് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ഒരാളെ കാണാതായി. രാവിലെ 6.13 ന് ഫനീഫ് സബ് സെക്ടറിലാണ് മഞ്ഞുമലയിടിച്ചിലുണ്ടായത്. ഒന്നാം ആസാം റെജിമെന്റില്‍പ്പെട്ട സൈനികരാണു അപകടത്തില്‍പ്പെട്ടതെന്ന് ആര്‍മി വക്താവ് ലഫ്. കേണല്‍ ജെ. എസ്. ബ്രാര്‍ പറഞ്ഞു.

സൈനികര്‍ പോസ്റ്റു മാറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാണാതായ സൈനികനായുള്ളതെരച്ചില്‍ നടക്കുന്നതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ആദ്യമായാണു മഞ്ഞുമല ഇടിയുന്നത്.

1984 ല്‍ നടന്ന സൈനികനടപടിയിലൂടെയാണ് ഇന്ത്യ സിയാച്ചിന്‍ മേഖലയുടെ നിയന്ത്രണം പിടിച്ചത്. കഴിഞ്ഞവര്‍ഷം പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തുണ്ടായ മഞ്ഞിടിച്ചിലില്‍ 100 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം